ഫുട്ബോള്‍ ഇതിഹാസം മറഡോണയുടെ മരണത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മെഡിക്കല്‍ ബോര്‍ഡ് കണ്ടെത്തല്‍
മറഡോണയുടെ ചികിത്സ സംഘത്തിനെതിരെ ഗുരുതര റിപ്പോര്‍ട്ടാണ് പുറത്ത് വന്നിരിക്കുന്നത്. അനുചിതമായും, അശ്രദ്ധയോടെയുമാണ് ചികിത്സാസംഘം പ്രവര്‍ത്തിച്ചതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. ഇരുപതില്‍ അധികം ഡോക്ടര്‍മാര്‍ അടങ്ങിയ മെഡിക്കല്‍ ബോര്‍ഡ് രണ്ടു മാസത്തോളം പ്രവര്‍ത്തിച്ചാണ് മെഡിക്കല്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. മരണത്തെ കുറിച്ച് അന്വേഷിക്കാന്‍ അര്‍ജന്റീന നീതിന്യായ മന്ത്രാലയം കഴിഞ്ഞ മാര്‍ച്ചിലാണ് ബോര്‍ഡിനെ നിയോഗിച്ചത്. താരത്തിന്റെ മരണത്തെ തുടര്‍ന്ന് കുടുംബഡോക്ടര്‍ ഉള്‍പ്പെടെ ഏഴു പേര്‍ക്കെതിരേ ആരോപണമുയര്‍ന്നിരുന്നു.മാറഡോണയുടെ കുടുംബഡോക്ടറും ന്യൂറോ സര്‍ജനുമായ ലിയോപോള്‍ഡോ ല്യൂക്ക്, മനോരോഗ വിദഗ്ധന്‍ അഗുസ്റ്റിനോ കോസാചോവ്, മനഃശാസ്ത്രജ്ഞന്‍ കാര്‍ലോസ് ഡയസ്, നഴ്സിങ് കോ-ഓര്‍ഡിനേറ്റര്‍, മെഡിക്കല്‍ കോ-ഓര്‍ഡിനേറ്റര്‍ എന്നിവര്‍ക്കെതിരേയാണ് അന്വേഷണം നടന്നത്. അമിതമായ മദ്യവും, മയക്കുമരുന്നും ഉപയോഗിച്ചിരുന്ന താരത്തെക്കുറിച്ചുള്ള മെഡിക്കല്‍ഫോറന്‍സിക് റദ്ദാക്കുവാന്‍ ശ്രമിക്കുമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ ജൂലിയോ റിവാസ് പറഞ്ഞിരിക്കുകയാണ്. ശാസ്ത്രീയത ഇല്ലാത്ത പക്ഷപാതപരമായ റിപ്പോര്‍ട്ടാണിതെന്നാണ് അഭിഭാഷകന്റെ നിലപാട്.