കഴക്കൂട്ടത്തെ എലിവേറ്റഡ് ഹൈവേ 2022 ഏപ്രിലില്‍ പണി പൂര്‍ത്തിയാക്കി ഗതാഗതത്തിന് തുറന്ന് കൊടുക്കാന്‍ സാധിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഗതാഗതകുരുക്ക് ഒഴിവാക്കാന്‍ ലക്ഷ്യമിട്ടുള്ള എലിവേറ്റഡ് ഹൈവേ നിര്‍മ്മാണം അറുപത് ശതമാനം പൂര്‍ത്തിയായിട്ടുണ്ടെന്ന് മന്ത്രി വിലയിരുത്തി. ഹൈവേ നിര്‍മാണം നേരിട്ട് വിലയിരുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ നിര്‍മ്മാണം ഇഴയുന്നതായുള്ള പരാതികളുടെ അടിസ്ഥാനത്തിലാണ് മന്ത്രി നേരിട്ട് സ്ഥലം സന്ദര്‍ശിച്ച് നിര്‍മാണ പുരോഗതി വിലയിരുത്തിയത്. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും എംഎല്‍എ കടകംപള്ളി സുരേന്ദ്രന്‍ അടക്കം ജനപ്രതിനിധികളും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.കഴക്കൂട്ടം മുതല്‍ രണ്ടേ മുക്കാല്‍ കിലോമീറ്ററിലാണ് എലിവേറ്റഡ് ഹൈവേ നിര്‍മ്മാണം നടക്കുന്നത്. രണ്ട് വര്‍ഷം കൊണ്ട് പണി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും നിര്‍മാണം പാതിവഴിയിലാണ്.