ഇന്ത്യയില്‍ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസിന്റെ വകഭേദം ഇന്ന് ബ്രിട്ടനില്‍ ഭീതിയുടെ കരിനിഴല്‍ പരത്തുകയാണ്
ഇന്ത്യന്‍ വകഭേദം പടരുന്നത് അതിവേഗം; കൂടുതല്‍ പടരുന്നയിടങ്ങളില്‍ 50 കഴിഞ്ഞവര്‍ക്ക് ധൃതിപ്പെട്ട് രണ്ടാം വാക്സിന്‍; ബ്രിട്ടണില്‍ സ്വാതന്ത്ര്യ പ്രഖ്യാപനം ഉണ്ടായേക്കില്ല; കോവിഡ് ഭീതി തുടരുമ്ബോള്‍ കോവിഡിനെതിരെ ഇതുവരെ കൈവരിച്ച നേട്ടങ്ങളെയൊക്കെ നിഷ്പ്രഭമാക്കിയേക്കാവുന്ന രീതിയിലാണ് ഈ ഇനം വൈറാസ് ബ്രിട്ടനില്‍ പടര്‍ന്നു പിടിക്കുന്നത്. ഇതോടെ, ഈ ഇനം വ്യാപകമായ ഇടങ്ങളില്‍ 50 കഴിഞ്ഞവര്‍ക്കുള്ള രണ്ടാം ഡോസ് വാക്സിന്‍ നേരത്തേ നല്‍കുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. ഏകദേശം 10 മില്ല്യണ്‍ ആളുകള്‍ക്കാണ് ഇത്തരത്തില്‍ വാക്സിന്റെ രണ്ടാം ഡോസ് നിര്‍ദ്ദിഷ്ട സമയത്തിനും മുന്‍പ് ലഭിക്കുക.ബ്രിട്ടനില്‍ ഒരു മൂന്നാം തരംഗം ഉണ്ടാവുകയാണെങ്കില്‍, അതില്‍ ചികിത്സതേടി ആശുപത്രിയില്‍ എത്തുന്നവരുടെ എണ്ണം കുറയ്ക്കുക എന്ന ഉദ്ദേശത്തോടെയാണ് ഈ നടപടി കൈക്കൊണ്ടിട്ടുള്ളത്. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ 100 ഇരട്ടിവരെയാണ് രോഗവ്യാപനം കൂടിയിട്ടുള്ളത് എന്നത് തികച്ചും ആശങ്കാജനകമാണെന്ന് ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. രോഗവ്യാപനം ഏറ്റവും കടുത്ത രീതിയില്‍ ആയിട്ടുള്ള സ്ഥലങ്ങളില്‍ 17 വയസ്സിനു മുകളിലുള്ളവര്‍ക്ക് വാക്സിന്‍ നല്‍കുന്ന കാര്യവുമ്ബരിഗണനയിലുണ്ടെന്ന് ജോയിന്റ് കമ്മിറ്റി ഓണ്‍ വാക്സിനേഷന്‍ ആന്‍ഡ് ഇമ്മ്യുണൈസേഷന്‍ വക്താവ് അറിയിച്ചു.ഇത്തരത്തില്‍ അതിവേഗം രോഗവ്യാപനം നടക്കുന്ന ഇടങ്ങളില്‍ രോഗപരിശോധനാ സംവിധാനവും വിപുലമാക്കും. അതേസമയം, ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായി പിന്‍വലിച്ചാലും ഇത്തരം ഇടങ്ങളില്‍ പ്രാദേശിക ലോക്ക്ഡൗണുകള്‍ നിലനില്‍ക്കാനുള്ള സാധ്യത സര്‍ക്കാര്‍ തള്ളിക്കളയുന്നില്ല എന്നതും ശ്രദ്ധേയമാണ്. ജൂണ്‍ 21 ന് പ്രഖ്യാപിക്കാനിരിക്കുന്ന സമ്ബൂര്‍ണ്ണ ലോക്ക്ഡൗണ്‍ പിന്‍വലിക്കല്‍ നീട്ടാനുള്ള സാധ്യതയും തള്ളിക്കളയാന്‍ കഴിയില്ല. ഇത്തരത്തില്‍ ലോക്ക്ഡൗണ്‍ നീക്കം ചെയ്യുന്നത് നീട്ടിയേക്കാം എന്ന ചില ശാസ്ത്രജ്ഞന്മാരുടെ പോസ്റ്റുകള്‍ ബോറിസ് ജോണ്‍സന്റെ മുന്‍ ഉപദേഷ്ടാവ് ഡൊമിനിക് കമ്മിങ്സ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്.