ടീമിനെ വീണ്ടും വിജയപീഠത്തിലേറ്റിയതില്‍ സ്‌കലോനിയെന്ന കോച്ചിന്റെ സംഭാവന ഒരിക്കലും വിസ്മരിക്കാനാവില്ല. കാരണം അര്‍ജന്റീനയെ അടിമുടി ഉടച്ചുവാര്‍ത്ത് പുതിയൊരു സംഘത്തെ വളര്‍ത്തിക്കൊണ്ടു വന്നത് നായകന്‍ ലയണല്‍ മെസ്സിയുടെ നാട്ടുകാരന്‍ കൂടിയായ 43കാരനായ സ്‌കലോനിയായിരുന്നു.2018ലെ ലോകകപ്പിലേറ്റ തിരിച്ചടിക്കു ശേഷമാണ് അര്‍ജന്റീന ടീമിന്റെ രക്ഷകനായി അസിസ്റ്റന്റ് കോച്ച് കൂടിയായ സ്‌കലോനിയെ കൊണ്ടുവരുന്നത്. ലോകകപ്പില്‍ വലിയ പ്രതീക്ഷകളുമായെത്തിയ അര്‍ജന്റീന പ്രീക്വാര്‍ട്ടറില്‍ തോറ്റു പുത്താവുകയായിരുന്നു. തുടര്‍ന്നു മുഖ്യ കോച്ചായ ജോര്‍ജെ സാംപോളിയെ പുറത്താക്കുകയായിരുന്നു. സ്‌കലോനി കോച്ചായി വരുമ്ബോള്‍ ആര്‍ക്കും വലിയ പ്രതീക്ഷകളില്ലായിരുന്നു.പൂജ്യത്തില്‍ നിന്നാണ് സ്‌കലോനിയുടെ തുടക്കം. സീനിയര്‍ താരങ്ങളെ മുഴുവന്‍ ഒഴിവാക്കി യുവതാരങ്ങളെ മാത്രം ഉള്‍പ്പെടുത്തി ഒരു ടീമിനെ തിരഞ്ഞെടുക്കുകയാണ് അദ്ദേഹം ആദ്യം ചെയ്തത്. ദേശീയ ലീഗുകളില്‍ മികവ് പ്രകടിപ്പിച്ചവരായിരുന്നു കൂടുതലും. സ്‌കലോനിയുടെ ടീം സെലക്ഷനില്‍ ആരാധകര്‍ പോലും തൃപ്തരായിരുന്നില്ല. എന്നാല്‍ പതിയെ അദ്ദേഹം ആരാധകര്‍ക്കു മേല്‍ തന്റെ വിശ്വാസം നേടിയെയുത്തു.യുവനിരയെ വച്ച് ശരിയായ ടീം കോമ്ബിനേഷന്‍ കണ്ടെത്തുന്നതു വരെ നിരവധി സൗഹൃദ മല്‍സരങ്ങളില്‍ സ്‌കലോനി ടീമിനെ കളിപ്പിച്ചു. തുടര്‍ച്ചയായ കളികള്‍ അര്‍ജന്റീനയെ ഒത്തൊരുമയുള്ള ഒരു സംഘമാക്കി വൈകാതെ മാറ്റിയെടുത്തു. പിന്നീട് സ്‌കലോനി ചില സീനിയര്‍ താരങ്ങളെ മാത്രം ടീമിലേക്കു തിരികെ വിളിച്ചു. മെസ്സി, ഒട്ടാമെന്‍ഡി തുടങ്ങി ചുരുക്കം ചിലരെ മാത്രമേ സ്‌കലോനിക്കു ആവശ്യമായിരുന്നുള്ളൂ. യുവത്വത്തിനൊപ്പം ഇവരുടെ പരിചയസമ്ബത്ത് കൂടി ചേര്‍ന്നതോടെ അര്‍ജന്റീന കൂടുതല്‍ മികവുറ്റ ടീമായി മാറി.20018ലെ ലോകകപ്പ് വരെ മെസ്സി അര്‍ജന്റീന ടീമില്‍ പല റോളുകളായിരുന്നു. പ്ലേമേക്കറായും ഗോള്‍ സ്‌കോററായും സെറ്റ് പീസ് സ്‌പെഷ്യലിസ്റ്റായുമെല്ലാം അദ്ദേഹം ടീമിന്റെ എല്ലാമെല്ലാമായിരുന്നു. എന്നാല്‍ സ്‌കലോനി ഈ റോലില്‍ നിന്നും മെസ്സിയെ മുക്തനാക്കി കൂടുതല്‍ ഫ്രീയാക്കുകയായിരുന്നു. കളി മെനയാന്‍ ഡിപോള്‍, റോഡ്രിഗസ്, ഗോണ്‍സാലസ്, ഡിമരിയ എന്നിവരെ അദ്ദേഹം ചുമതലപ്പെടുത്തുകയും ചെയ്തു. ഇതോടെ മെസ്സിക്കു സമ്മര്‍ദ്ദമില്ലാതെ സ്വതസിദ്ധമായ ശൈലിയില്‍ കളിക്കാനും കഴിഞ്ഞു. ഇത് എതിരാളികളുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. മെസ്സിയെ മാര്‍ക്ക് ചെയ്താലും അര്‍ജന്റീനയുടെ മുന്നേറ്റം തടയാനാവില്ലെന്നു ഇതോടെ അവര്‍ക്കും ബോധ്യമായി. അവരുടെ ഈ ആശയക്കുഴപ്പം മുതലെടുത്ത് മെസ്സി തകര്‍ത്തുകളിക്കുകയും ചെയ്തു.
2019ലെ കോപ്പയിലായിരുന്നു സ്‌കലോനിക്കു കീഴില്‍ അര്‍ജന്റീന ആദ്യമായി ഇറങ്ങിയത്. ടൂര്‍ണമെന്റില്‍ ടീമിനെ മൂന്നാംസ്ഥാനത്ത് എത്തിച്ച അദ്ദേഹം അര്‍ജന്റീന ശരിയായ പാതയില്‍ തന്നെയാണെന്നു തെളിയിക്കുകയും ചെയ്തു. ഒടുവില്‍ തന്റെ രണ്ടാം കോപ്പയില്‍ തന്നെ അര്‍ജന്റീനയ്ക്കു കിരീടം നേടിക്കൊടുത്ത സ്‌കലോനി താന്‍ തന്നെയാണ് അര്‍ജന്റീന കാത്തിരുന്ന കോച്ചെന്നു അടിവരയിടുകയാണ്. രണ്ടു വര്‍ഷം നീണ്ട അദ്ദേഹത്തിന്റെ പടയൊരുക്കത്തിന്റെയും പ്ലാനിങിന്റെയും വിജയം കൂടിയാണ് ബ്രസീലിനെതിരേ ഇന്നു മാരക്കാനയില്‍ കണ്ടത്. 2022ലെ ഖത്തര്‍ ലോകകപ്പിന് അര്‍ജന്റീന പൂര്‍ണ സജ്ജരാണെന്ന് കിരീടനേട്ടത്തോടെ സ്‌കലോനി കാണിച്ചു തന്നിരിക്കുകയാണ്.