ട്വിറ്ററുമായി വീണ്ടും യുദ്ധത്തിനൊരുങ്ങുകയാണ് സംഘ്പരിവാര്‍ നയിക്കുന്ന കേന്ദ്ര സര്‍ക്കാര്‍

0

ഐ ടി നിയമത്തിലെ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന പേരില്‍ പ്രമുഖ മൈക്രോ ബ്ലോഗിംഗ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്ററുമായി കഴിഞ്ഞ കുറേ ദിവസങ്ങളായി ഇടഞ്ഞു നില്‍ക്കുകയായിരുന്നു നരേന്ദ്ര മോദി സര്‍ക്കാര്‍. സമൂഹ മാധ്യമ രംഗത്തെ അതികായരായ ട്വിറ്ററിന് ഐ ടി നിയമത്തിന്റെ സംരക്ഷണം ഇനിയില്ല എന്നാണ് സര്‍ക്കാറിന്റെ പുതിയ തീരുമാനം. റസിഡന്‍സ് ഗ്രീവന്‍സ് ഓഫീസര്‍, നോഡല്‍ ഓഫീസര്‍, ചീഫ് കംപ്ലൈന്‍സ് ഓഫീസര്‍ എന്നീ പദവികളില്‍ എക്‌സിക്യൂട്ടീവുകളെ നിയമിക്കുമ്ബോള്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ ട്വിറ്റര്‍ പരാജയപ്പെട്ടെന്നാണ് കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം ആരോപിക്കുന്നത്. മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ ട്വിറ്റര്‍ മനഃപൂര്‍വം വീഴ്ച വരുത്തിയതിനാല്‍ ഐ ടി നിയമത്തിലെ സെക്്ഷന്‍ 79 പ്രകാരം സോഷ്യല്‍ മീഡിയകള്‍ക്ക് ലഭിക്കുന്ന പരിരക്ഷ ട്വിറ്ററിന് നല്‍കാനാകില്ലെന്നാണ് മന്ത്രാലയം തീര്‍ത്തുപറയുന്നത്.ട്വിറ്ററുമായി കേന്ദ്ര സര്‍ക്കാര്‍ ആദ്യമായി ഏറ്റുമുട്ടുന്നത് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ കാലത്താണ്. ട്വിറ്റര്‍ ഇടതുപക്ഷത്തോടൊപ്പമാണ് നിലനില്‍ക്കുന്നതെന്നും കേന്ദ്ര സര്‍ക്കാറിന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കുന്നില്ലെന്നുമായിരുന്നു ഐ ടി മന്ത്രാലയത്തിന്റെ അന്നത്തെ പരാതി. ഇപ്പോള്‍ നടക്കുന്ന നിയമയുദ്ധം രൂക്ഷമായത് കഴിഞ്ഞ ദിവസം ഏതാനും ട്വീറ്റുകളിലൂടെ കേന്ദ്ര ഐ ടി വകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദ് ട്വിറ്ററിനെതിരെ രംഗത്തെത്തിയതോടെയാണ്. ഐ ടി നിയമം അനുസരിക്കുന്നതില്‍ കമ്ബനി മനഃപൂര്‍വം വീഴ്ചവരുത്തിയെന്നാണ് മന്ത്രി ട്വീറ്റ് ചെയ്തത്. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പതാകവാഹകരായി സ്വയം അവരോധിക്കുന്ന ട്വിറ്റര്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ ധിക്കാരത്തിന്റെ പാത തിരഞ്ഞെടുക്കുന്നത് ആശ്ചര്യകരമാണെന്നും രാജ്യത്തെ നിയമം അനുശാസിക്കുന്ന നടപടികള്‍ സ്വീകരിക്കാന്‍ വിസമ്മതിച്ചുകൊണ്ട് ഉപയോക്താക്കളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ട്വിറ്റര്‍ തയ്യാറാകാത്തത് ആശങ്കയുണ്ടാക്കുന്നതാണെന്നുമായിരുന്നു രവിശങ്കര്‍ പ്രസാദിന്റെ പ്രതികരണം. തങ്ങളുടെ ഇഷ്ടമനുസരിച്ചുള്ള ഉള്ളടക്കങ്ങള്‍ മാത്രം പ്രസിദ്ധീകരിക്കുന്ന ട്വിറ്ററിന്റെ നയം മാധ്യമങ്ങളെ സ്വാധീനിക്കുന്നതാണെന്നും അദ്ദേഹം പരാതിപ്പെട്ടു.
