ഇറ്റാലിയന്‍ ലീഗിലെ ആവേശപ്പോരില്‍ ഇന്‍റര്‍ മിലാനെതിരെ യുവന്‍റസിന് ജയം

0

ആവേശം അവസാന മിനുട്ട് വരെ വീണ്ടു നിന്ന പോരാട്ടത്തില്‍ ഇന്റര്‍ മിലാനെ രണ്ടിനെതിരെ മൂന്ന് ഗോളിനാണ് യുവന്‍റസ് വീഴ്ത്തിയത്. ചാമ്ബ്യന്‍സ് ലീഗ് യോഗ്യത ഉറപ്പിക്കാന്‍ യുവന്റസിന് ജയം അനിവാര്യമായിരുന്നു. മൂന്ന് പെനാല്‍ട്ടികളും അഞ്ച് ഗോളുകളും രണ്ട് ചുവപ്പ് കാര്‍ഡുകളും കൊണ്ട് ആവേശകരമായ മത്സരത്തിലാണ് ഈ വര്‍ഷത്തെ ലീഗ് ചാമ്ബ്യന്‍മാരെ യുവന്റസ് മലര്‍ത്തിയടിച്ചത്.തങ്ങളുടെ സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ യുവന്റസാണ് ആദ്യം മുന്നിലെത്തിയത്. മത്സരത്തിന്റെ 24ാം മിനുട്ടില്‍ യുവന്റസ് പ്രതിരോധനിര താരം കില്ലെനിയെ ഇന്റര്‍ താരം ബോക്സിനുള്ളില്‍ വീഴ്ത്തിയതിന് റഫറി വാര്‍ പരിശോധനക്ക് ശേഷം പെനാള്‍ട്ടി അനുവദിക്കുകയായിരുന്നു. കിക്കെടുത്ത സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ‌യുടെ ഷോട്ട് ഇന്റര്‍ ഗോള്‍കീപ്പര്‍ രക്ഷപെടുത്തിയെങ്കിലും റീ ബൗണ്ടില്‍ നിന്ന് ഗോള്‍ നേടി താരം തന്റെ ടീമിനെ മുന്നിലെത്തിച്ചു. 10 മിനുട്ടുകള്‍ക്ക് ശേഷം മറ്റൊരു പെനാല്‍ട്ടിയിലൂടെ ഇന്റര്‍ തിരിച്ചടിച്ചു. ഇന്റര്‍ താരം ലുവതാരോ മാര്‍ട്ടിനസിനെ ഡിലൈറ്റ് ബോക്സില്‍ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍ട്ടി, പിഴവുകളില്ലാതെ വലയിലെത്തിച്ച ലുക്കാക്കുവാണ് ഇന്ററിന് മത്സരത്തില്‍ സമനില സമ്മാനിച്ചത്. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ കുവാഡ്രാഡോ നേടിയ മനോഹരമായ ഗോളില്‍ യുവന്റസ് മത്സരത്തില്‍ വീണ്ടും ലീഡെടുത്തു. രണ്ടാം പകുതി തുടങ്ങി പത്ത് മിനുട്ട് പിന്നിട്ടപ്പോഴേക്കും യുവന്റസിന് വീണ്ടും തിരിച്ചടി കിട്ടി. മത്സരത്തില്‍ രണ്ടാം മഞ്ഞക്കാര്‍ഡും അതിലൂടെ ചുവപ്പ് കാര്‍ഡും കണ്ട് യുവന്റസ് താരം ബെന്റാകൂര്‍ കളത്തില്‍ നിന്നും പുറത്ത് പോകേണ്ടിവന്നു. ഇതോടെ പത്ത് പേരായി ചുരുങ്ങിയെങ്കിലും യുവന്റസിന്റെ പോരാട്ട വീര്യത്തെ ബാധിച്ചില്ല. ഇരു‌ടീമുകളും വാശിയോടെ പോരാട്ടം തുടര്‍ന്നെങ്കിലും വീണ്ടുമൊരു ഗോള്‍ പിറന്നത് 83ാം മിനുട്ടിലായിരുന്നു. യുവന്റസ് താരം കില്ലെനിയുടെ സെല്‍ഫ് ഗോള്‍. നാടകീയ നിമിഷങ്ങള്‍ക്കൊടുവില്‍ വാര്‍ പരിശോധനക്ക് ശേഷമാണ് റഫറി ആ ഗോള്‍ ഇന്ററിന് അനുവദിച്ചത്. എതിര്‍ ടീമിന്റെ ദാനമായി കിട്ടിയ ഗോള്‍ മത്സരത്തില്‍ ഒപ്പമെത്താന്‍ ഇന്ററിനെ സഹായിച്ചു.എന്നാല്‍ ഇന്ററിന്റെ സന്തോഷത്തിന് മൂന്ന് മിനുട്ടിന്റെ ദൈര്‍ഘ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇന്റര്‍ ഗോള്‍ നേടി മൂന്ന് മിനിട്ടുകള്‍ക്ക് ശേഷം മത്സരത്തില്‍ വീണ്ടുമൊരു പെനാല്‍ട്ടി കൂടി സംഭവിച്ചു. കുവാഡ്രാഡോയെ ബോക്സിനുള്ളില്‍ വെച്ച്‌ പെരിസിച്ച്‌ ഫൗള്‍ ചെയ്തതിന് യുവന്റസിന് അനുകൂലമായിട്ടായിരുന്നു ഈ പെനാല്‍ട്ടി. കിക്കെടുക്കാനെത്തിയത് കുവാഡ്രോ തന്നെയായിരുന്നു. നിര്‍ണായക നിമിഷത്തില്‍ ലഭിച്ച പെനാല്‍ട്ടി യാതൊരു സമ്മര്‍ദ്ദവുമില്ലാതെ ലക്ഷ്യത്തിലെത്തിച്ച താരം യുവന്റസിന്റെ വിജയവും ഉറപ്പാക്കി. ഇഞ്ചുറി സമയത്ത് മത്സരത്തിലെ തന്റെ രണ്ടാം മഞ്ഞക്കാര്‍ഡും അത് വഴി ചുവപ്പ് കാര്‍ഡും വാങ്ങി ബ്രോസോവിച്ച്‌ പുറത്തായതോടെ ഇന്ററും പത്തു പേരുമായാണ് മത്സരം അവസാനിപ്പിച്ചത്.ഇത്തവണത്തെ സീരി എ ജേതാക്കളായ ഇന്റര്‍ മിലാനെതിരെ നേടിയ ഈ വിജയം ലീഗിലെ പോയിന്റ് പട്ടികയില്‍ യുവന്റസിനെ നാലാം സ്ഥാനത്തേക്ക് എത്തിച്ചു. ജയത്തോടെ ചാമ്ബ്യന്‍സ് ലീഗ് പ്രതീക്ഷകളും സജീവമാക്കി നിര്‍ത്താന്‍ യുവന്റസിനായി. ബോളോഗ്നക്കെതിരായ അവസാന ലീഗ് മത്സരത്തില്‍ വിജയം നേടുകയും മറ്റു ടീമുകളുടെ മത്സരഫലങ്ങള്‍ അനുകൂലമാവുകയും ചെയ്താല്‍ ഇക്കുറിയും ക്ലബ്ബിന് ചാമ്ബ്യന്‍സ് ലീഗിലേക്ക് യോഗ്യത നേടാനാകും.

You might also like

Leave A Reply

Your email address will not be published.