കൊല്ലം പാരിപ്പള്ളി സ്വദേശിയായ സജീർ സൈനുള്ളാബുദ്ദീൻ 12 വർഷങ്ങൾക്ക് ശേഷം പ്ലീസ് ഇന്ത്യ പ്രവർത്തകരുടെ അക്ഷീണ പരിശ്രമത്തിനൊടുവിൽ ജയിൽ മോചിതനായി .
സ്വന്തമായി ഒരു വീട് പോലുമില്ലാത്ത സജീർ 12വർഷങ്ങൾക്ക് മുൻപ് ജീവിത സ്വപ്നങ്ങൾ കെട്ടിപ്പടുക്കുവാനായി ടാക്സി ഡ്രൈവറായി സൗദി അറേബ്യയിൽ എത്തിയതായിരുന്നു.സുലൈമാനിയയിൽ ഉള്ള ഒരു പ്രമുഖ കൺസ്ട്രക്ഷൻ കമ്പനിയിലെ സെക്യൂരിറ്റി ജീവനക്കാരനായ പാകിസ്ഥാനി കൊല്ലപ്പെട്ട കേസിൽ സജീറും കൊല്ലം, തിരുവനന്തപുരം സ്വദേശികളായ മറ്റ് നാല് നിരപരാധികളായ മലയാളികളും അറസ്റ്റിലാവുകയായിരുന്നു.
കൺസ്ട്രക്ഷൻ കമ്പനിയിൽ നിന്നും പണം അടങ്ങിയ ലോക്കർ തട്ടിയെടുക്കുകയും കമ്പനിയിലെ സെക്യൂരിറ്റി ജീവനക്കാരനായ പാകിസ്ഥാനിയെ കൊലപ്പെടുത്തുകയും ചെയ്തു എന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്ന മലയാളികളായ 3 പേർ സജീർ ഉൾപ്പെടെ ഉള്ള നിരപരാധികളായ 5 പേരെ കേസിൽ പെടുത്തി നാട്ടിലേക്ക് കടന്ന് കളയുകയായിരുന്നുവെന്ന് സജീർ പ്ലീസ് ഇന്ത്യയ്ക്ക് നൽകിയ വിവരങ്ങളിൽ പറയുന്നുണ്ട് .ഇവരെ 3 പേരെയും കുറ്റകൃത്യം ചെയ്യാൻ സഹായിച്ചു എന്നാരോപിച്ചാണ് സജീറിനെയും സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്തത്. തെളിവില്ലാത്തതി നാൽ 3 വർഷം മാത്രം ശിക്ഷ ലഭിച്ചതിനാൽ 5 പേരും കുറ്റം സമ്മതിക്കുകയിരുന്നു. എന്നാൽ 12 വർഷം മുതൽ 16 വർഷം വരെ ശിക്ഷാകാലാവധി പിന്നീട് കോടതി നീട്ടുകയായിരുന്നു
കൊല്ലം സ്വദേശികളായ സുൽഫിറഷീദ് , ഷാനവാസ്, തൃശൂർ സ്വദേശി ജലീൽ, തിരുവനന്തപുരം മണനാക്ക് സ്വദേശി വാസു എന്നറിയപ്പെടുന്ന ഷാനവാസ് എന്നിവരാണ് മറ്റ് 4 പേർ. കുറ്റക്കാരായ പ്രതികളെ രക്ഷപ്പെടാൻ സഹായിക്കുക, പണം അടങ്ങിയ ലോക്കർ മോഷ്ടിക്കാൻ സഹായിക്കുക, കൊലപാതകത്തിന് കൂട്ട് നിൽക്കുക എന്നീ കുറ്റങ്ങൾ ചുമത്തിയാണ് 5 പേരെയും കോടതി ശിക്ഷിച്ചത്.ചെയ്യാത്ത കുറ്റത്തിന് 12 വർഷം കാരഗൃഹവാസം അനുഭവിച്ച ശേഷം 3 പേർ ഇതിനോടകം ജയിൽ മോചിതരായി
പ്ലീസ് ഇന്ത്യ ഡിപ്ലോമാറ്റിക് ജനറൽ സെക്രട്ടറി അൻഷാദ് കരുനാഗപ്പള്ളിയെ 4 മാസങ്ങൾക്ക് മുൻപ് സജീർ നേരിട്ട് സഹായ അഭ്യർത്ഥനയുമായി ജയിലിൽ നിന്നും കോൾ ചെയ്യുകയായിരുന്നു.തുടർന്ന് അൻഷാദ് പ്ലീസ് ഇന്ത്യ ചെയർമാൻ ലത്തീഫ് തെച്ചിയുമായി വിഷയം ഗൗരവമായി ചർച്ച ചെയ്യുകയും മീഡിയ കോർഡിനേറ്റർ സുധീഷ അഞ്ചുതെങ്ങിനെ സജീറിന്റെ കുടുംബവുമായി ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിക്കുന്നതിനായി ചുമതലപ്പെടുത്തുകയും ചെയ്തു.സുധീഷ സജീറിന്റെ ബന്ധുക്കളുമായി ബന്ധപ്പെട്ട് ഓതറൈസേഷൻ ലെറ്റർ നോട്ടറി ചെയ്ത് വാങ്ങിക്കുകയും കേസുമായി ബന്ധപ്പെട്ട നാളിതുവരെയുള്ള വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു.
