മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്‍ണന്‍ സംവിധാനം ചെയ്യുന്ന ‘ആറാട്ട്’ തിയറ്ററുകളിലേക്ക്. പൂജ അവധിദിനങ്ങളില്‍ ചിത്രം തിയറ്ററുകളില്‍ എത്തിക്കാനാണ് നിര്‍മ്മാതാക്കളുടെ തീരുമാനം. ചിത്രം ഒക്ടോബര്‍ 14ന് റിലീസ് ചെയ്യുമെന്ന് ബി ഉണ്ണികൃഷ്‍ണന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.

‘നെയ്യാറ്റിന്‍കര ഗോപന്‍’ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ‘ആറാട്ടി’ല്‍ അവതരിപ്പിക്കുന്നത്. ‘നെയ്യാറ്റിന്‍കര ഗോപന്‍റെ ആറാട്ട്’ എന്നാണ് ചിത്രത്തിന്‍റെ മുഴുവന്‍ ടൈറ്റില്‍. സ്വദേശമായ നെയ്യാറ്റിന്‍കരയില്‍ നിന്നും ഒരു പ്രത്യേക ലക്ഷ്യത്തോടെ ഗോപന്‍ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടര്‍ സംഭവങ്ങളുമാണ് ചിത്രത്തിന്‍റെ പ്ലോട്ട്.
‘ഇട്ടിമാണി മേഡ് ഇന്‍ ചൈന’യ്ക്കു ശേഷം മോഹന്‍ലാല്‍ അഭിനയിക്കുന്ന കോമഡിക്ക് പ്രാധാന്യമുള്ള ചിത്രവുമാണ് ഇത്. ശ്രദ്ധ ശ്രീനാഥ് നായികയാവുന്ന ചിത്രത്തില്‍ നെടുമുടി വേണു, സായ് കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്‍റണി, ഇന്ദ്രന്‍സ്, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങി വലിയ താരനിരയും എത്തുന്നുണ്ട്. കെജിഎഫിലെ ‘ഗരുഡ’ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധനേടിയ രാമചന്ദ്ര രാജുവാണ് മറ്റൊരു ശ്രദ്ധേയ സാന്നിധ്യം.

മോഹന്‍ലാല്‍ നിറഞ്ഞാടി അഭിനയിക്കുന്ന മാസ് മസാല ചിത്രമെന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്ന ഉദയകൃഷ്‍ണ പറഞ്ഞിരിക്കുന്നത്. ചിത്രത്തിന്‍റെ നേരത്തെ പുറത്തെത്തിയ ഫസ്റ്റ് ലുക്കും ടീസറുമൊക്കെ വലിയ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. കൊവിഡ് രണ്ടാംതരംഗത്തില്‍ അനിശ്ചിതത്വം നേരിടുന്ന മലയാളസിനിമാ മേഖലയ്ക്ക് പ്രതീക്ഷയ്ക്ക് വക നല്‍കുന്ന ഒന്നാണ് ‘ആറാട്ടി’ന്‍റെ റിലീസ് പ്രഖ്യാപനം.