വിവിധ സമൂഹ മാധ്യമങ്ങളുടെ സഹായത്തോടെയാണ് കഴിഞ്ഞ രണ്ട് തവണയും ബി ജെ പി അധികാരത്തിലെത്തിയത്. സമൂഹ മാധ്യമങ്ങളെ നിലക്കുനിര്‍ത്തിയും കേന്ദ്ര സര്‍ക്കാര്‍ അനുകൂലമായി പ്രതിഷ്ഠിച്ചും നാളിതുവരെ കേന്ദ്ര സര്‍ക്കാറും ബി ജെ പി. ഐ ടി സെല്ലും പരിപാലിച്ചു പോന്നത് ഇന്നൊരു രഹസ്യമേയല്ല. അതിനിടയില്‍ സ്വന്തമായി രാഷ്ട്രീയ നിലപാടുകള്‍ പറയാന്‍ ശ്രമിച്ച പല പ്ലാറ്റ്‌ഫോമുകളുടെയും ബിസിനസ്സ് തകര്‍ത്ത് രാജ്യത്ത് സമാധാനത്തോടെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാതെ നിയന്ത്രിക്കാനും സര്‍ക്കാര്‍ ഏജന്‍സികള്‍ ജാഗ്രത പാലിച്ചു. ട്വിറ്ററിലെ ഉള്ളടക്കം മാധ്യമങ്ങളെ വലിയ രൂപത്തില്‍ സ്വാധീനിക്കുമെന്നും അതനുസരിച്ചുള്ള വാര്‍ത്തകള്‍ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രതികൂലമായി ബാധിക്കുമെന്നുമുള്ള കണ്ടെത്തലാണ് ഇപ്പോള്‍ കൊണ്ടുവന്നിട്ടുള്ള നിയന്ത്രണങ്ങളുടെ കാതല്‍.ഐ ടി നിയമത്തിലെ സെക്്ഷന്‍ 79 ഉപയോക്താക്കള്‍ പങ്കുവെക്കുന്ന ഉള്ളടക്കത്തിന്റെ പേരിലുള്ള നിയമ നടപടികളില്‍ നിന്ന് സോഷ്യല്‍ മീഡിയാ കമ്ബനികളെ പരിരക്ഷിക്കുന്നു എന്നതാണ് വാസ്തവം. ഇത്തരം ഉള്ളടക്കമുള്ള സന്ദേശങ്ങള്‍ രചിക്കുക, കൈമാറ്റം ചെയ്യുക, സന്ദേശം സ്വീകരിക്കുന്നയാളെ തിരഞ്ഞെടുക്കുക, സന്ദേശത്തിലെ വിവരങ്ങള്‍ പരിഷ്‌കരിക്കുക തുടങ്ങിയ കാര്യങ്ങളില്‍ സോഷ്യല്‍ മീഡിയ കമ്ബനിക്ക് പങ്കില്ലെങ്കില്‍ മാത്രമാണ് ഈ പരിരക്ഷ ലഭിക്കുന്നത്. ഇതിനര്‍ഥം, ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് ഒരു സന്ദേശം കൈമാറുമ്ബോള്‍ അതിന്റെ ഉള്ളടക്കത്തില്‍ ഒരു തരത്തിലും ഇടപെടാതെ സോഷ്യല്‍ മീഡിയ കമ്ബനി ഒരു മെസഞ്ചറായി മാത്രം പ്രവര്‍ത്തിക്കുമ്ബോഴാണ് നിയമപരമായ നടപടികളില്‍ നിന്ന് സുരക്ഷിതമാകുന്നത്. ട്വിറ്ററിന്റെ ഈ പരിരക്ഷയാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ എടുത്തുകളഞ്ഞത്.
