കോവിഡ് വകഭേദമായ ഡെൽറ്റ വേരിയന്റ് കൊല്ലം ജില്ലയിലും സ്ഥിരീകരിച്ചു. 21 പ്രദേശങ്ങളിലായി 52 ഡെൽറ്റ വേരിയന്റ് കേസുകളാണു കണ്ടെത്തിയത്. 7 യുകെ വേരിയന്റ് കേസുകളും സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഡ് വ്യാപനം ഉയർന്നതിനെത്തുടർന്നാണു ജില്ലയിൽ നിന്നുള്ള രോഗികളുടെ സാംപിളുകൾ ജീൻ പരിശോധനയ്ക്ക് അയച്ചത്.ഡെൽറ്റ വേരിയന്റ് സ്ഥിരീകരിച്ച 52 പേരും നിലവിൽ ചികിത്സയിലുള്ളവരല്ല. ഡെൽറ്റ, യുകെ വേരിയന്റ് സ്ഥിരീകരിച്ചവരുടെ സമ്പർക്കത്തിൽപ്പെട്ട ആളുകളുടെ പട്ടിക തയാറാക്കി പരിശോധന വ്യാപകമാക്കാൻ ഒരുങ്ങുകയാണ് ആരോഗ്യവകുപ്പ്. കരുനാഗപ്പള്ളി, ചവറ, നെടുവത്തൂർ, കുന്നത്തൂർ, കൊല്ലം കോർപ്പറേഷൻ, തൃക്കോവിൽവട്ടം, കലയപുരം, പരവൂർ, നെടുമ്പന, അഞ്ചൽ, കടയ്ക്കൽ, പുനലൂർ, എടത്തറ, ആയൂർ, ഇളമാട്, പിറവന്തൂർ, പത്തനാപുരം, ഉമ്മന്നൂർ, വിളക്കുടി, ചന്ദനത്തോപ്പ്, കുണ്ടറ എന്നിവിടങ്ങളിൽ നിന്നാണു ഡെൽറ്റ വേരിയന്റുകൾ കണ്ടെത്തിയത്.പത്തനാപുരം, പൊഴിക്കര, കാവനാട്, നെടുമ്പന എന്നിവിടങ്ങളിൽ 1 വീതവും പരവൂരിൽ 3 യുകെ വേരിയന്റുകളും കണ്ടെത്തിയിട്ടുണ്ട്. ഇതിൽ ആഴ്ചകളായി ടിപിആർ ഉയർന്നുനിൽക്കുന്ന പ്രദേശങ്ങളാണു കടയ്ക്കൽ, തൃക്കോവിൽവട്ടം തുടങ്ങിയവ. കൂടുതൽ പേരിലേക്കു ഡെൽറ്റ വേരിയന്റുകൾ വ്യാപിച്ചിട്ടുണ്ടോ എന്നതും ആശങ്കയ്ക്കിടയാക്കുന്നുണ്ട്.