കോവിഡ് വാക്സിന്‍ ഗര്‍ഭിണികളായ സ്ത്രീകള്‍ക്കും നല്‍കാമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് (ICMR)
ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് വളരെ ഉപയോഗപ്രദമായതിനല്‍ അവര്‍ക്ക് കുത്തിവയ്പ്പ് നല്‍കണമെന്നാണ് ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവ അറിയിച്ചിരിക്കുന്നത്.”ഗര്‍ഭിണികള്‍ക്ക് വാക്സിന്‍ നല്‍കാമെന്ന് ആരോഗ്യ മന്ത്രാലയം മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് ഉപയോഗപ്രദമാണ്, അത് നല്‍കണം”. എന്നായിരുന്നു വാക്കുകള്‍. രാജ്യത്തെ നിലവിലെ കോവിഡ് സാഹചര്യം സംബന്ധിച്ച് വിശദീകരിക്കുന്നതിനായി വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ഐസിഎംആര്‍ മേധാവി ഇക്കാര്യം വ്യക്തമാക്കിയത്.മുലയൂട്ടുന്ന സ്ത്രീകള്‍ക്ക് വാക്സിന്‍ സ്വീകരിക്കാമെന്ന് നിര്‍ദേശമുണ്ടെങ്കിലും ഗര്‍ഭിണികളുടെ കാര്യത്തില്‍ ഇതുവരെ തീരുമാനം ഒന്നും ഉണ്ടായിരുന്നില്ല. വാക്സിന്‍റെ ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ സാധാരണയായി ഗര്‍ഭിണികളെ ഉള്‍പ്പെടുത്താത്തതിനാല്‍ സുരക്ഷയും ഫലപ്രാപ്തിയും സംബന്ധിച്ച വിവരങ്ങളുടെ അഭാവമാണ് ഇതിന് കാരണമായി സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ മുന്‍കാല നിലപാടുകളില്‍ നിന്നും വ്യത്യസ്തമായ പുതിയ നിര്‍ദേശമാണ് ഐസിഎംആര്‍ മേധാവി മുന്നോട്ട് വച്ചിരിക്കുന്നത്.ഗര്‍ഭിണികള്‍ക്കുള്ള കുത്തിവയ്പ്പ് സംബന്ധിച്ച് രോഗപ്രതിരോധത്തെക്കുറിച്ചുള്ള ദേശീയ സാങ്കേതിക ഉപദേശക സംഘം (NTGI) ഇക്കഴിഞ്ഞ മെയില്‍ ചര്‍ച്ച ചെയ്തിരുന്നു. നിലവിലെ സാഹചര്യം കണക്കിലെടുത്ത് വാക്സിനേഷനില്‍ നിന്നും ഗര്‍ഭിണികളെ ഒഴിവാക്കി നിര്‍ത്തരുതെന്ന നിര്‍ദേശമാണ് ഇവര്‍ മുന്നോട്ട് വച്ചത്. ഗര്‍ഭിണികളില്‍ വാക്സിനെടുത്താലുണ്ടാകുന്ന വെല്ലുവിളികള്‍ സംബന്ധിച്ചും ചോദ്യങ്ങള്‍ ഉയര്‍ന്നെങ്കിലും വാക്സിന്‍റെ ഗുണങ്ങള്‍ വെല്ലുവിളികളെക്കാള്‍ വളരെ കൂടുതലാണെന്നായിരുന്നു ഈ കമ്മിറ്റി പ്രതികരിച്ചതെന്ന കാര്യവും ഡോ.ഭാര്‍ഗവ വ്യക്തമാക്കി.