വീട് വിറ്റും ഭാര്യയുടെ സ്വർണ്ണം കൊടുത്തും പൂർത്തിയാക്കിയ സിനിമ; നിർമാതാവിന്റെ കണ്ണീർ വഴികള്‍ താണ്ടി ‘പെർഫ്യൂം’ റിലീസിങ്ങിന്

0

മനോഹരമായ പുഷ്പത്തിൻറെ ഇതളുകളിൽ നിന്നിറ്റുവീഴുന്ന ഒരു തുള്ളി സുഗന്ധം പോലെ ഒരു നിർമ്മാതാവിന്റെ ജീവിതത്തിൽ ബാക്കിയാവുന്ന സുഗന്ധമാണ് ‘പെർഫ്യൂം’ എന്ന സിനിമ. മോത്തി ജേക്കബ് ആണ് ചിത്രത്തിന്റെ നിർമ്മാതാവ്. കനിഹയും പ്രതാപ് പോത്തനും ടിനി ടോമും പ്രധാന വേഷങ്ങളിലഭിനയിച്ച ‘പെർഫ്യൂം’ സംവിധാനം ചെയ്തത് ഹരിദാസാണ്. നഗരജീവിതത്തിലെ ഊഷരതകളിൽ സ്ത്രീകൾ തിരയുന്ന ചില സൗഹൃദ തുരുത്തുകളും അതിലെ കെണികളിൽ പെട്ട് ഉഴറുന്ന നിസ്സഹായതയും ചിത്രം പറയുന്നു. കനിഹ അവതരിപ്പിച്ച അതിശക്തമായ കഥാപാത്രങ്ങളിലൊന്നാണ് പെർഫ്യൂമിലേത്.

കുടുംബ ശൈഥില്യങ്ങളുടെ കഥ സിനിമയാക്കാൻ തുനിഞ്ഞിറങ്ങിയപ്പോൾ അതിന്റെ പര്യവസാനം ഇത്തരമൊരു ദുരന്തം ആയിരിക്കുമെന്ന് നിർമ്മാതാവ് മോത്തി ജേക്കബ് ഒരിക്കലും ചിന്തിച്ചു കാണില്ല. ആരംഭത്തിൽ പലരും പറഞ്ഞു വിശ്വസിപ്പിച്ച ബജറ്റിൻറെ എല്ലാ പരിധികളും കടന്ന് ഷൂട്ടിങ് പുരോഗമിച്ചപ്പോൾ, ഏകദേശം ഒന്നേകാൽ കോടിയിലധികം വില വരുന്ന തൻറെ വീട് പലിശക്കാരന്റെ നിർബന്ധത്തിന് തുച്ഛമായ വിലയ്ക്ക് വിൽക്കേണ്ടി വന്നു. കടം കഴിച്ച് ബാക്കിയുള്ള അധികതുക കണക്കുപറഞ്ഞ് വാങ്ങാൻ പോലും മാനസികമായി തളർന്നുപോയ അദ്ദേഹത്തിന് സാധിച്ചില്ല. ഭാര്യയും രണ്ടു കുട്ടികളും അടങ്ങുന്ന കുടുംബം ഇന്ന് വെള്ളിമാടുകുന്ന് ഉള്ള ഒരു ചെറിയ വാടക വീട്ടിലാണ് കഴിയുന്നത്.

‘ഏകദേശം രണ്ട് ദിവസത്തോളം മാത്രം ഷൂട്ടിങ് ബാക്കിയുള്ളപ്പോൾ സെറ്റിലെ എല്ലാവർക്കും ഭക്ഷണം വാങ്ങാനുള്ള പണം പോലും മോത്തി സാറിൻറെ കയ്യിൽ ഉണ്ടായിരുന്നില്ല . അതോടെ ഷൂട്ടിങ് നിർത്തിവയ്ക്കുമെന്ന അവസ്ഥയായി. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ അദ്ദേഹം തൻറെ വീട്ടിലെത്തി, കരഞ്ഞുകൊണ്ട് ഭാര്യയുടെ കാലിലെ പാദസരത്തിനായ് കെഞ്ചി. അത് വിറ്റുകിട്ടിയ പണം കൊണ്ട് എല്ലാവർക്കും പാരഗണിൽ നിന്ന് ബിരിയാണി വാങ്ങി കൊടുത്തു. പാരഗണിൻറെ മുന്നിലുള്ള ഒരു തട്ടുകടയിൽ നിന്ന് വെറും ഒരു ഗ്ലാസ് ചായയും വടയും മാത്രമാണ് ഞാനും അദ്ദേഹവും അന്ന് കഴിച്ചത്.’- ഷൂട്ടിങ്ങിന്റെ അവസാന ദിവസങ്ങളിലെ അനുഭവങ്ങൾ സിനിമയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായ ശരത് വേദനയോടെ ഓർക്കുന്നു.

