എട്ടാം പതിപ്പിന്റെ ഉദ്ഘാടനമത്സരത്തില്‍ എടികെ 4-2ന് ബ്ലാസ്റ്റേഴ്സിനെ തകര്‍ത്തു. പുതിയ പരിശീലകന് ഇവാന് വുകൊമാനോവിച്ചിനു കീഴില്‍ ബ്ലാസ്റ്റേഴ്സ് ഭേദപ്പെട്ട പ്രകടനം നടത്തിയാണ് കീഴടങ്ങിയത്.ബ്ലാസ്റ്റേഴ്സ് ആദ്യ ഇലവനില്‍ മൂന്നു മലയാളികള്‍ ഇടംപിടിച്ചു. സഹല്‍ അബ്ദുള്‍ സമദിനും കെ.പി. രാഹുലിനും ഒപ്പം ബിജോയിയും പ്ലേയിംഗ് ഇലവണിലെ മലയാളിസാന്നിധ്യമായി. ബ്ലാസ്റ്റേഴ്സിനായി ബിജോയിയുടെ ആദ്യ മത്സരമായിരുന്നു. പന്തടക്കത്തില്‍ ബ്ലാസ്റ്റേഴ്സിനായിരുന്നു ആധിപത്യം. ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ പിഴവുകള്‍ എടുത്തുകാണിക്കുന്നതായിരുന്നു മത്സരം.ആദ്യപകുതിയില്‍ തന്നെ എടികെ മൂന്നു ഗോള്‍ നേടി. ഇതില്‍ രണ്ടു ഗോള്‍ ഹ്യൂഗോ ബൗമസിന്റെ (2′, 39′) വകയായിരുന്നു. രണ്ടാം മിനിറ്റില്‍ ബൗമസ് ബ്ലാസ്റ്റേഴ്സിന്റെ വല കുലുക്കി. 24-ാം മിനിറ്റില്‍ സഹല്‍ അബ്ദുള്‍ സമദ് സമനില നേടി. എന്നാല്‍, റോയ് കൃഷ്ണ (27′) പെനല്‍റ്റി വലയിലാക്കി എടികെയുടെ ലീഡ് തിരിച്ചുപിടിച്ചു. റോയ് കൃഷ്ണയെ ഗോള്‍കീപ്പര്‍ ആല്‍ബിനോ ഗോമസ് ഫൗള്‍ ചെയ്തതിനായിരുന്നു പെനല്‍റ്റി. 39-ാ മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ പിഴവില്‍നിന്നായിരുന്നു ബൗമസിന്റെ രണ്ടാം ഗോള്‍.രണ്ടാം പകുതിയില്‍ ബ്ലാസ്റ്റേഴ്സ് നന്നായി തുടങ്ങിയെങ്കിലും 50-ാം മിനിറ്റില്‍ എടികെ ലീഡ് മൂന്നാക്കി ഉയര്‍ത്തി. ലിസ്റ്റണ്‍ കൊളാകോയാണ് ഗോള്‍ നേടിയത്. ബ്ലാസ്റ്റേഴ്സിനു തിരിച്ചുവരാനുള്ള പ്രതീക്ഷകള്‍ നല്‍കിക്കൊണ്ട് ഹൊര്‍ഹെ ഡിയസ് 69-ാം മിനിറ്റില്‍ ഒരു ഗോള്‍ മടക്കി. തോല്‍വി ഭാരം കുറയ്ക്കാനായി തുടര്‍ന്നു ബ്ലാസ്റ്റേഴ്സ് ശ്രമിച്ചെങ്കിലും എടികെ വലയില്‍ പന്തെത്തിക്കാനായില്ല.