ലഡാക്കില്‍ നിന്ന് 214 കിലോമീറ്റര്‍ അകലെയായി ശ്യോക്ക് നദിയുടെ കരയിലാണ് തുര്‍ത്തുക്ക് എന്ന ചെറിയ ഗ്രാമം.1971 വരെ ഈ ഗ്രാമം മുസാഫറാബാദ് തലസ്ഥാനമാക്കി ഭരിക്കുന്ന പാക്ക് അധിനിവേശ കാശ്മീരിന്റെ ഭാഗമായിരുന്നു.1971 ലെ ഇന്ത്യ-പാക്ക് യുദ്ധത്തില്‍ തുര്‍ത്തുക്ക് അടക്കം 5 ഗ്രാമങ്ങളാണ് ഇന്ത്യ പാക്കിസ്ഥാനില്‍ നിന്നും പിടിച്ചടക്കിയത്.2010 മുതല്‍ തുര്‍ത്തുക്ക് സഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കുകയും ചെയ്തു.ശരിക്കും തുര്‍ത്തുക്ക് അല്ല ഇന്ത്യയുടെ വടക്കേയറ്റത്തെ ഗ്രാമം, അത് ത്യാഗ്ഷിയാണ്. പക്ഷേ അവിടേക്ക് ടൂറിസ്റ്റുകള്‍ക്ക് പ്രവേശനമില്ലെന്ന് മാത്രം. തുര്‍ത്തുക്കിലേക്ക് പോകുന്ന വഴിയിലാണ് ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള വാഹന പ്രവേശന യോഗ്യമായ റോഡ് എന്നറിയപ്പെടുന്ന ഖാര്‍തുങ്ലാ ചുരം ഉള്ളത്.വെറും 150 വീടുകള്‍ മാത്രമുള്ള ചെറിയൊരു ഗ്രാമമാണ് തുര്‍ത്തുക്ക്. ആപ്രിക്കോട്ടും ആപ്പിളുമാണ് മുഖ്യ കൃഷി..ഇന്ത്യയില്‍ ആകെ ബാള്‍ട്ടി ഭാഷ സംസാരിക്കുന്നത് ഈഗ്രാമങ്ങളിലാണ്.പിന്നെ ബാള്‍ട്ടി സംസാരിക്കുന്നവര്‍ അങ്ങ് പാക്കിസ്ഥാനില്‍ ആണുള്ളത്.രണ്ട് ചെറിയ ഗ്രാമങ്ങള്‍ ചേര്‍ന്നതാണ്, തുര്‍ത്തുക്ക്. ഫറോളും തുര്‍ത്തുക്ക് യൂളും. ഈ രണ്ട് ചെറിയ ഗ്രാമത്തിന്റെ ഇടയിലൂടെ ഒരു നീരുറവ ഒഴുകി പോകുന്നുണ്ട്.അവയെ തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ട് മരംകൊണ്ടുള്ളൊരു തൂക്കു പാലമുണ്ട്. വൈകുന്നേരം തൂക്കുപാലത്തിന്റെ അടുത്ത് പോയിരുന്നാല്‍ ആപ്രിക്കോട്ട് പഴങ്ങള്‍ കൊട്ടയിലാക്കി വരുന്ന സ്ത്രീകളെയും, വൈക്കോല്‍ തോളില്‍ കെട്ടി നടന്നു വരുന്ന പുരുഷന്മാരെയും കാണാം. തുര്‍ത്തുക്ക് ഫറോളില്‍ ഒരു ബുദ്ധിസ്റ്റ് മൊണാസ്റ്ററിയുണ്ട്. അവിടെനിന്നും നോക്കിയാല്‍ ആ ഗ്രാമത്തിന്റെ മുഴുവനായ ദൃശ്യവും ശ്യോക്ക് നദിയുടെ ഭീകരതയും കാണാം.അവിടെനിന്നും കുറച്ചു മാറിയൊരു മല കയറിയാല്‍ ചെറിയൊരു വെള്ളച്ചാട്ടമുണ്ട്.അതു കാണാന്‍ കുറച്ച് ദുര്‍ഘടമായ മല കയറണമെന്ന് മാത്രം. ആ ഗ്രാമത്തിലൂടെ എവിടെപ്പോയാലും വഴിയിലെല്ലാം ആപ്രിക്കോട്ട് പഴുത്തു നില്‍ക്കുന്നത് കാണാം. നക്ഷത്രങ്ങളെ നിരീക്ഷിക്കുന്നവര്‍ക്ക് പറ്റിയൊരു സ്ഥലമാണ് ഇത്.ആകാശം മേഘാവൃതമല്ലെങ്കില്‍ പല നക്ഷത്ര പ്രതിഭാസങ്ങളും രാത്രി നമുക്ക് അ ഇവിടെ ദര്‍ശിക്കാന്‍ കഴിയും. ഗ്രാമത്തില്‍ വെറും നാലു മണിക്കൂര്‍ മാത്രമേ വൈദ്യുതിയുള്ളൂ, രാത്രി 7 മണിമുതല്‍ 11 മണിവരെ മാത്രം.അപ്പോള്‍ ഇന്റര്‍നെറ്റിന്റെ കാര്യം പറയുകയും വേണ്ടല്ലോ. ബിഎസ്‌എന്‍എല്‍ പോസ്റ്റ്പെയ്ഡ് മൊബൈല്‍ കണക്ഷന്‍ മാത്രമേ അവിടെ ഉപയോഗത്തിലുള്ളൂ.ലേ ടൗണില്‍ നമുക്ക് എയര്‍ടെല്‍, എയര്‍സെല്‍ എന്നിവയുടെ പോസ്റ്റ്പെയ്ഡ് കണക്ഷന്‍ ഉപയോഗിക്കാം. തുര്‍ത്തുക്ക് സന്ദര്‍ശിച്ചു മടങ്ങുന്നവര്‍ക്ക് ലഡാക്കിലെ നുബ്രാ താഴ്വരയും, ത്രീ ഇഡിയറ്റ് സിനിമയുടെ അവസാനരംഗം ചിത്രീകരിച്ച പാങ്കോങ് ടിസോ തടാകവും ഉള്‍പ്പടെ ധാരാളം കാഴ്ചകള്‍ ഉണ്ട്.പക്ഷെ ലേ ടൗണിന്റെ തിരക്കൊന്നും തുര്‍ത്തുക്കില്‍ ഇല്ലാത്തതിനാല്‍ വിദേശ സഞ്ചാരികള്‍ ഏറെയും ഇവിടേക്കാണ് വരുന്നത്.