ഗഗന്‍യാന്‍’ 2023 ല്‍ വിക്ഷേപിക്കും

0

ഇന്ത്യയുടെ പ്രഥമ ദൗത്യമായ ഗഗന്‍യാന്‍ 2023ല്‍ വിക്ഷേപിക്കുമെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക സഹമന്ത്രി ഡോ ജിതേന്ദ്ര സിംഗ് പറഞ്ഞു.ഈ വിക്ഷേപണത്തോടെ, യുഎസ്‌എ, റഷ്യ, ചൈന എന്നിവയ്ക്ക് ശേഷം മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന ലോകത്തിലെ നാലാമത്തെ രാജ്യമായി ഇന്ത്യ മാറുമെന്ന് ഇന്ന് രാജ്യസഭയില്‍ ഒരു ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.ഇതിന്റെ ഭാഗമായുള്ള രണ്ട് പ്രധാന ദൗത്യങ്ങള്‍ ആയ ക്രൂ എസ്‌കേപ്പ് സംവിധാനത്തിന്റെ പ്രകടനക്ഷമത വിലയിരുത്തുന്നതിനുള്ള പരീക്ഷണ യാത്രയും, ഗഗന്‍യാനിന്റെ (ജി1) ആദ്യ ആളില്ലാ ദൗത്യവും, 2022ന്റെ രണ്ടാം പകുതിയോടെ നടത്താന്‍ ആസൂത്രണം ചെയ്തിട്ടുള്ളതായി ഡോ ജിതേന്ദ്ര സിംഗ് പറഞ്ഞു.ഇതേതുടര്‍ന്ന് ഐഎസ്‌ആര്‍ഒ വികസിപ്പിച്ചെടുത്ത ബഹിരാകാശ യാത്രാ മനുഷ്യ റോബോട്ടായ ‘വ്യോമ്മിത്ര’ ഉപയോഗിച്ച്‌ അടുത്തവര്‍ഷം അവസാനത്തോടെ രണ്ടാമത്തെ ആളില്ലാ പറക്കല്‍ ദൗത്യം നടത്തും. പിന്നീട് 2023ല്‍ മനുഷ്യനെ വഹിച്ചുള്ള ഗഗന്‍യാന്‍ ദൗത്യം നടത്താനാണ് ഉദ്ദേശിക്കുന്നത് എന്നും മന്ത്രി വ്യക്തമാക്കി. ഒരു ഇന്ത്യന്‍ വിക്ഷേപണ വാഹനത്തില്‍, മനുഷ്യനെ ലോ എര്‍ത്ത് ഭ്രമണപഥത്തിലേക്ക് (എല്‍ഇഒ) അയച്ച്‌ സുരക്ഷിതമായി ഭൂമിയിലേക്ക് തിരികെ കൊണ്ടുവരാനുള്ള കഴിവ് തെളിയിക്കുകയാണ് ഗഗന്‍യാന്‍ പരിപാടിയുടെ ലക്ഷ്യമെന്ന് ഡോ ജിതേന്ദ്ര സിംഗ് പറഞ്ഞു. ഗഗന്‍യാന്‍ വിക്ഷേപണത്തില്‍ 500ലധികം വ്യവസായങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അദേഹം പറഞ്ഞു.

ഗഗന്‍യാന്‍ ദൗത്യത്തിന്റെ നിലവിലെ സ്ഥിതി ഇപ്രകാരമാണ്:

  • ബംഗളൂരുവില്‍ ബഹിരാകാശ യാത്രികരെ പരിശീലിപ്പിക്കാനുള്ള സൗകര്യം ഒരുങ്ങുന്നു. ഇന്ത്യയില്‍ നല്‍കുന്ന പരിശീലനത്തിന്റെ ഭാഗമായി അടിസ്ഥാന എയറോമെഡിക്കല്‍ പരിശീലനവും ഫ്‌ലൈയിംഗ് പരിശീലനവും പൂര്‍ത്തിയാക്കി.
  • ഗഗന്‍യാന്റെ എല്ലാ സംവിധാനങ്ങളുടെയും രൂപകല്‍പന പൂര്‍ത്തിയായി. വിവിധ സംവിധാനങ്ങളുടെ നിര്‍മാണം വിവിധ ഘട്ടങ്ങളിലായി പുരോഗമിക്കുന്നു.
  • ഭൗമ അടിസ്ഥാനസൗകര്യ രൂപകല്പന പൂര്‍ത്തിയായി.
  • ദൗത്യനിര്‍വഹണവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ക്ക് ദേശീയ, അന്തര്‍ദേശീയ ഏജന്‍സികളുമായുള്ള ധാരണാപത്രം, കരാറുകള്‍ എന്നിവ പുരോഗമിക്കുന്നു
  • സൂക്ഷ്മ ഭൂഗുരുത്വ പരീക്ഷണങ്ങളുടെ വികസനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
You might also like

Leave A Reply

Your email address will not be published.