ഒരു ചെറിയ സീൻ കൂടി ഷൂട്ട് ചെയ്താൽ പൂർത്തിയാകുമായിരുന്ന സിനിമ പണമില്ലാത്തതിനാൽ കോവിഡിന്റെ വറുതി കാലത്തിന് മുൻപേ പെട്ടിയിലായി. എന്നാൽ മോത്തി ജേക്കബ് എന്ന മനുഷ്യൻറെ പ്രാർത്ഥനകളിൽ എവിടെയോ തെളിഞ്ഞു വന്ന ദൈവസാന്നിധ്യം സിനിമയെ വീണ്ടും അഭ്രപാളികളിൽ എത്തിക്കുകയാണ്.സിനിമയുടെ ഗാന സംവിധായകൻ കൂടിയായ രാജേഷ് ബാബു, പിന്നണി ഗായകനായ സുനിൽകുമാർ , എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ആയ ശരത് എന്നീ കൂട്ടുകാർ ചേർന്ന് ഒരു ദിവസത്തെ ഷൂട്ടിങ്ങും പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകളും പൂർത്തിയാക്കി സിനിമ ഇറക്കാമെന്ന് തീരുമാനിക്കുകയും അതോടൊപ്പം ചിത്രീകരണം പൂർത്തിയാക്കാൻ വേണ്ട എല്ലാ സഹായ സഹകരണങ്ങളും നല്കാമെന്ന് പ്രതാപ് പോത്തനും, ടിനി ടോമും, ദേവി അജിത്തും പ്രവീണയും സമ്മതിക്കുകയും ചെയ്തതോടെ പെർഫ്യൂം എന്ന സിനിമ യാഥാർഥ്യമായി. ചായം തേച്ച മുഖങ്ങൾക്കിടയിൽ കലാകാരന്മാരുടെ മനുഷ്യത്വവും നന്മയും തിരിച്ചറിഞ്ഞ സന്ദർഭങ്ങളായിരുന്നു അത്. കൂടാതെ സംവിധായകനായ ഹരിദാസ്, ക്യാമറ കൈകാര്യം ചെയ്ത സജാദ് മേനോൻ, പ്രൊഡക്ഷൻ കൺട്രോളർ ആയ ഷാജി പട്ടിക്കര എന്നിവരുടെയും നിസ്സീമമായ സഹകരണം ചിത്രത്തിനു ലഭിച്ചു.സിനിമയുടെ മായക്കാഴ്ചകളിൽ കുടുങ്ങി, പലരുടെയും വാക്കുകൾ വിശ്വസിച്ച് എടുത്തുചാടി സ്വന്തം ജീവിതം തന്നെയും നഷ്ടപ്പെട്ടുപോകുന്ന ഇടത്തരം നിർമ്മാതാക്കളുടെ ഒരു പ്രതീകം കൂടിയാണ് മോത്തി ജേക്കബ് എന്ന മനുഷ്യൻ. ഇന്ന് തുച്ഛമായ ദിവസക്കൂലിക്ക് ജോലി ചെയ്ത് ജീവിതം കരുപ്പിടിപ്പിക്കാൻ ബന്ധപ്പെടുന്ന അദ്ദേഹത്തിൻറെ ആത്മസാക്ഷാത്കാരം കൂടിയാണ് ഈ സിനിമയുടെ റിലീസിങ്.ഒരു നിർമ്മാതാവ് സിനിമ ചെയ്യുമ്പോൾ ഏകദേശം 150 ഓളം വരുന്ന ആർട്ടിസ്റ്റുകളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ജീവിതമാണ് കഴിയുന്നത് എന്ന സത്യം നാം വിസ്മരിച്ചു കൂടാ. അതുകൊണ്ടുതന്നെ ഒരു സിനിമ പൂർത്തിയാക്കി വിജയത്തിലെത്തിക്കാനുളള കടമ ഒരു നിർമ്മാതാവിന് മാത്രമല്ല,അതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഓരോ വ്യക്തിയുടെയും ഉത്തരവാദിത്വം കൂടിയാണ്. ഇതിലെ നടന്മാർ അടക്കമുള്ളവർ നൽകിയ അത്തരത്തിലുള്ള ഒരു പിന്തുണ കൊണ്ട് മാത്രമാണ് ഇന്നീ ചിത്രത്തിന് പുറത്തിറങ്ങാൻ സാധിച്ചത്.മോത്തി ജേക്കബ് പ്രൊഡക്ഷൻസിൻറെയും നന്ദന മുദ്ര ഫിലിംസിൻറെയും ബാനറിൽ ഒടിടി പ്ലാറ്റ്ഫോമിൽ ഉടൻ ഇറങ്ങാനിരിക്കുന്ന ഈ സിനിമയിൽ മലയാള ഗാനരചനാരംഗത്തെ കുലപതിയായ ശ്രീകുമാരൻതമ്പി സാറിനോടൊപ്പം പുതുമുഖ ഗാനരചയിതാക്കൾ ആയ സുധീ, അഡ്വ. ശ്രീരഞ്ജിനി, സുജിത്ത് കാറ്റോട് എന്നിവരും ഗാനരചന നിർവഹിച്ചിരിക്കുന്നു.രാജേഷ് ബാബുവിൻറെ ഗാനസംവിധാനത്തിൽ കെ എസ് ചിത്ര, മധുശ്രീ നാരായണൻ, പി. കെ. സുനിൽകുമാർ, രഞ്ജിനി ജോസ് എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിട്ടുള്ളത്. ഈ സിനിമയിലെ നീലവാനം താലമേന്തി എന്ന ഗാനം ഇതിനോടകം തന്നെ വളരെയേറെ ആസ്വാദക ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്.

You might also like

Leave A Reply

Your email address will not be published.