ഇന്ത്യന്‍ ഇനത്തിന്റെ സാന്നിദ്ധ്യം ഒരാഴ്‌ച്ചകൊണ്ട് ഇരട്ടിയായതാണ് ഇപ്പോള്‍ ബ്രിട്ടനേ ഏറെ ആശങ്കയിലാഴ്‌ത്തുന്നത്. 520 പേരിലായിരുന്നു കഴിഞ്ഞയാഴ്‌ച്ച ഇത് ദൃശ്യമായതെങ്കില്‍ നിലവില്‍ 1,313 കേസുകളാണ് തെളിയിക്കപ്പെട്ടിട്ടുള്ളത്. അതേസമയം, നിലവിലുള്ള വാക്സിനുകള്‍ ഈ പുതിയ ഇനത്തെ ചെറുക്കുന്നതില്‍ ഫലപ്രദമല്ല എന്ന് ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല എന്നതുമാത്രമാണ് ഏക ആശ്വാസം. മരണ നിരക്കും ആശുപത്രിയില്‍ എത്തുന്നവരുടെ എണ്ണവും കുറയ്ക്കാന്‍ ഈ വാക്സിന്‍ സഹായിക്കുന്നുണ്ട് എന്നുതന്നെയാണ് ഇതുവരെയുള്ള അനുഭവങ്ങള്‍ തെളിയിച്ചിട്ടുള്ളത്.നേരത്തേ നിശ്ചയിച്ചതുപ്രകാരം ജൂണ്‍ 21-ന് ലോക്ക്ഡൗണ്‍ പൂര്‍ണ്ണമായി പിന്‍വലിച്ചാല്‍ പോലും, ഇന്ത്യന്‍ വകഭേദം അതിവേഗം വ്യാപിക്കുന്ന ഭാഗങ്ങളീല്‍ പ്രാദേശിക ലോക്ക്ഡൗനുകള്‍ നിലവില്‍ വന്നേക്കുമെന്നാണ് ബോറിസ് ജോണ്‍സണ്‍ നല്‍കിയ സൂചന. രോഗവ്യാപനം കൈവിട്ടുപോകാതിരിക്കാന്‍ ഇത് അത്യാവശ്യമാണെന്ന് ഈ രംഗത്തെ വിദഗ്ദരും പറയുന്നു. എന്നാല്‍, പ്രാദേശിക ലോക്ക്ഡൗണുകള്‍ നടപ്പാക്കുന്നതിനു മുന്‍പായി, ഇത്തരം ഭാഗങ്ങളില്‍ വാക്സിന്‍ പദ്ധതി ത്വരിതപ്പെടുത്താനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്. ഇത് പ്രാദേശിക ലോക്ക്ഡൗണുകള്‍ ഒഴിവാക്കുവാന്‍ സഹായിക്കും എന്നാണ് അനുമാനിക്കപ്പെടുന്നത്.നിലവില്‍ ഇത്തരത്തിലുള്ള ആറ് അഥോറിറ്റി ഏരിയകളാണ് ഈ ലിസ്റ്റില്‍ ഉള്ളത്. ഇതില്‍ ബോള്‍ട്ടണ്‍, ബെഡ്ഫോര്‍ഡ്, സെഫ്റ്റോണ്‍ ആന്‍ഡ് ബ്ലാക്ക്‌ബേണ്‍, ഡാര്‍വെന്‍ എന്നീ നാല് ഏരിയകളില്‍ ഇന്ത്യന്‍ വകഭേദം അതികഠിനമായി തന്നെ വ്യാപിച്ചിരിക്കുകയാണ്. രാജ്യവ്യാപകമായി നോക്കുകയാണെങ്കില്‍ രോഗവ്യാപനതോതില്‍ ഇപ്പോഴും കാര്യമായ വര്‍ദ്ധനവ് ഉണ്ടായിട്ടില്ല എന്നത് ആശ്വാസം പകരുന്ന കാര്യമാണ്. എന്നാല്‍, ഇത്തരം ചില ഭാഗങ്ങളിലെ വ്യാപനം കാര്യക്ഷമമായി തടഞ്ഞില്ലെങ്കില്‍ അത് രാജ്യവ്യാപകമായേക്കാം എന്ന ആശങ്കയും ഉണ്ട്.