മമ്മൂട്ടിയുടെ മുഖം വെള്ളിത്തിരയിൽ പതിഞ്ഞിട്ട് ഇന്ന് അരനൂറ്റാണ്ട്. എന്നാൽ മമ്മൂട്ടി നടനായി അരങ്ങേറ്റം കുറിച്ചത് പിന്നെയും 9 വർഷത്തിനു ശേഷം. കെ.എസ്. സേതുമാധവൻ സംവിധാനം ചെയ്ത് സത്യനും ഷീലയും മുഖ്യവേഷങ്ങളിൽ അഭിനയിച്ച ‘അനുഭവങ്ങൾ പാളിച്ചകൾ ’ എന്ന ചിത്രത്തിലാണ് മമ്മൂട്ടിയുടെ മുഖം ആദ്യമായി സിനിമയിൽ തെളിയുന്നത്. 1971 ഓഗസ്റ്റ് 6 നാണ് ഈ ചിത്രം റിലീസ് ചെയ്തത്. സത്യന്റെ അവസാന ചിത്രം മമ്മൂട്ടിയുടെ സ്ക്രീൻടെസ്റ്റായത് ചരിത്രത്തിന്റെ ആകസ്മികത.ഈ സിനിമയിൽ മമ്മൂട്ടിയുടെ കഥാപാത്രത്തിനു പേരോ സംഭാഷണമോ ഇല്ല. ചിത്രത്തിന്റെ ടൈറ്റിൽ കാർഡിലും മമ്മൂട്ടിയുടെ പേരില്ല. ആൾക്കൂട്ടത്തിൽ ഒരാളായി പ്രത്യക്ഷപ്പെട്ട ഈ ചിത്രത്തിലെ പൊടിമീശക്കാരന്റെ ചിത്രം മമ്മൂട്ടി തന്നെ അടുത്തിടെ സാമുഹ്യമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത് വൈറലായിരുന്നു.1980 ൽ റിലീസ് ചെയ്ത എം.ടി വാസുദേവൻ നായരുടെ തിരക്കഥയിൽ ആസാദ് സംവിധാനം ചെയ്ത ‘വിൽക്കാനുണ്ട് സ്വപ്നങ്ങളാണ്’ മമ്മൂട്ടി നടനായി അരങ്ങേറിയ ചിത്രം. ടൈറ്റിലിൽ ആദ്യം പേരു തെളിഞ്ഞതും ഈ സിനിമയിലാണ്. . ഈ ചിത്രത്തിലെ മാധവൻകുട്ടിയെന്ന കഥാപാത്രത്തിൽ നിന്നാണ് മലയാള സിനിമയിലെ മമ്മൂട്ടി യുഗം തുടങ്ങുന്നതും മമ്മൂട്ടി സ്വപ്നങ്ങളുടെ വ്യാപാരിയാകുന്നതും.സ്വന്തം ജീവിതകഥ പറയുന്ന ‘ചമയങ്ങളില്ലാതെ’ എന്ന പുസ്തകത്തിൽ മമ്മൂട്ടി തന്നെ ആദ്യ സിനിമയെന്നു രേഖപ്പെടുത്തിയിരിക്കുന്നത് ‘അനുഭവങ്ങൾ പാളിച്ചകളാണ് ’. ‘‘ചേർത്തലയിലായിരുന്നു ഷൂട്ടിങ്. മേക്കപ്പ്മാൻ കെ.വി. ഭാസ്കരന്റെ സഹായി എന്റെ മുഖത്ത് സ്പ്രേ അടിച്ചു, യൂഡികൊളോൺ . ഞാൻ മുണ്ട് അലക്ഷ്യമായിക്കുത്തി. ഷർട്ടിന്റെ കൈ മുകളിലേക്ക് തെറുത്തുവച്ചു. മുടി ചിതറിയിട്ടു. ഈ റോളിൽ ഷൈൻ ചെയ്തിട്ടു വേണം. കൂടുതൽ അവസരങ്ങൾ നേടാൻ.വലിയ സ്റ്റാറാകാൻ ’’– ആദ്യ സിനിമയുടെ ആവേശം മമ്മൂട്ടി പങ്കുവച്ചത് ഇങ്ങനെയാണ്.അനുഭവങ്ങൾ പാളിച്ചകൾക്കു ശേഷം ചെയ്ത കാലചക്രത്തിൽ മമ്മൂട്ടിക്ക് സംഭാഷണമുള്ള സീനുകളുണ്ട്. പ്രേനസീറിനൊപ്പം അഭിനയിച്ചിട്ടുണ്ട്. ‘‘എനിക്ക് പകരം വന്ന ആളാണല്ലേ ?’ എന്ന് ഈ സിനിമയിൽ നസീർ മമ്മൂട്ടിയുടെ കഥാപാത്രത്തോടു ചോദിക്കുന്നുമുണ്ട്. അഭിനയത്തിന്റെ 50 വർഷ ആഘോഷങ്ങൾക്ക് ഇല്ലെന്നാണ് മമ്മൂട്ടിയുടെ നിലപാട്. മുൻപും സ്ക്രീനിലെ വർഷങ്ങൾ പറഞ്ഞുള്ള ആഘോഷങ്ങളിൽ നിന്നു മമ്മൂട്ടി മാറിനിന്നിട്ടേയുള്ളൂ. അമൽ നീരദിന്റെ ‘ ഭീഷ്മപർവം ’ ആണ് ഇപ്പോൾ അഭിനയിക്കുന്ന ചിത്രം. അതിനായി നീട്ടിയ താടിയും മുടിയും ഒരു വർഷം പിന്നിടുന്നു. ലോക്ഡൗൺ പിന്നിട്ട് ഷൂട്ട് തീർന്നാൽ താടിയെടുത്ത് മുടിയൊതുക്കണം. അതാണ് തൽക്കാലം മമ്മൂട്ടിയുടെ പ്ലാൻ.
Related Posts