റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് വിരാട് കോഹ്ലി പടിയിറങ്ങിയിരുന്നു.
അതു കൊണ്ടു തന്നെ അടുത്ത വര്‍ഷം മുതല്‍ പുതിയ ക്യാപ്റ്റന് കീഴിലാകും ബാംഗ്ലൂര്‍ കളിക്കുക. എന്നാല്‍ വരും സീസണില്‍ കോഹ്ലിക്ക് പകരം ടീമിന്റെ നായകനാരായിരിക്കുമെന്ന കാര്യത്തില്‍ ഇതു വരെ ബാംഗ്ലൂര്‍ ഫ്രാഞ്ചൈസി തീരുമാനമെടുത്തിട്ടില്ലെന്നാണ് സൂചന.
ബാംഗ്ലൂരിനെ അടുത്ത സീസണില്‍ നയിക്കുക ആരായിരിക്കുമെന്ന കാര്യത്തില്‍ ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നതിനിടെ ഓസ്ട്രേലിയന്‍ വെടിക്കെട്ട് ഓപ്പണര്‍ ഡേവിഡ് വാര്‍ണറായിരിക്കാം ആ സ്ഥാനത്തേക്കെത്തുകയെന്ന് അഭിപ്രായപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഓസ്ട്രേലിയന്‍ സ്പിന്നര്‍ ബ്രാഡ് ഹോഗ്. അടുത്ത സീസണില്‍ വാര്‍ണര്‍ ബാംഗ്ലൂരിലെത്തിയാല്‍ താന്‍ അദ്ഭുതപ്പെടില്ലെന്ന് പറയുന്ന അദ്ദേഹം ബാംഗ്ലൂരിന് മികച്ചൊരു നേതാവിനെ ആവശ്യമാണെന്നും ചൂണ്ടിക്കാട്ടി. കോഹ്ലി ക്യാപ്റ്റന്‍സി ഉപേക്ഷിച്ചതിനാല്‍ മികച്ച ക്യാപ്റ്റന്‍സി റെക്കോര്‍ഡുള്ള ഡേവിഡ് വാര്‍ണറെ അടുത്ത സീസണില്‍ സ്വന്തമാക്കാന്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ശ്രമിച്ചേക്കുമെന്നാണ് ഹോഗിന്റെ പക്ഷം.
“അദ്ദേഹം (ഡേവിഡ് വാര്‍ണര്‍) റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിലെത്തിയാല്‍ ഞാന്‍ അതില്‍ അത്ഭുതപ്പെടില്ല. കാരണം ബാംഗ്ലൂരിലുള്ളത് പോലെയുള്ള വിക്കറ്റ് അദ്ദേഹത്തിന് അനുയോജ്യമാകും. അവര്‍ക്ക് ഒരു നേതാവിനേയും വേണം. കോഹ്ലി ക്യാപ്റ്റന്‍ സ്ഥാനം ഉപേക്ഷിച്ചതിനാല്‍ വാര്‍ണറുടെ ക്യാപ്റ്റന്‍സി റെക്കോര്‍ഡ് കാരണം ആര്‍സിബി അദ്ദേഹത്തെ ടീമില്‍ ഉള്‍പ്പെടുത്തിയേക്കാം.” തന്റെ യൂടൂബ് ചാനലില്‍ സംസാരിക്കവെ ഹോഗ് വ്യക്തമാക്കി.
അതേ സമയം ഐപിഎല്ലില്‍ ഏറെക്കാലം സണ്‍ റൈസേഴ്സ് ഹൈദരാബാദിനെ നയിച്ച വാര്‍ണര്‍ 2016 സീസണ്‍ ഐപിഎല്ലില്‍ അവരെ കിരീട നേട്ടത്തിലേക്കും നയിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ സീസണില്‍ ടീം മാനേജ്മെന്റുമായി അഭിപ്രായ വ്യത്യാസങ്ങളുണ്ടായ അദ്ദേഹം അടുത്ത സീസണില്‍ ഹൈദരാബാദ് ടീമിലുണ്ടായിരിക്കില്ലെന്ന കാര്യം ഏറെക്കുറെ ഉറപ്പാണ്.