കാനഡയിലും അമേരിക്കയിലും കത്തിപ്പടരുന്ന ചൂടില്‍ മരിച്ചവരുടെ എണ്ണം 486 ആയി

0

കൊടും ചൂടിനും ഉഷ്ണ തരംഗത്തിനുമൊപ്പം കാട്ടു തീയും പടരുകയാണ്. തീ വ്യാപിക്കുന്നത് കണക്കിലെടുത്ത് പടിഞ്ഞാറന്‍ കാനഡയില്‍ നിന്ന് ആയിരത്തിലധികം പേരെയാണ് മാറ്റി താമസിപ്പിച്ചത്. കഴിഞ്ഞ ദിവസം മാത്രം ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയില്‍ 62 ഇടത്താണ് കാട്ടുതീ റിപ്പോര്‍ട്ട് ചെയ്തത്. വാന്‍കൂവറില്‍ നിന്ന് 250 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ലൈറ്റണിന്റെ 90 ശതമാനവും കത്തിനശിച്ചു കഴിഞ്ഞു.തുടര്‍ന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ബ്രിട്ടീഷ് കൊളംബിയ പ്രീമിയര്‍ ജോണ്‍ ഹൊര്‍ഗാനുമായി സംസാരിക്കുകയും കാനഡ സര്‍ക്കാറിന്റെ പിന്തുണ ലിറ്റണ്‍ ജനതയ്ക്ക് ഉണ്ടാകുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു. അതേസമയം, ആയിരം കൊല്ലത്തിനിടയിലെ ഏറ്റവും കഠിനമായ ചൂടാണ് പ്രവിശ്യയിലെ ലൈറ്റണ്‍ നഗരത്തില്‍ രേഖപ്പെടുത്തിയത്. 49.5 ഡിഗ്രി സെല്‍ഷ്യസ് (121 ഡിഗ്രി ഫാരന്‍ഹീറ്റ്). ലൈറ്റണിന് വടക്ക് കിഴക്കന്‍ ഭാഗത്താണ് തീ പടര്‍ന്നു പിടിക്കുന്നത്. ഇവിടങ്ങളില്‍ താമസിക്കുന്നവര്‍ മറ്റു സ്ഥലങ്ങളിലേക്ക് പലായനം ചെയ്യാനുള്ള ഉത്തരവ് നീട്ടിയിട്ടുണ്ട്.കടുത്ത ചൂടും കാറ്റും ഉഷ്ണതരംഗവുമാണ് തീപ്പിടിത്തത്തിന് ഇടയാക്കിയത്. തീ നിയന്ത്രണവിധേയമല്ലെന്നും വലിയ വലുപ്പത്തിലാണ് തീ പടര്‍ന്നു പിടിക്കുന്നതെന്നുമാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത രണ്ട് ദിവസങ്ങളിലും രാജ്യത്ത് റെക്കോര്‍ഡ് ചൂട് തുടരാന്‍ സാധ്യതയുണ്ടെന്നാണ് കാനഡയിലെ പരിസ്ഥിത വിഭാഗം മുന്നറിയിപ്പ് നല്‍കുന്നത്.അതേസമയം കാനഡയില്‍ ഉഷ്ണതരംഗം മൂലം റിപ്പോര്‍ട്ട് ചെയ്യുന്ന മരണങ്ങള്‍ കുതിച്ചുയരുകയാണ്. കൊടുംചൂടില്‍ കാനഡയിലും യു.എസിലും നൂറുകണക്കിനാളുകളാണ് മരിച്ചുവീഴുന്നത്. കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയില്‍ ഉഷ്ണതരംഗം രൂക്ഷമാകുന്നതിനിടെ 486 പേര്‍ക്കാണ് അപ്രതീക്ഷിതമരണം സംഭവിച്ചത്. വെള്ളിയാഴ്ച മുതല്‍ ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിവരെയുള്ള കണക്കാണിത്.ഇതില്‍ എത്രപേരുടെ മരണത്തിന് ഉഷ്ണതരംഗം കാരണമായെന്ന് ഇപ്പോഴും പറയാറായിട്ടില്ല. എന്നാല്‍, മുന്‍കണക്കുകള്‍ പ്രകാരം പ്രവിശ്യയില്‍ അഞ്ചുദിവസം കൊണ്ട് രേഖപ്പെടുത്തേണ്ട സാധാരണ മരണങ്ങള്‍ ഏകദേശം 165 മാത്രമാണ്. ഈ സ്ഥാനത്താണ് അപ്രതീക്ഷിത മരണം ഇത്രയുമധികം രേഖപ്പെടുത്തിയത്. പ്രവിശ്യയിലെ വാന്‍കൂവര്‍ നഗരത്തിലാണ് കൂടുതല്‍പേര്‍ മരിച്ചത്. ഒട്ടേറെ വീടുകളില്‍ എയര്‍കണ്ടീഷണറില്ലാത്തതും മരണസംഖ്യ കൂട്ടുന്നു.യു.എസിലെ ഒറിഗനില്‍ അറുപതിലേറെപ്പേര്‍ ഉഷ്ണതരംഗത്തില്‍പ്പെട്ട് മരിച്ചതായി ആരോഗ്യവകുപ്പ് ബുധനാഴ്ച അറിയിച്ചു. 20 പേര്‍ വാഷിങ്ടണിലും. ഒറിഗനിലെ 45 മരണങ്ങള്‍ക്കും കാരണമായത് ശരീരതാപനില അസാധാരണമായി ഉയരുന്ന ഹൈപ്പര്‍തെര്‍മിയയാണ്. 44-നും 97-നും ഇടയില്‍ പ്രായമുള്ളവരാണ് ഇവിടെ മരിച്ചത്. ചൂടുയരുന്നത് ഹൃദയാഘാതത്തിനും തളര്‍ച്ചയ്ക്കും കാരണമാകുമെന്നും മുന്നറിയിപ്പുണ്ട്.

You might also like

Leave A Reply

Your email address will not be published.