ഒമൈക്രോണ്‍ വ്യാപനം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പുതുവത്സരാഘോഷം കരുതലോടെ വേണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.കടകള്‍, ഷോപ്പിങ് മാളുകള്‍, ഹോട്ടലുകള്‍, ആരാധനാലയങ്ങള്‍ എന്നിവിടങ്ങളില്‍ പോകുന്നവരും ജാഗ്രത പുലര്‍ത്തണം.ഓഫീസുകള്‍, തൊഴിലിടങ്ങള്‍, സ്കൂളുകള്‍, മാര്‍ക്കറ്റുകള്‍, കടകള്‍, പൊതുഗതാഗത ഇടങ്ങള്‍ എന്നിവിടങ്ങളിലെല്ലാം വായു സഞ്ചാരം ഉറപ്പാക്കണം. കടകളില്‍ അകലം പാലിക്കണം. ആള്‍ക്കൂട്ടത്തില്‍ പോകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
അതിവേഗം പടരുന്ന വകഭേദമാണ്
ചുരുങ്ങിയ ദിവസം കൊണ്ടു വേഗത്തില്‍ പടരുന്ന വകഭേദമാണ് ഒമൈക്രോണ്‍. വ്യാപനം വളരെ കൂടുതലായതിനാല്‍ സംസ്ഥാനത്തെ സംബന്ധിച്ച് അത് വളരെ നിര്‍ണായകമാണ്. വയോജനങ്ങളും അനുബന്ധ രോഗങ്ങളുള്ളവരും ഇവിടെ കൂടുതലുള്ളതിനാല്‍ ഗുരുതര രോഗികളും മരണങ്ങളും കൂടുവാന്‍ സാധ്യതയുണ്ട്.
റീ ഇന്‍ഫെക്ഷന് മറ്റ് വകഭേദങ്ങളെക്കാള്‍ കൂടുതല്‍ സാധ്യത
വാക്‌സിനെടുത്തവര്‍ക്ക് ഗുരുതരാവസ്ഥ കുറവാണ്. എങ്കിലും വളരെ ശ്രദ്ധിച്ചില്ലെങ്കില്‍ വാക്‌സിന്‍ എടുത്തവര്‍ക്ക് കോവിഡ് വരുന്ന ബ്രേക്ക് ത്രൂ ഇന്‍ഫെക്ഷനും കോവിഡ് വന്നവര്‍ക്ക് വീണ്ടും വരുന്ന റീ ഇന്‍ഫെക്ഷനും മറ്റ് വകഭേദങ്ങളെക്കാള്‍ കൂടുതലുണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ തന്നെ സ്വയം പ്രതിരോധം ഏറെ പ്രധാനമാണ്.
അതീവ ജാഗ്രത പാലിക്കേണ്ടതാണ്
ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്ന 30 പേര്‍ക്കും ലോ റിസ്ക് രാജ്യങ്ങളില്‍ നിന്നും വന്ന 25 പേര്‍ക്കും സംസ്ഥാനത്ത് ഒമൈക്രോണ്‍ ബാധിച്ചു. 8 പേര്‍ക്കാണ് സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. അതിനാല്‍ തന്നെ അതീവ ജാഗ്രത പാലിക്കേണ്ടതാണ്.ലോ റിസ്ക് രാജ്യങ്ങളില്‍ നിന്ന് എത്തി സ്വയം നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 7 ദിവസം വീടുകളില്‍ കഴിയുന്നതാണ് നല്ലത്. രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ സ്വയം നിരീക്ഷണത്തില്‍ പോവുകയും ആരോഗ്യപ്രവര്‍ത്തകരെ വിവരം അറിയിക്കുകയും വേണമെന്നും മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശിച്ചു.