കണ്ണൂര്‍ പേരാവൂര്‍ തെറ്റുവഴിയിലെ കൃപാഭവന് പത്ത് ലക്ഷം രൂപ സഹായ സംഭാവന പ്രഖ്യാപിച്ച് ലുലു ഗ്രൂപ്പ്.ഉടന്‍ പണം കൈമാറുമെന്ന് ഗ്രൂപ്പ് ഉടമ വ്യവസായി എം.എ.യൂസഫലി അറിയിച്ചു. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് യൂസഫലിയുടെ സഹായധനം. ഇവിടെ ഒരാഴ്ചയ്ക്കിടെ നാല് അന്തേവാസികളാണ് കൊവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച മൂന്നു പേരും, ശനിയാഴ്ച ഒരാളുമാണ് മരിച്ചത്. കൃപാഭവനില്‍ ആകെയുള്ള 234 പേരില്‍ 100 ഓളം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഭക്ഷണമടക്കം കിട്ടാത്ത സാഹചര്യമാണുള്ളതെന്നും രോഗികളുടെ അവസ്ഥ കൂടുതല്‍ ദയനീയമാവുകയാണെന്നും, മാനസിക രോഗം ഉള്‍പ്പെടെയുള്ളവരുടെ മരുന്നിനും ക്ഷാമം നേരിടുന്നുവെന്നും നടത്തിപ്പുകാര്‍ പറയുന്നു.