ദുല്‍ഖര്‍ ഞങ്ങളുടെ സൂപ്പര്‍ സ്റ്റാര്‍, കുറുപ്പ് 25 ദിനം കളിക്കും ദുല്‍ഖര്‍ സല്‍മാന്റെ കുറുപ്പിന് വന്‍ പ്രശംസയുമായി ഫിയോക്
തിയേറ്ററുകളെ പൂരപ്പറമ്ബുകളാക്കി മാറ്റിയിരിക്കുകയാണ് കുറുപ്പെന്ന് ഫിയോക് പ്രസിഡന്റ് വിജയകുമാര്‍ പറഞ്ഞു.
മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ഒന്നാം ദിനമാണ് കുറുപ്പിന് ലഭിച്ചിരിക്കുന്നത്.അതേസമയം കഴിഞ്ഞ ദിവസം പറഞ്ഞത് മരക്കാറിന്റെ കാര്യത്തിലും വിജയകുമാര്‍ ആവര്‍ത്തിച്ചു. അടുത്തയാഴ്ച്ച വേറെയും പടം റിലീസുണ്ട്. അതിന് ശേഷം മരക്കാറിന്റെ കാര്യം ആലോചിക്കാമെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ സ്‌ക്രീനും നല്‍കില്ലെന്ന കാര്യം അദ്ദേഹം വീണ്ടും വ്യക്തമാക്കി.
1
കുറുപ്പ് തിയേറ്റുകളെ ശരിക്കും കാത്ത് രക്ഷിച്ചെന്ന് വിജയകുമാര്‍ പറയുന്നു. ഇത്ര നാളത്തെ കണ്ണീരിന് ശേഷം കിട്ടിയ സന്തോഷമാണിത്. ജനങ്ങള്‍ തിയേറ്ററിലേക്ക് ആര്‍ത്തിരമ്ബിയെത്തുന്ന കാഴ്ച്ചയാണ് കുറുപ്പിലൂടെ കാണാന്‍ സാധിക്കുന്നത്. ഇതിലൂടെ ഏറ്റവും അമ്ബരപ്പിക്കുന്ന കാര്യം എന്തെന്നാല്‍, തെക്കന്‍ കേരളത്തില്‍ മഴ പെയ്യുന്നുണ്ട്. അപ്പോഴും ഇവിടെ കുറുപ്പ് ഹൗസ് ഫുള്ളാണ്. ഇതിനപ്പുറം എന്ത് പറയാനാണ് ഉള്ളത്. ദുല്‍ഖര്‍ സല്‍മാന്‍ ഞങ്ങളുടെ സൂപ്പര്‍ സ്റ്റാറാണെന്നും വിജയകുമാര്‍ പറഞ്ഞു. അതേസമയം ഫിയോക് പ്രതീക്ഷിച്ചതിനും അപ്പുറത്തേക്കുള്ള തിരക്കാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. അഞ്ഞൂറില്‍ അധികം ഷോകള്‍ ആദ്യ ദിനം ഹൗസ്ഫുള്ളാവുകയും ചെയ്തു.
2
അതേസമയം മരക്കാറിനും ആന്റണി പെരുമ്ബാവൂരിനെയും പരോക്ഷമായി പരാമര്‍ശിച്ചായിരുന്നു വിജയകുമാര്‍ മറുപടി നല്‍കിയത്. സിനിമ തിയേറ്ററില്‍ കളിച്ച് നല്ല രീതിയില്‍ ഓടിയാലും ലാഭം കിട്ടില്ല എന്ന് കരുതുന്നവര്‍ക്ക് ജനം നല്‍കിയ മറുപടിയാണ് ഇതെന്നും അദ്ദേഹം പറയുന്നു. കുറുപ്പിന്റെ കണക്കുകളും അദ്ദേഹം കൃത്യമായി വിവരിച്ചു. കുറുപ്പിന്റെ ആദ്യ ദിനം ഗംഭീരമാണെന്ന് വിജയകുമാര്‍ പറയുന്നു. 505 തിയേറ്ററുകളാണ് കേരളത്തില്‍ കുറുപ്പ് റിലീസ് ചെയ്തത്. ലോകത്തെമ്ബാടും 1500 സ്‌ക്രീനുകളും ലഭിച്ചു. കേരളത്തില്‍ നിന്ന് മാത്രം ആദ്യ ദിനം 6 കോടി 30 ലക്ഷം രൂപയാണ് ഗ്രോസ് കളക്ഷന്‍ നേടിയത്.
