കൂടുതല്‍ ഓക്സിജന്‍ പ്ലാന്റുകള്‍ അടിയന്തരമായി സ്ഥാപിക്കാന്‍ കലക്ടര്‍ എച്ച്. ദിനേശെന്റ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ല ദുരന്തനിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. തൊടുപുഴ ജില്ല ആശുപത്രിയിലും പീരുമേട് താലൂക്ക്് ആശുപത്രിയിലും ഉടന്‍ പ്ലാന്റുകള്‍ ആരംഭിക്കും.ഇടുക്കി മെഡിക്കല്‍ കോളജിലെ രണ്ടാമത്തെ പ്ലാന്റും ഉടന്‍ തുടങ്ങും. ഇപ്പോള്‍ എറണാകുളത്തുനിന്ന് എത്തിക്കുന്ന ഓക്സിജനെ ആശ്രയിച്ചാണ് ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം. ഉപയോഗം മുമ്ബത്തേക്കാള്‍ പത്തിരട്ടി വര്‍ധിച്ചിട്ടുണ്ട്. വേണ്ടത്ര വേഗത്തില്‍ ഓക്സിജന്‍ സിലിണ്ടര്‍ വിതരണം സാധ്യമാകുന്നില്ല. ഇടുക്കി മെഡിക്കല്‍ കോളജില്‍ പുതിയ ഓക്സിജന്‍ പ്ലാന്റ് പ്രവര്‍ത്തനക്ഷമമായിട്ടുണ്ട്. സ്വകാര്യ ആശുപത്രികളില്‍ അടിയന്തരമായി ഓക്സിജന്‍ പ്ലാന്റ് സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് യോഗം നിര്‍ദേശിച്ചു.പീരുമേട് താലൂക്ക് ആശുപത്രിയില്‍ ബ്ലോക്ക് പഞ്ചായത്തിെന്റ ധനസഹായത്തോടെ ഓക്സിജന്‍ പ്ലാന്റ് സ്ഥാപിക്കാന്‍ തീരുമാനമായിട്ടുണ്ട്. ജില്ല പഞ്ചായത്ത് സഹായത്തോടെ ഇടുക്കിയില്‍ ശേഷി കൂടിയ കേന്ദ്രീകൃത ഓക്സിജന്‍ പ്ലാന്റ് സ്ഥാപിക്കുന്നതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വിതരണം സുഗമമാകും. തൊടുപുഴ ജില്ല ആശുപത്രിയിലും ഇടുക്കി മെഡിക്കല്‍ കോളജിലും കിടക്കകളുടെ എണ്ണം വര്‍ധിപ്പിക്കും. വണ്ടന്മേട് പി.എച്ച്.സിയിലും ഇടുക്കി പാറേമാവ് ആയുര്‍വേദ ആശുപത്രിയിലും അടുത്തഘട്ടത്തില്‍ കിടക്കകള്‍ കൂട്ടും.പ്രധാന മാര്‍ക്കറ്റുകളില്‍ ജനങ്ങള്‍ അനാവശ്യമായി എത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ചിലര്‍ പുറത്തിറങ്ങുക എന്ന ലക്ഷ്യത്തോടെ ഓരോ സാധനം ഓരോ ദിവസവും വന്ന് വാങ്ങുന്നു. ഇതൊഴിവാക്കണം. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് കലക്ടര്‍ പറഞ്ഞു.