ശ്രീലങ്കന്‍ തീരത്ത് തീപിടുത്തത്തില്‍ പെട്ട സിംഗപ്പൂര്‍ ഉടമസ്ഥതയിലെ എക്‌സ്-പ്രസ്സ് പേള്‍ ചരക്കുകപ്പല്‍ കടലില്‍ മുങ്ങി
കൊളംബോ: തീ നിയന്ത്രണ വിധേയമാക്കിയശേഷം കപ്പലിനെ ആഴക്കടലിലേക്ക് വലിച്ചു നീക്കുന്നതിനിടെയാണ് കപ്പല്‍ മുങ്ങിത്താണത്.തീരത്തിനടുത്തുവെച്ച് തീപിടിച്ച കപ്പല്‍ വലിയ പാരിസ്ഥിതിക പ്രശ്‌നമാണ് ശ്രീലങ്കന്‍ ദ്വീപുകള്‍ക്കുണ്ടാക്കിയത്. കണ്ടെയ്‌നറുകളിലെ രാസവസ്തുക്കള്‍ക്ക് തീപിടിക്കുകയായിരുന്നു. ഭൂരിഭാഗം കണ്ടെയ്‌നറുകളിലേക്കും പടര്‍ന്ന തീ കപ്പലിന് നാശനഷ്ടം വരുത്തിയിട്ടില്ലെ ന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ കപ്പലില്‍ വിള്ളല്‍ വീണ് അകത്തേക്ക് കടല്‍വെളളം കയറിയിരിക്കാമെന്നാണ് ശ്രീലങ്കന്‍ നാവിക സേന സംശയിക്കുന്നത്.തീരത്തു നിന്നും 600 മീറ്ററോളം മാറ്റി കപ്പലിനെ നങ്കൂരമിട്ടു നിര്‍ത്താനും കപ്പലിലെ കണ്ടെയ്‌നറുകള്‍ നീക്കം ചെയ്യാനുമായിരുന്നു പദ്ധതിയിട്ടിരുന്നത്. കുത്തനെ താഴേക്ക് മുങ്ങിയ കപ്പല്‍ 21 മീറ്റര്‍ ആഴത്തിലാണ് കടലിന്റെ അടിത്തട്ടില്‍ തട്ടിനില്‍ക്കുന്നതെന്നും നാവികസേന അറിയിച്ചു. മുങ്ങിയ കപ്പിലില്‍ നിന്നും എണ്ണ കടലില്‍ പരക്കാതിരിക്കാനുള്ള ശ്രമമാണ് നിലവില്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ആകെ 1486 കണ്ടെയ്‌നറുകളാണ് കപ്പലിലുണ്ടായിരുന്നത്. ഇതില്‍ 25 ടണ്‍ നൈട്രിക് ആസിഡും മറ്റ് രാസവസ്തുക്കളുമുണ്ടായിരുന്നു.