‘ക്വിറ്റ് ഇന്ത്യ ‘ സമരത്തിന് 79 വയസ്സ്

0

ബ്രിട്ടീഷ് കോളനി വാഴ്ചയ്ക്കെതിരെ ഇന്ത്യന്‍ ജനതയുടെ അതിഗംഭീര മുന്നേറ്റമായിരുന്നു ക്വിറ്റ് ഇന്ത്യ പ്രക്ഷോഭം.1942 ഓഗസ്റ്റ് ഒന്‍പതിനാണ് ക്വിറ്റ് ഇന്ത്യ പ്രക്ഷോഭങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ബ്രിട്ടീഷുകാര്‍ക്കെതിരെ ഇന്ത്യന്‍ ജനതയെ ഏകോപിപ്പിച്ച് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സാണ് ഗാന്ധിജിയുടെ നേതൃത്വത്തിൽ സമരത്തിന് തുടക്കം കുറിച്ചത്. ഓഗസ്റ്റ് എട്ടിന് ചേർന്ന കോണ്‍ഗ്രസ്സ് പ്രവര്‍ത്തകസമിതി യോഗത്തിലാണ് ക്വിറ്റ് ഇന്ത്യ സമരപ്രഖ്യാപനം നടന്നത്. സമരപ്രഖ്യാപനം നടത്തിയതിന്റെ അടുത്ത ദിവസം തന്നെ (ഓഗസ്റ്റ് 9-ന്) ബ്രിട്ടീഷധികാരികള്‍ ഗാന്ധിജിയെയും മറ്റു പ്രമുഖ നേതാക്കളെയും അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. സമരക്കാരെ അധികാരികള്‍ മർദ്ദനമുറകളിലൂടെ അടിച്ചമര്‍ത്താൻ തുടങ്ങിയതോടെ ഗാന്ധിജിയുടെ അഹിംസാവാദം മറന്ന് ജനങ്ങൾ അധികാരികളെ തിരിച്ചടിച്ചു. രാജ്യമൊട്ടാകെ കലാപങ്ങൾ പൊട്ടിപ്പുറപ്പെട്ടു. ജനങ്ങളുടെ
പ്രക്ഷോഭങ്ങള്‍ക്ക് മുന്നില്‍ പകച്ചുപോയ ബ്രിട്ടീഷ് ഭരണകൂടം ജയിലിനുള്ളിലുള്ളവരെ അതിക്രൂരമായി മർദ്ദിച്ചു. അന്യായമായി ജയിലില്‍ തടഞ്ഞുവച്ചിരിക്കുന്നവരുടെ മോചനത്തിനായി ഗാന്ധിജി 21 ദിവസം ജയിലിനുള്ളില്‍ നിരാഹാരസമരം നടത്തി. ഒടുവിൽ ഗാന്ധിജിയുടെ സമരമാര്‍ഗ്ഗത്തിനു മുന്നില്‍ ബ്രിട്ടീഷുകാര്‍ മുട്ടുകുത്തി.
ഇന്ത്യയില്‍ ബ്രിട്ടീഷ്‌ ഭരണത്തിന്റെ നാളുകള്‍ എണ്ണപ്പെട്ടിരിക്കുന്നുവെന്ന്‌ ബോധ്യപ്പെടുത്താനും അധികാര കൈമാറ്റത്തെക്കുറിച്ച്‌ കൂടിയാലോചനകള്‍ നടത്താനും ഈ സമരത്തിന് സാധിച്ചു.

You might also like

Leave A Reply

Your email address will not be published.