ഇന്ത്യയിലെ കോവിഡ് മൂന്നാം തരംഗം സെപ്റ്റംബറിലോ ഒക്ടോബറിലോ ഉണ്ടാകുമെന്ന് കരുതുന്നില്ലെന്ന് ഡോ. എന്‍. കെ. അരോറ
എന്നാല്‍ വലിയ ആള്‍ക്കൂട്ടങ്ങള്‍ തുടര്‍ച്ചയായി സംഭവിച്ചാല്‍ കോവിഡ് തരംഗത്തെ ആര്‍ക്കും തടുത്തു നിര്‍ത്താനാകില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.നിരവധി ഉത്സവാഘോഷങ്ങള്‍ വരാനിരിക്കേ, ആളുകള്‍ മതപരമായതും സാംസ്കാരികപരമായതുമായ കൂട്ടംചേരലുകള്‍ ഒഴിവാക്കണമെന്ന് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഡോ. അരോറ പറഞ്ഞു.സീറോ സര്‍വേകള്‍ ചൂണ്ടിക്കാണിക്കുന്നത് ഇന്ത്യയില്‍ ഇനിയും വൈറസ് പിടിപെടാത്ത 33 ശതമാനം ജനസംഖ്യയുണ്ടെന്നാണ്. ഓരോ പുതിയ തരംഗവും തീവ്രമായ ഒരു വൈറസ് വ്യതിയാനത്തിലാണ് ആരംഭിക്കുന്നതെന്നും ഇതിനാല്‍ ഇന്ത്യയിലെ ജീനോം നിരീക്ഷണത്തിന്‍റെ വ്യാപ്തി വര്‍ധിപ്പിച്ചിട്ടുണ്ടെന്നും ഡോ. അരോറ പറഞ്ഞു.ഓരോ മാസവും 80,000 ജനിതക വിശകലനം നടത്താനുള്ള ശേഷിയാണ് രാജ്യത്തിനിപ്പോള്‍ ഉള്ളത്. ഓരോ ആഴ്ചയും ഇത് സംബന്ധിച്ച ബുള്ളറ്റിന്‍ പുറത്തിറക്കുന്നുണ്ട്. ഐസിയുകള്‍, വെന്‍റിലേറ്ററുകള്‍, ശിശുരോഗ പരിചരണ കേന്ദ്രങ്ങള്‍ എന്നിവയുള്‍പ്പെടെ അടിസ്ഥാനസൗകര്യ വികസനത്തിലും പുരോഗതിയുണ്ടാകുന്നുണ്ടെന്ന് ഡോ. അരോറ കൂട്ടിച്ചേര്‍ത്തു.