വിപ്ലവ നായിക കെ ആര്‍ ഗൗരിയമ്മയ്‌ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് രാഷ്‌ട്രീയ കേരളം ,കൊവിഡ് പ്രോട്ടോക്കോളില്‍ ഇളവ് നല്‍കി അയ്യങ്കാളി ഹാളില്‍ പൊതുദര്‍ശനം
തിരുവനന്തപുരം അയ്യങ്കാളി ഹാളിലാണ് പൊതുദര്‍ശനം നടക്കുന്നത്. കര്‍ശന കൊവിഡ് മാനദണ്ഡങ്ങള്‍ നിലനില്‍ക്കെ പ്രോട്ടോകോളിന് ഇളവ് അനുവദിച്ച് പ്രത്യേകം ഉത്തരവിറക്കിയാണ് പൊതുദര്‍ശന സൗകര്യം ഒരുക്കിയത്.ഒരു മണിക്കൂര്‍ സമയം അനുവദിച്ചിരിക്കുന്ന പൊതുദര്‍ശനത്തിന് മുന്നൂറ് പേര്‍ക്ക് മാത്രമാണ് പ്രവേശനം എത്തുന്നതെങ്കിലും ഗൗരിയമ്മയെ കാണാന്‍ അതില്‍ കൂടുതല്‍ പേര്‍ എത്തിയേക്കും. ചെങ്കൊടി പുതച്ച് അയ്യങ്കാളി ഹാളിലെ പ്രത്യേകം സജ്ജമാക്കിയ ഇടത്ത് അര്‍ഹമായ യാത്രയയപ്പാണ് തലസ്ഥാന നഗരി കെ ആര്‍ ഗൗരിയമ്മക്ക് നല്‍കുന്നത്.
![](https://assets-news-bcdn.dailyhunt.in/cmd/resize/400x400_80/fetchdata16/images/f1/29/b0/f129b0ffbe4493f1fd7590e8082972d438075b76a7c7e2fa9270eea1ad66ba2e.jpg)
എ വിജയരാഘവനും എം എ ബേബിയും ചേര്‍ന്നാണ് ഗൗരിയമ്മയെ ചെങ്കൊടി പുതപ്പിച്ചത്. ജനപ്രതിനിധികള്‍ അടക്കം ഒട്ടേറെ പേര്‍ അയ്യങ്കാളി ഹാളിലേക്ക് എത്തികൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ള പ്രമുഖരുടെ നിര തന്നെ അന്ത്യോപചാരം അര്‍പ്പിക്കാനായെത്തി.
ഒരു മണിക്കൂറിന് ശേഷം ആലപ്പുഴയിലേക്ക് മൃതദേഹം കൊണ്ടുപോകും. വൈകുന്നേരം ആറ് മണിയ്‌ക്കാണ് സംസ്‌കാര ചടങ്ങുകള്‍ നിശ്‌ചയിച്ചിരിക്കുന്നത്.