അനിൽ ആന്റോ എന്ന് കേൾക്കുമ്പോൾ തന്നെ ആദ്യം മനസ്സിൽ ഓടിയെത്തുന്നത് ഡാർവിന്റെ പരിണാമം എന്ന ചിത്രത്തിലെ പൃഥ്വിയുടെ കഥാപാത്രത്തെയാണ്. ജീവിത ലക്ഷ്യത്തിനായി കൊച്ചിയിലേക്ക് വണ്ടി കയറുന്ന അനിൽ ആന്റോയെ എല്ലാർക്കും അറിയാം, എന്നാൽ റിയൽ ലൈഫിൽ സിനിമ സ്വപ്നങ്ങളുമായി ചാലക്കുടിയിൽ നിന്നും എറണാകുളത്തേക്ക് വണ്ടി കയറിയ ഒരു അനിൽ ആന്റോ ഉണ്ടായിരുന്നു. ചിലപ്പോൾ നീരാളി ജോസ് എന്ന് പറഞ്ഞാൽ മനസ്സിലാവും.
ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത് ദുൽഖർ സൽമാൻ നായകനായി എത്തിയ സെക്കൻഡ് ഷോയിലെ നീരാളി ജോസ് എന്ന കഥാപാത്രത്തിലൂടെയാണ് അനിൽ ആന്റോ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. അത് കഴിഞ്ഞു മമ്മൂട്ടി-ലാൽജോസ് ടീമിന്റെ ഇമ്മാനുവലിൽ മമ്മൂട്ടിയുടെ സഹപ്രവർത്തകനായ ടോണിയെന്ന ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ചു.
എന്നാൽ അനിൽ ആന്റോയുടെ സിനിമയിലേക്കുള്ള യാത്ര തുടങ്ങുന്നത് കുറെ കാലങ്ങൾക്ക് മുമ്പേയാണ്. ജൂനിയർ ആർട്ടിസ്റ്റ് ആയി ആണ് തുടക്കം രാവണപ്രഭു, സായ്‌വർ തിരുമേനി, വിനോദയാത്ര, കളക്ടർ എന്നീ ചിത്രങ്ങളിൽ ജൂനിയർ ആർട്ടിസ്റ്റ് ആയി അഭിനയിച്ചിരുന്നു. ആദ്യം കാലങ്ങളിൽ പലതും ചെറിയ വേഷങ്ങൾ ആയിരുന്നെങ്കിലും സിനിമയിലെ സൗഹൃദം കൊണ്ടും ഇഷ്ടം കൊണ്ടും കൊച്ചിയിൽ തന്നെ സ്ഥാനം ഉറപ്പിച്ചു.
അന്ന് മനോഹരം, ഓർമ്മയുണ്ടോ ഈ മുഖം എന്നി ചിത്രങ്ങളുടെ ഡയറക്ർ അൻവർ സാദ്ദിഖും സൂഫിയും സുജാതയും എന്ന ചിത്രത്തിൻറെ ഡയറക്ടർ ഷാനവാസ് നരണിപ്പുഴ സിനിമാട്ടോഗ്രാഫർമാരായ ഗിരീഷ് ഗംഗാധരൻ, റഹിം തുടങ്ങിയ സുഹൃത്തുക്കളുടെ കൂടെയായിരുന്നു. അന്ന് എല്ലാവരുടെയും തുടക്കകാലമാണ്. പിന്നീട് നിയോ ഫിലിം സ്കൂളിൽ ആക്ടിംഗ് കോഴ്സ് പൂർത്തിയാക്കി. ഒരുപാട് ഹ്രസ്വചിത്രങ്ങളിൽ അഭിനയിച്ചു. അതിലുടെയാണ് സെക്കന്റ് ഷോ’യിലേക്കുള്ള വഴിതുറക്കുന്നത്.
