ഈ വര്‍ഷം മാര്‍ച്ചിലാണ് ആഗോള വിപണിയില്‍ ഒരു സ്‌റ്റൈലിഷ് എംപിവി കണ്‍സെപ്റ്റ് മോഡല്‍ ഹ്യുണ്ടേയ് അവതരിപ്പിച്ചത്
സ്റ്റാറിയ എന്ന പേരുമായെത്തിയ പ്രീമിയം എംപിവിയുടെ ആകെ മൊത്തം മോഡേണ്‍ ലുക്ക് ശ്രദ്ധ പിടിച്ചു പറ്റി. അതെ സമയം സ്റ്റാറിയ ഒരു തുടക്കം മാത്രം എന്ന് വെളിപ്പെടുത്തി കസ്റ്റോ എംപിവി അവതരിപ്പിക്കാനൊരുങ്ങുകയാണ് ഹ്യുണ്ടേയ്.ഇന്റീരിയറിനെക്കുറിച്ച് ഇതുവരെ വിശദാംശങ്ങളൊന്നുമില്ല എങ്കിലും മൂന്ന് നിരകളിലായി ആറോ ഏഴോ സീറ്റുകളുടെ കോണ്‍ഫിഗറേഷന്‍ കസ്റ്റോ എംപിവിയിലുണ്ടാകും എന്നാണ് റിപോര്‍ട്ടുകള്‍. 1.5 ലിറ്റര്‍ പെട്രോള്‍, 2.0 ലിറ്റര്‍ എഞ്ചിന്‍ എന്നിങ്ങനെ രണ്ട് എഞ്ചിനുകളിലാണ് ഹ്യുണ്ടേയ് കസ്റ്റോ വിപണിയിലെത്തുക. ചൈനയിലെ വ്യവസായ വാര്‍ത്താവിനിമയ മന്ത്രാലയം (എംഐഐടി) നല്‍കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് കസ്റ്റോ എംപിവി ഒരു ഫ്രണ്ട്-വീല്‍ ഡ്രൈവ് വാഹനം ആയിരിക്കും.അവതരണത്തിന് മുന്‍പായി കസ്റ്റോ എംപിവിയുടെ ടീസര്‍ ചിത്രങ്ങള്‍ ഹ്യുണ്ടേയ് പുറത്ത് വിട്ടു. സ്റ്റാറിയയെക്കാള്‍ വലിപ്പം കുറഞ്ഞ എംപിവിയാണ് കസ്റ്റോ. 4,950 മില്ലീമീറ്റര്‍ നീളവും 1,850 മില്ലീമീറ്റര്‍ വീതിയും 1,734 മില്ലീമീറ്റര്‍ ഉയരവുമുള്ളതാണ് കസ്റ്റോ എംപിവി. ഒറ്റനോട്ടത്തില്‍, പുതിയ തലമുറ ട്യൂസോണ്‍ എസ്യുവിയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഹ്യുണ്ടായ് കസ്റ്റോ എംപിവിയുടെ രൂപകല്‍പ്പന ചെയ്തിരിക്കുന്നത് എന്ന് വ്യക്തം. പുതിയ ട്യൂസോണ്‍ എസ്യുവിയ്ക്ക് ഏറെക്കുറെ സമാനമായ ഗ്രില്‍ ആണ് കസ്റ്റോ എംപിവിയ്ക്ക്. ഒപ്പം ഇന്റഗ്രേറ്റഡ് ഡേടൈം റണ്ണിംഗ് ലൈറ്റുകളും വണ്ണം കുറഞ്ഞ എല്‍ഇഡി ഹെഡ്‌ലൈറ്റുകളും കസ്റ്റോ എംപിവിയുടെ മോഡേണ്‍ ലുക്ക് വര്‍ധിപ്പിക്കുന്നു.പുത്തന്‍ ഹ്യുണ്ടേയ് കാറുകളുടെ സ്ഥിരം സാന്നിദ്ധ്യമായ സൈഡ് ക്രീസ് ലൈനുകള്‍ കസ്റ്റോ എംപിവിയിലില്ല എന്നത് ശ്രദ്ധേയമാണ്. കിയ കാര്‍ണിവല്‍ എംപിവിയ്ക്ക് സമാനമായി സ്ലൈഡിങ് പിന്‍ ഡോറുകളാണ് കസ്റ്റോയ്ക്ക് എന്നും ടീസര്‍ ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. കസ്റ്റോയ്ക്ക് പിന്നില്‍ കുത്തനെ ക്രമീകരിച്ചിരിക്കുന്ന എല്‍ഇഡി ടെയില്‍ ലാമ്ബുകള്‍ ആയിരിക്കും എന്നാണ് റിപോര്‍ട്ടുകള്‍. തിരശ്ചീനമായ ഒരു ബാര്‍ ഉപയോഗിച്ച് ഇവ തമ്മില്‍ ബന്ധിപ്പിക്കും.