3
മൂന്ന് കോടി അന്‍പത് ലക്ഷമാണ് ആദ്യ ദിനത്തില്‍ നിര്‍മാതാക്കളുടെ ഷെയര്‍. മലയാള സിനിമയിലെ സര്‍വകാല റെക്കോര്‍ഡാണിത്. അടുത്തെങ്ങും ഈ റെക്കോര്‍ഡ് തകര്‍ക്കാന്‍ കഴിയില്ല എന്ന് ഉറപ്പിച്ച് പറയാം. കാരണം ഇത്രമാത്രം തിയേറ്ററുകള്‍ ഇനിവരുന്ന സിനിമകള്‍ക്ക് കിട്ടാന്‍ വലിയ പാടാണ്. ആദ്യ ദിനം മാത്രം 2600 ഷോകളാണ് ഈ 505 തിയേറ്ററുകളില്‍ നടത്തിയത് സിനിമ തിയേറ്ററില്‍ എത്തിക്കുന്നവര്‍ക്ക് ഉള്ള ശുഭസൂചനയാണ് ഇത്. ഒടിടിക്ക് ലാഭം നോക്കി കൊടുക്കണം എന്ന് ചിന്തിക്കുന്നവര്‍ക്കുള്ള മറുപടി ജനം കൊടുക്കുന്നതാണെന്നും വിജയകുമാര്‍ പറഞ്ഞു. പലയിടത്തും അധിക ഷോ കുറുപ്പിന് ഉണ്ടായിരുന്നു.
4
നേരത്തെ ആന്റണി പെരുമ്ബാവൂര്‍ കുറഞ്ഞ സ്‌ക്രീനില്‍ കളിക്കുന്നത് കൊണ്ട് മരക്കാറിന് ലാഭം കിട്ടാന്‍ സാധ്യത കുറവാണെന്ന് പറഞ്ഞിരുന്നു. അതുകൊണ്ടാണ് ഒടിടിക്ക് നല്‍കിയതെന്നും സൂചനയുണ്ടായിരുന്നു. ഒടിടിക്ക് നല്‍കിയാലും പത്ത് കോടിയോളം നഷ്ടം ആന്റണിക്കുണ്ടാവുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. അതുകൊണ്ടാണ് ബ്രോ ഡാഡി അടക്കമുള്ള നാല് ചിത്രങ്ങള്‍ കൂടി ഒടിടിക്ക് നല്‍കി ആ നഷ്ടം നികത്താനായിരുന്നു പ്ലാന്‍. ഇതിലൂടെ ലാഭം കിട്ടുമെന്നും ആന്റണി പ്രതീക്ഷിച്ചിരുന്നു. 90 കോടിയോളമാണ് ഒടിടി ഡീലിലൂടെ മരക്കാറിന് ലഭിക്കുമെന്ന് കരുതിയിരുന്നത്. ബജറ്റ് നൂറ് കോടിയോളമുണ്ടായിരുന്നു. എന്നാല്‍ കുറുപ്പിന്റെ മികച്ച പ്രതികരണം മരക്കാറിന് വലിയ ആശ്വാസമാണ് നല്‍കുന്നത്.
5
25 ദിവസങ്ങള്‍ എങ്കിലും മികച്ച റിപ്പോര്‍ട്ട് നല്‍കി കുറുപ്പ് പോകുമെന്ന് ഉറപ്പാണെന്ന് വിജയകുമാര്‍ പറയുന്നു. അടുത്ത 25 ദിവസത്തിനുള്ളിലാണ് മരക്കാറിന്റെ റിലീസ്. ഡിസംബര്‍ രണ്ടിനാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്. മൂന്നാഴ്ച്ച വിന്‍ഡോയാണ് ചിത്രത്തിനുള്ളത്. അതിന് ശേഷം ചിത്രം ഒടിടിയില്‍ പോകും. അതേസമയം ഇനി മരക്കാര്‍ വരുന്നു എന്ന് പറഞ്ഞ് കൊണ്ട് കുറുപ്പ് തിയേറ്ററില്‍ നിന്നും പിടിച്ച് മാറ്റാന്‍ തിയേറ്റര്‍ ഉടമകള്‍ സമ്മതിക്കില്ല. കാരണം കുറുപ്പ് നേട്ടം കൊയ്യുന്നുണ്ട്. 24ന് സുരേഷ് ഗോപിയുടെ കാവല്‍ എന്ന ചിത്രം കൂടി എത്തുന്നുണ്ട്. ഇതെല്ലാം കൊണ്ട് തന്നെ മരക്കാറിന് വേണ്ടി തിയേറ്ററുകള്‍ എല്ലാം ഒഴിച്ചുകൊടുക്കാന്‍ സാധ്യമല്ലെന്നും വിജയകുമാര്‍ പറഞ്ഞു.
