ഒരു കൊമ്ബന്‍ തിമിംഗലത്തിന്‍റെ ജഡമാണ് ഇവരുടെ ജീവിതത്തെ മാറ്റിമറിച്ചത്. ജഡത്തില്‍ നിന്നും ലഭിച്ച ആംബര്‍ഗ്രീസ് അഥവാ തിമിംഗല ഛര്‍ദ്ദി കൊണ്ട് സമ്ബന്നരായിരിക്കുകയാണ് മത്സ്യത്തൊഴിലാളികള്‍.
തെക്കന്‍ യെമനിലെ ഏദന്‍ ഉള്‍ക്കടലില്‍ 35 ഓളം മത്സ്യത്തൊഴിലാളികള്‍ മീന്‍ പിടിക്കാനായുള്ള യാത്രയിലായിരുന്നു. പെട്ടെന്നാണ് ഒരു ഭീമന്‍ തിമിംഗലത്തിന്‍റെ ജീര്‍ണ്ണിച്ച ജഡം കണ്ടത്. തുടര്‍ന്ന് അതിനെ കരയ്ക്കടുപ്പിച്ച് മുറിച്ചപ്പോഴാണ് വയറ്റില്‍ വലിയ തോതില്‍ മെഴുകും ചെളിയും കാണപ്പെട്ടത്. പത്ത് കോടിയിലധികം വില വരുന്ന തിമിംഗല ഛര്‍ദ്ദി ആംബര്‍ഗ്രിസ് ആയിരുന്നു ഇത്. സ്‌പേം തിമിംഗലങ്ങളുടെ ഉദരത്തില്‍ സൃഷ്ടിക്കപ്പെടുന്ന മഞ്ഞ നിറത്തിലുള്ള മെഴുക് പോലുള്ള വസ്തുവാണിത്.”തിമിംഗലത്തിന് അടുത്ത് എത്തിയപ്പോള്‍ തന്നെ ഒരു പ്രത്യേക മണം ലഭിച്ചിരുന്നു. അതിനകത്ത് എന്തെങ്കിലും ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചു. കരയ്ക്കടുപ്പിച്ച് മുറിച്ചപ്പോഴാണ് വയറ്റില്‍ ആംബര്‍ഗ്രീസ് കണ്ടെത്തിയത്. മണം അത്ര നല്ലതായിരുന്നില്ലെങ്കിലും അതിന്‍റെ മൂല്യം വലുതായിരുന്നു” ഒരു മത്സ്യത്തൊഴിലാളി ബിബിസിയോട് പറഞ്ഞു.
127 കിലോയോളം വരുന്ന ഈ ഛര്‍ദ്ദില്‍(ആംബര്‍ഗ്രിസ്) വിറ്റു കിട്ടുന്ന പണം തുല്യമായി വീതിച്ചെടുക്കാനാണ് മത്സ്യത്തൊഴിലാളികളുടെ തീരുമാനം. വീട്, കാര്‍, ബോട്ട്, കല്യാണം ഇതൊക്കെയാണ് തൊഴിലാളികളുടെ സ്വപ്നങ്ങള്‍. പാവപ്പെട്ടവരെ സഹായിക്കുമെന്നും മത്സ്യത്തൊഴിലാളികള്‍ പറയുന്നു.ആഡംബര പെര്‍ഫ്യൂം വ്യവസായത്തിലെ പ്രധാന ഘടകങ്ങളിലൊന്നാണ് തിമിംഗല ഛര്‍ദ്ദി. സ്വര്‍ണത്തോളം മൂല്യമുള്ള ആംബര്‍ഗ്രിസ് പ്രധാനമായും സുഗന്ധദ്രവ്യങ്ങള്‍ നിര്‍മ്മിക്കാനാണ് ഉപയോഗിക്കുന്നത്. ഒഴുകുന്ന സ്വര്‍ണമെന്നും വിശേഷിപ്പിക്കുന്ന ഇതിന് മങ്ങിയ ചാരനിറമോ കറുപ്പ് നിറമോ ആകും ഉണ്ടാവുക.