ഐ ടി നിയമത്തിലെ സെക്്ഷന്‍ 79 പ്രകാരം ലഭിക്കുന്ന പരിരക്ഷ ഇല്ലാതായാല്‍, ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുന്ന മുഴുവന്‍ ഉള്ളടക്കത്തിന്റെയും പ്രസാധകരെന്ന നിലയിലാകും കമ്ബനിയെ കണക്കാക്കുക. കുറ്റകരമായ എന്തെങ്കിലും ഉള്ളടക്കം പോസ്റ്റ് ചെയ്യപ്പെട്ടാല്‍ നിയമ, ശിക്ഷാ നടപടികള്‍ക്ക് കമ്ബനിയും ബാധ്യസ്ഥരാകും. ഉദാഹരണത്തിന് ആരെങ്കിലും ഇന്ത്യന്‍ നിയമങ്ങള്‍ ലംഘിക്കുന്നതോ അക്രമത്തിലേക്ക് നയിക്കുന്നതോ ആയ എന്തെങ്കിലും ഉള്ളടക്കം ട്വിറ്ററില്‍ പോസ്റ്റ് ചെയ്താല്‍, ട്വീറ്റ് ചെയ്ത വ്യക്തിക്ക് മാത്രമായിരിക്കില്ല അതിന്റെ ഉത്തരവാദിത്വം. നിയമപരമായ പരിരക്ഷ ലഭിക്കാത്തതിനാല്‍ ട്വിറ്ററും നിയമ നടപടികള്‍ നേരിടാന്‍ ബാധ്യസ്ഥരായിത്തീരും.കൊവിഡ് നിയന്ത്രണത്തിലെ വലിയ വീഴ്ചയും കര്‍ഷക വിരുദ്ധ നിലപാടുകളും രാജ്യത്തുടനീളം കേന്ദ്ര സര്‍ക്കാര്‍ വിരുദ്ധ തരംഗത്തിന് തുടക്കമിട്ട ഒരു സാഹചര്യത്തിലാണ് ട്വിറ്ററിനെതിരെ ഇത്തരമൊരു നീക്കത്തിന് സര്‍ക്കാര്‍ തയ്യാറായത് എന്നത് ശ്രദ്ധേയമാണ്. അന്തര്‍ദേശീയ തലത്തില്‍ രാജ്യത്തെ ഭരണകൂട വീഴ്ചകള്‍ നിരന്തരം വാര്‍ത്തകളില്‍ നിറയുകയും സര്‍ക്കാര്‍ വിരുദ്ധ ട്വിറ്റര്‍ സ്റ്റോമുകള്‍ ഇടക്കിടെ ജനകീയമാകുകയും ചെയ്യുന്നത് വലിയ തലവേദനയാണ് ബി ജെ പി സര്‍ക്കാറിനുണ്ടാക്കിയത്. ഇന്ത്യയിലെ തങ്ങളുടെ ബിസിനസ്സിനെ ബാധിക്കുന്ന രീതിയിലുള്ള നിയമ നീക്കങ്ങള്‍ ഉണ്ടായാല്‍ ട്വിറ്റര്‍ തങ്ങള്‍ക്ക് വഴങ്ങുമെന്ന കണക്കുകൂട്ടലിന്റെ റിസല്‍ട്ട് കൂടിയാണ് ഇപ്പോഴത്തെ തീരുമാനത്തില്‍ കലാശിച്ചത്. ടൂള്‍കിറ്റ് കേസില്‍ ട്വിറ്റര്‍ ഇന്ത്യന്‍ മേധാവി മനീഷ് മഹേശ്വരിയെ മെയ് 31ന് രണ്ട് മണിക്കൂറോളം ബെംഗളൂരുവില്‍ ചോദ്യം ചെയ്ത സംഭവം അന്തര്‍ദേശീയ തലത്തില്‍ തന്നെ വലിയ വാര്‍ത്തയായിരുന്നു. കേന്ദ്ര സര്‍ക്കാറും