6
കുറുപ്പിന് മികച്ച കളക്ഷന്‍ ലഭിക്കുന്നുണ്ടെങ്കില്‍ അത് തിയേറ്ററില്‍ തന്നെ തുടരും. കുറുപ്പിന് പകരം മരക്കാറാണ് തിയേറ്ററില്‍ എത്തിയിരുന്നതെങ്കില്‍ ഇതിലും വലിയ നേട്ടം കൊയ്യാമായിരുന്നു എന്ന കാര്യത്തില്‍ സംശയമില്ല. പക്ഷേ അന്ന് പറഞ്ഞപ്പോള്‍ അതാരും കേട്ടില്ല. 500 തിയേറ്റര്‍, 15 കോടി ഡെപ്പോസിറ്റ്, 21 ദിവസം മിനിമം റണ്‍ എന്നവ ഞങ്ങള്‍ ഓഫര്‍ ചെയ്തതാണ്. എന്നിട്ടും അവര്‍ അതിന് തയ്യാറായില്ല. അപ്പോഴാണ് കുറുപ്പ് വന്നത്. ഈ പറഞ്ഞതൊക്കെ ഞങ്ങള്‍ കുറുപ്പിന് കൊടുത്തു. അതിന്റെ ഫലമാണ് ഇപ്പോള്‍ കാണുന്നത്. മറ്റുള്ളവര്‍ക്ക് ഇതൊരു പാഠമാകട്ടെ. എന്നാണ് പറയാനുള്ളത്. സിനിമ തിയേറ്ററിനുള്ളതാണ്. അത് തിയേറ്ററില്‍ കളിക്കണം. ഏത് പ്രതിസന്ധിയിലും ജനമെത്തും. നല്ലതാണെങ്കില്‍ വിജയിപ്പിക്കുമെന്നും വിജയകുമാര്‍ പറഞ്ഞു.
7
അതേസമയം തമിഴ്‌നാട്ടിലും ആന്ധ്രപ്രദേശിലും വരെ കുറുപ്പ് മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. രജനീകാന്ത് ചിത്രം അണ്ണാത്തെയുടെ പ്രദര്‍ശനം മാറ്റി തമിഴ്‌നാട്ടില്‍ കുറുപ്പിന്റെ പ്രദര്‍ശനവും ആരംഭിച്ചു. തിരുന്നെല്‍വേലി ഗ്രാന്റ് മുത്തുറാം സിനിമാസിന്റെ ട്വിറ്റര്‍ പേജിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. തമിഴ്‌നാട്ടിലെ എ, ബി സെന്ററിലെല്ലാം അധിക ഷോ ചിത്രത്തിനായി ഒരുക്കിയിട്ടുണ്ട്. രജനീകാന്ത് ചിത്രത്തിനായി ബുക്ക് ചെയ്തിട്ടുള്ളവര്‍ ടിക്കറ്റുമായി എത്തിയാല്‍ പണം നല്‍കാമെന്നും, അല്ലെങ്കില്‍ അതേ ടിക്കറ്റ് ഉപയോഗിച്ച് കുറുപ്പ് കാണാമെന്നും കുറിപ്പില്‍ പറയുന്നു. കേരളത്തില്‍ മാത്രമല്ല പലയിടത്തും ഷോ വര്‍ധിപ്പിച്ച് വരുന്നത് ചിത്രത്തിന് നേട്ടമായി വരുന്നുണ്ട്.