ശേഷം സിനിമയിൽ നിന്ന് ബ്രേക്ക് എടുത്ത് തന്റെ ഫാമിലിയോടൊപ്പം കുറച്ചു കാലം ന്യൂസീലൻഡിൽ ചിലവഴിച്ചു. അവിടെ നിന്നാണ് ‘വൗ നൗ ‘ എന്ന കിവി പ്രൊഡക്ഷൻ ഹൗസിനൊപ്പം ചേർന്ന് സിബി ടി മാത്യൂ എഴുതി സംവിധാനം ചെയ്ത “CULPA” എന്ന ഇംഗ്ലീഷ് ഹ്രസ്വചിത്രം ചെയ്യുന്നത്. അനിൽ ആന്റോയ്ക്കൊപ്പം ലീഡ് റോൾ ചെയ്ത നായിക മുതൽ ക്യാമറയുടെ മുന്നിലും പിന്നിലുമായി ഉണ്ടായിരുന്നവർ എല്ലാം തന്നെ വിദേശ ടെക്നീഷ്യൻസ് ആയിരുന്നു. അനിൽ ആന്റോ വൈദികന്റെ വേഷത്തിൽ എത്തിയ CULPA, സിങ്ക് സൗണ്ടിലാണ് പൂർത്തിയാക്കിയത്. CULPA യിലെ മികച്ച പ്രകടനം വളരെയധികം ശ്രദ്ധിക്കപ്പെട്ടതോടെ, വൗ നൗ പ്രൊഡക്ഷൻ ഹൗസിന്റെ ബാനറിൽ തന്നെ പുറത്തിറങ്ങിയ സിക്സ് എക്സ്കവേഷൻ എന്ന വെബ് സീരീസിലേക്കും അവസരം തുറന്ന് കിട്ടി.ചെറുതും വലുതുമായ ഇരുപതോളം ഹ്രസ്വചിത്രങ്ങളിൽ ഇതുവരെ അനിൽ ആന്റോ അഭിനയിച്ചിട്ടുണ്ട്. അതിൽ ഫ്രാൻസിസ് ജോസഫ് ജീരയുടെ ” പില്ലോ നത്തിങ് ബട്ട് ലൈഫ്” എന്ന ഹ്രസ്വചിത്രമാണ് ദേശീയ-അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെടുകയും ധാരാളം പുരസ്കാരങ്ങൾ നേടുവാനിടയാക്കുകയും ചെയ്തത്.
ഷിബു ആൻഡ്രൂസ് സംവിധാനം ചെയ്ത് പൂർണമായും ന്യൂസീലൻഡിൽ ചിത്രീകരിച്ചു തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും റീലീസിന് ഒരുങ്ങുന്ന അനിൽ ആന്റോ ടൈറ്റിൽ റോളിൽ എത്തുന്ന ‘പപ്പ’യും ആനന്ദ് കൃഷ്ണരാജ് എഴുതി സംവിധാനം ചെയ്യുന്ന ‘RJ മഡോണ’ യുമാണ് ഉടനെ റീലീസ് ആകാൻ പോകുന്ന രണ്ടു സിനിമകൾ. ഡബ്ബിംഗ് പൂർത്തിയായികൊണ്ടിരിക്കുന്ന ‘കമൽ’ എന്ന തെലുങ്ക് ചിത്രത്തിലും അനിൽ ആന്റോ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കൂടാതെ എബിൻ അവിട്ടപ്പള്ളി എഴുതി സംവിധാനം ചെയ്യുന്ന വെട്ട് എന്ന സിനിമയിലും അനിൽ ആന്റോ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുണ്ട്. അന്നൗൻസ് ചെയ്ത മൂന്നോളം ചിത്രങ്ങൾ വേറെയും. ഒരു ചെറിയ ബ്രേക്കിന് ശേഷം വീണ്ടും മലയാള സിനിമയിൽ സജീവമാകുകയാണ് അനിൽ ആന്റോ.