പ്ലീസ് ഇന്ത്യ ചെയർമാൻ ലത്തീഫ് തെച്ചിയുടെ നിർദേശപ്രകാരം തുടർ നടപടികൾക്കായി അൻഷാദ് കേസ് ഡീറ്റൈൽസ് റിയാദ് ഹൈകോർട്ട് വക്കീലായ അൽദോസ്ലിയ്ക്ക് കൈമാറി. സജീറിന്റെ റിലീസ് സാധ്യമാക്കുന്നതിനായി പലതവണ കർജ് ജയിലിലും ഇസ്കാൻ ജയിലിലും അൻഷാദും സുഹൃത്ത് മുനീർ കൊച്ചയ്യത്തും കയറിയിറങ്ങി.ഒടുവിൽ 3 മാസത്തെ നിയമ പോരാട്ടത്തിനൊടുവിൽ സജീറിന് ജയിൽ മോചനത്തിനുള്ള വഴി തെളിഞ്ഞു
43 കാരനായ സജീർ സൈനുള്ളാബുദീൻ കൊല്ലം ജില്ലയിലെ ചാത്തന്നൂർ സ്വദേശിയാണ്. ഉമ്മ ഒസീലയും , ഭാര്യ ഷെമീമയും പെണ്മക്കളായ 14 ഉം 17 ഉം വയസുള്ള അഫ്രാന, അജ്മി എന്നിവരുമാണ് സജീറിന്റെ വേണ്ടപ്പെട്ടവർ.8 വർഷങ്ങൾക്ക് മുൻപ് സജീറിന്റെ പിതാവ് മകനെ കുറിച്ചുള്ള മനോവ്യഥയിൽ അസുഖ ബാധിതനായി മരണപ്പെട്ടു.പിതാവിനെ ഒരു നോക്ക് കാണാൻ കഴിയാതെ ഹതഭാഗ്യനായ സജീർ കാരാഗൃഹത്തിനുള്ളിലായിരുന്നു
ദീർഘനാളത്തെ വ്യാകുലതകൾക്ക് വിരാമമിട്ട് സെപ്റ്റംബർ 1 ന് രാവിലെ 10 മണിക്ക് സജീർ സൈനുള്ളാബുദീനെ പ്ലീസ് ഇന്ത്യ പ്രവർത്തകർ റിയാദിൽ നിന്നും കൊച്ചിയിലേക്ക് ജസീറ എയർവെയ്സിൽ നാട്ടിലേക്കുള്ള ടിക്കറ്റ് നൽകി യാത്രയാക്കി.നാട്ടിലെത്തിയ സജീർ കുടുംബത്തോടൊപ്പം പ്ലീസ് ഇന്ത്യ പ്രവർത്തകർക്ക് നന്ദി അറിയിച്ചു
ലത്തീഫ് തെച്ചിക്കും അൻഷാദ് കരുനാഗപ്പള്ളിയ്ക്കും ഒപ്പം പ്ലീസ് ഇന്ത്യയുടെ ഗ്ലോബൽ നേതാക്കളായ ,സുധീഷ അഞ്ചുതെങ്ങ്, അഡ്വക്കറ്റ് ജോസ് അബ്രഹാം, നീതുബെൻ, അഡ്വക്കറ്റ് റിജിജോയ്, മൂസ്സ മാസ്റ്റർ, വിജയശ്രീരാജ്, റബീഷ് കോക്കല്ലൂർ ,തുടങ്ങിയവർ വിവിധ ഘട്ടങ്ങളിലായി സഹായവുമായി കൂടെ ഉണ്ടായിരുന്നു.
ഈ കേസുമായി ബന്ധപ്പെട്ട് ജയിൽ ശിക്ഷ അനുഭവിക്കുന്ന മറ്റൊരു മലയാളിയായ കൊല്ലം സ്വദേശി സുൽഫി റഷീദിന്റെ മോചനത്തിനായി കേരളത്തിൽ നിന്നും അദ്ദേഹത്തിന്റെ ബന്ധുക്കൾ പ്ലീസ് ഇന്ത്യയെ സമീപിച്ചതായും സുൽഫി റഷീദിന്റെ മോചനത്തിനായുള്ള നിയമ നടപടികൾ ആരംഭിച്ചതായും ലത്തീഫ് തെച്ചിയും അൻഷാദ് കരുനാഗപ്പള്ളിയും അറിയിച്ചു