കൊല്ലത്തിന്റെ അഭിമാനമായ അഷ്ടമുടി കായലിന്റെ അവസ്ഥയാണ് ഈ കാണുന്നത്

0

പ്ലാസ്റ്റിക് മാലിന്യം ഉൾപ്പടെ കായലിൽ കുന്നു കൂടി കിടക്കുന്നു. അഷ്ടമുടി കായലിന്റെ ഇന്നത്തെ അവസ്ഥ വളരെ മോശമാണ്. കൊല്ലം നഗരത്തിലെ മാലിന്യങ്ങൾ എല്ലാം ഇന്ന് അഷ്ടമുടി കായലിന്റെ നെഞ്ചത്തേയ്ക്കാണ് തള്ളുന്നത്.അഷ്ടമുടി കായലിന്റെ എട്ടുമുടികളുടെയും സൗന്ദര്യം വാഴ്ത്താത്ത കവികളില്ല. പക്ഷേ ഇന്ന് ആ പഴയ സൗന്ദര്യമൊക്കെ വെറും പഴങ്കഥകളായി മാറി. മാലിന്യം തള്ളുന്നതിൽ ആശുപത്രികൾ ഉൾപ്പടെയുള്ള ഒരു വമ്പൻ നിര തന്നെ ഇന്ന് മുന്നിലുണ്ട്. രൂക്ഷമായ മലിനീകരണം മൂലം അഷ്ടമുടിക്കായലിലെ മത്സ്യസമ്പത്ത് കുറയുന്നതായും പല തരത്തിലുള്ള ധാരാളം മത്സ്യങ്ങളും വംശനാശ ഭീഷണി നേരിടുന്നതായും പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

വർഷങ്ങൾ ആയി തുടരുന്ന ഈ അവസ്ഥയ്ക്ക് പരിഹാരം കാണാൻ കൊല്ലത്തെ ഭരിക്കുന്ന ഒരു ഭരണ വർഗ്ഗങ്ങൾക്കും സാധിക്കുന്നില്ല. പലരും വന്ന് പോയി പല പ്രഖ്യാപനങ്ങളും നടത്തുന്നുണ്ടെങ്കിലും ഒന്നും ഫലവത്തായി കണ്ടില്ല. കൊല്ലം മുൻസിപ്പൽ കോർപറേഷൻ അധികാരികൾക്ക് അഷ്ടമുടിയുടെ മലിനീകരണവുമായി ബന്ധപ്പെട്ട് പരിഹാരം കാണാൻ എന്താ സമയം ഇല്ലേ??? കൊല്ലത്തിന്റെ വികസന കാര്യങ്ങൾ പോലും നേരാവണ്ണം ചെയ്യാത്ത ഇവർ ഏറ്റവും പ്രധാനപ്പെട്ട ഈ വിഷയത്തിനെങ്കിലും ഒരു പരിഹാരം കാണാൻ ശ്രമിക്കണ്ടേ??? ഇവരുടെയൊക്കെ കണ്മുന്നിൽ നടക്കുന്ന ഈ സംഭവങ്ങൾക്ക് ഇവർ എന്നാണ് ഒരു പരിഹാരം കാണുക???

📌 അഷ്ടമുടി കായലിന്റെ മാലിന്യ നിർമാർജനവുമായി ബന്ധപ്പെട്ട് പരിസ്ഥിതി സംഘടനകളുടെയും മറ്റും കൂട്ടായ സഹകരണത്തോടെ ബൃഹത്തായ പദ്ധതികൾ ആവിഷ്കരിക്കുക.

📌 അഷ്ടമുടി കായലിലെ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിന് വേണ്ടി പ്രത്യേക ടീമിനെ ചുമതലപ്പെടുത്തി നിശ്ചിതസമയത്തിനുള്ളിൽ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിക്കുക.

📌 മാലിന്യം തള്ളുന്ന ആശുപത്രികൾ ഉൾപ്പെടെയുള്ളവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുക. രാത്രിയുടെ മറവിൽ മാലിന്യം തള്ളുന്നവരെ പിടികൂടാനായി സിസിടിവി പോലുള്ള സംവിധാനങ്ങൾ എത്രയും പെട്ടെന്ന് സ്ഥാപിക്കുക.

📌 കൊല്ലം നഗരത്തിലെ ഓടകളിലൂടെ ഒഴുകുന്ന മാലിന്യങ്ങൾ അഷ്ടമുടിക്കായലിൽ പതിക്കുന്ന തരത്തിലുള്ള ഒരു ചാല് കാലിന് സമീപത്തായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അത് പൂർണമായും അടച്ചുകൊണ്ട് മാലിന്യങ്ങൾ കായലിലേക്ക് വരാത്ത രീതിയിലുള്ള മറ്റു സംവിധാനങ്ങൾ ഉണ്ടാക്കുക.

കായലിന്റെ സംരക്ഷണം നമുക്ക് ഏറ്റവും പ്രധാനപ്പെട്ടതാണ്. മലിനീകരണം കാരണം ദിവസേന നശിച്ചു കൊണ്ടിരിക്കുന്ന നമ്മുടെ അഷ്ടമുടിക്കായലിനെ പഴയരീതിയിൽ കൊണ്ടുവന്നേ മതിയാകൂ. കോർപ്പറേഷൻ അധികാരികൾ എത്രയും പെട്ടെന്ന് തന്നെ ശുചീകരണപ്രവർത്തനങ്ങൾ ആരംഭിക്കേണ്ടതുണ്ട്. അധികാരികൾ എത്രയും പെട്ടെന്ന് തന്നെ ഈ വിഷയത്തിൽ തീരുമാനം എടുക്കണം എന്ന് അപേക്ഷിക്കുകയാണ്.

You might also like
Leave A Reply

Your email address will not be published.