അനധികൃതമായി കല്‍ക്കരി ഖനിക്കുളളില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്തുന്നതിനായി നാവികസേനയുടെ സഹായം തേടി മേഘാലയ
12 ദിവസമായി തൊഴിലാളികള്‍ കനിക്കുള്ളില്‍ കുടുങ്ങി കിടക്കുകയാണ്. മേഘാലയയിലെ കിഴക്കന്‍ ജെയ്ന്തിയ ഹില്‍സ് ജില്ലയിലെ ഖനിക്കുളളിലാണ് അഞ്ചുതൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നത്.
ഇത്ര ദിവസമായിട്ടും രക്ഷാപ്രവര്‍ത്തനത്തില്‍ പുരോഗതി ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് നാവികസേനയുടെ സഹായം തേടിയത്. ഡൈനാമിറ്റ് സ്‌ഫോടനത്തെ തുടര്‍ന്ന് വെളളപ്പൊക്കമുണ്ടായതോടെയാണ് ഖനിയില്‍ തൊഴിലാളികള്‍ കുടുങ്ങിയത്. രക്ഷാപ്രവര്‍ത്തനം അതീവ ദുഷ്‌കരമാണെന്നും ജില്ലാ ഭരണകൂടത്തിന്റെയും എന്‍ഡിആര്‍എഫ് ഉള്‍പ്പടെയുളള മറ്റ് ഏജന്‍സികളുടെ പരിശ്രമിച്ചിട്ടും ഇതുവരെ തൊഴിലാളികളെ രക്ഷിക്കാനായില്ലെന്ന് സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചു.എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ്, ഫയര്‍ സര്‍വീസ് എന്നിവയിലെ നൂറോളം രക്ഷാപ്രവര്‍ത്തകരാണ് രക്ഷാദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ജലനിരപ്പ് ഉയര്‍ന്നുനില്‍ക്കുന്നതാണ് വെല്ലുവിളി.
ഖനി ഉടമയെ ദേശീയ ട്രിബ്യൂണലിന്റെ ഉത്തരവ് ലംഘിച്ച് അനധികൃതമായി കല്‍ക്കരി ഖനനം ചെയ്തതിന് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 2014-ലാണ് കല്‍ക്കരി ഖനനത്തിന് ദേശീയ ഹരിത ട്രിബ്യൂണല്‍ നിരോധനം ഏര്‍പ്പെടുത്തിയത്. എന്നാല്‍ അനധികൃതഖനനം പതിവായി നടക്കുന്ന പ്രദേശങ്ങളില്‍ ഒന്നാണ് കിഴക്കന്‍ ജെയ്ന്തിയ ഹില്‍സ് ജില്ല.