യു.എ.ഇയില്‍ ഊദ് മേത്ത ഇന്ത്യന്‍ സ്കൂളാണ് പരീക്ഷ കേന്ദ്രം. വിദ്യാര്‍ഥികള്‍ ഉച്ചക്ക് 12ന് മുമ്ബ് റിപ്പോര്‍ട്ട് ചെയ്യണം. 12.30 മുതല്‍ 3.30 വരെയാണ് പരീക്ഷ.ഉൗദ് മേത്ത സെന്‍റ് മേരീസ് പള്ളിയുടെ എതിര്‍വശത്തുള്ള ഗേറ്റ് നമ്ബര്‍ 4,5,6 എന്നിവ വഴിയായിരിക്കും വിദ്യാര്‍ഥികള്‍ക്ക് സ്കൂളിലേക്ക് പ്രവേശിക്കാന്‍ കഴിയുക. രാവിലെ 9.30 മുതല്‍ ഉച്ചക്ക് 12 വരെയായിരിക്കും പ്രവേശന സമയം. 12 മണിക്ക് ശേഷം എത്തുന്നവരെ പരീക്ഷാകേന്ദ്രത്തിലേക്ക് പ്രവേശിപ്പിക്കില്ല. ഇവിടെ പാര്‍ക്കിങ് സൗകര്യമുണ്ടാവില്ല. സമീപത്തെ പൊതു പാര്‍ക്കിങ്ങില്‍ പരിമിതമായ വാഹനങ്ങള്‍ക്കു മാത്രമേ സൗകര്യമുണ്ടാവൂ. അതിനാല്‍, കുട്ടികളെ ഇറക്കാനും കയറ്റാനും മാത്രമേ രക്ഷിതാക്കള്‍ക്ക് ഇവിടെ അനുമതിയുണ്ടാവൂ. വിദ്യാര്‍ഥികള്‍ക്ക് neet.nta.nic.in എന്ന വെബ്സൈറ്റില്‍നിന്ന് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം. കാര്‍ഡില്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ പതിപ്പിക്കണം. അറ്റന്‍റന്‍സ് ഷീറ്റിലും പാസ്പോര്‍ട്ട് സൈസ് ഫോട്ടോ പതിപ്പിക്കണം. അഡ്മിറ്റ് കാര്‍ഡിനൊപ്പം ഡൗണ്‍ലോഡ് ചെയ്യുന്ന പ്രൊഫോമയില്‍ പോസ്റ്റ് കാര്‍ഡ് സൈസ് (4X6) കളര്‍ ചിത്രം പതിപ്പിക്കണം. ഇത് സെന്‍ററിലെ ഇന്‍വിജിലേറ്റര്‍ക്ക് കൈമാറണം. ഫോട്ടോ പതിപ്പിച്ച പ്രൊഫോമയും പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും ഇല്ലാത്തവരെ പരീക്ഷ എഴുതാന്‍ അനുവദിക്കില്ല. എന്‍.ടി.എയുടെ വെബ്സൈറ്റിലെ മാര്‍ഗനിര്‍ദേശങ്ങളെല്ലാം യു.എ.ഇയിലെ വിദ്യാര്‍ഥികള്‍ക്കും ബാധകമായിരിക്കും. ഒറിജിനല്‍ ഐ.ഡി പ്രൂഫ് കരുതണം. സാധുവായ അഡ്മിറ്റ് കാര്‍ഡില്ലാത്തവരെ പരീക്ഷ ഹാളില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ല. പരീക്ഷ സെന്‍ററില്‍ ശരീരതാപ പരിശോധനയുണ്ടായിരിക്കും. യു.എ.ഇ സര്‍ക്കാറിെന്റ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പരീക്ഷ.മലയാളികള്‍ അടക്കം ഇന്ത്യന്‍ വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും വര്‍ഷങ്ങളായുള്ള ആവശ്യമായിരുന്നു യു.എ.ഇയില്‍ നീറ്റ് പരീക്ഷ കേന്ദ്രം അനുവദിക്കണമെന്നത്. ഇതേതുടര്‍ന്ന് ഇക്കുറി കുവൈത്തിലും യു.എ.ഇയിലുമാണ് കേന്ദ്രം അനുവദിച്ചിരിക്കുന്നത്.