ട്വിറ്ററും തമ്മില്‍ കടുത്ത അഭിപ്രായ ഭിന്നത നിലനില്‍ക്കുന്നതിനിടെയാണ് കമ്ബനിയുടെ ഇന്ത്യന്‍ മേധാവിയെ ചോദ്യം ചെയ്തതായുള്ള വാര്‍ത്ത പുറത്തുവരുന്നത്. പ്രധാനമന്ത്രിക്കും ബി ജെ പി നേതാക്കള്‍ക്കും എതിരെ കോണ്‍ഗ്രസ് ഉണ്ടാക്കിയെന്ന് ബി ജെ പി ആരോപിക്കുന്ന ടൂള്‍കിറ്റ് കേസിലാണ് ട്വിറ്റര്‍ ഇന്ത്യന്‍ മേധാവിയെ ഡല്‍ഹി പോലീസിലെ പ്രത്യേക സംഘം ചോദ്യം ചെയ്തത്.ആര്‍ എസ് എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവതിന്റെ ഹാന്‍ഡിലില്‍ നല്‍കിയിരുന്ന ബ്ലൂടിക് ജൂണ്‍ ആദ്യവാരം ട്വിറ്റര്‍ നീക്കം ചെയ്തിരുന്നു. പിന്നീട് പുനഃസ്ഥാപിച്ചെങ്കിലും വലിയ വിവാദത്തിന് അത് വഴിയൊരുക്കി. സുരേഷ് ജോഷി, അരുണ്‍ കുമാര്‍, കൃഷ്ണ ഗോപാല്‍ എന്നീ ആര്‍ എസ് എസ് നേതാക്കളുടെ ബ്ലൂടിക്കും ട്വിറ്റര്‍ നീക്കം ചെയ്തിട്ടുണ്ട്. ഇതോടെ സംഘ്പരിവാറിനോട് പരസ്യ പോരിനാണ് ട്വിറ്റര്‍ തുടക്കം കുറിച്ചതെന്ന വാദവും ചിലര്‍ ഉന്നയിക്കുകയുണ്ടായി. ആഴ്ചകള്‍ക്ക് മുമ്ബ് സംഘ്പരിവാര്‍ അനുകൂല നിലപാട് പിന്തുടരുന്ന കങ്കണ റണൗത്തിന്റെ ഹാന്‍ഡില്‍ സസ്പെന്‍ഡ് ചെയ്യാനും ട്വിറ്റര്‍ ധൈര്യം കാണിച്ചു.അതേസമയം, ഇന്ത്യന്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന ഇപ്പോഴത്തെ നീക്കങ്ങളില്‍ വലിയ നിരാശയാണ് ട്വിറ്റര്‍ പ്രകടിപ്പിച്ചത്. ഇന്ത്യയിലെ തങ്ങളുടെ ജീവനക്കാരുടെ കാര്യത്തിലും അഭിപ്രായ സ്വാതന്ത്ര്യത്തിനു മേലുള്ള ഭീഷണിയിലും ആശങ്കയുണ്ടെന്നാണ് ട്വിറ്റര്‍ ഔദ്യോഗികമായി വ്യക്തമാക്കിയത്. കേന്ദ്ര സര്‍ക്കാറിന്റെ ഭീഷണികള്‍ക്ക് മുമ്ബില്‍ ട്വിറ്റര്‍ കീഴടങ്ങുകയും അതനുസരിച്ചുള്ള മാറ്റങ്ങള്‍ കൊണ്ടുവരികയും ചെയ്യുമോ എന്നതാണ് ഇപ്പോഴത്തെ ഏറ്റവും പ്രസക്തമായ ചോദ്യം.

You might also like

Leave A Reply

Your email address will not be published.