മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും മറ്റ് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും പറക്കാന്‍ സ്വകാര്യ കമ്ബനിയുടെ ഹെലികോപ്ടര്‍ സംസ്ഥാനം വാടകയ്ക്കെടുക്കും
മൂന്നു വര്‍ഷത്തേക്കാണ് കരാര്‍. തമിഴ്നാട്, ഒഡീഷ, മഹാരാഷ്ട്ര മുഖ്യമന്ത്രിമാര്‍ക്കായി ഹെലികോപ്ടര്‍ സര്‍വീസ് നടത്തുന്ന ചിപ്സണ്‍ ഏവിയേഷന്‍, ഒ.എസ്.എസ് എയര്‍ മാനേജ്മെന്റ്, ഹെലിവേ ചാര്‍ട്ടേഴ്സ് എന്നീ കമ്ബനികളാണ് രംഗത്തുള്ളത്. പൊതുമേഖലാ സ്ഥാപനമായ പവന്‍ഹാന്‍സിന്റെ ഹെലികോപ്ടറാണ് നേരത്തേ വാടകയ്ക്കെടുത്തിരുന്നത്.15 വര്‍ഷത്തിലേറെ പഴക്കമില്ലാത്ത കോപ്ടറാണ് വി.ഐ.പി യാത്രയ്ക്കായി തിരഞ്ഞെടുക്കുക. സുരക്ഷയ്ക്കാണ് കൂടുതല്‍ പ്രാധാന്യം. അതിനാല്‍ കൂടുതല്‍ അപകടമുണ്ടാക്കിയ ഓപ്പറേറ്റര്‍മാരെ നിരസിക്കും. ആറ് വി.ഐ.പി യാത്രക്കാരെയും 9 സാധാരണ യാത്രക്കാരെയും അവരുടെ പത്ത് കിലോ വീതം ലഗേജും വഹിക്കാനാവുന്ന ഇരട്ട എന്‍ജിന്‍ കോപ്ടറാണ് വാടകയ്ക്കെടുക്കുക. . പ്രതിമാസം 20 മണിക്കൂറെങ്കിലും പറക്കണമെന്നാണ് വ്യവസ്ഥ. കൂടുതല്‍ പറന്നാല്‍ മണിക്കൂര്‍ കണക്കില്‍ അധിക തുക നല്‍കും.പൊതുമേഖലാ ഹെലികോപ്ടര്‍ മഴക്കാറോ കാറ്റോ ഉണ്ടെങ്കില്‍ പറക്കാന്‍ വിസമ്മതിച്ചിരുന്നു. പെട്ടിമുടിയില്‍ ഉരുള്‍ പൊട്ടി പാലവും റോഡും ഒലിച്ചു പോയപ്പോള്‍ രക്ഷാപ്രവര്‍ത്തകരെയും മെഡിക്കല്‍ സംഘത്തെയും അവിടെയെത്തിക്കാന്‍ ശ്രമിച്ചെങ്കിലും പറക്കാനായില്ല. കാലാവസ്ഥ അനുകൂലമായ ശേഷം പെട്ടിമുടിയടക്കം ദുരന്ത സ്ഥലങ്ങളിലേക്ക് മുഖ്യമന്ത്രിയും ഗവര്‍ണറുമായി ആ കോപ്ടര്‍ പറന്നിരുന്നു. വയനാട്ടിലടക്കം മാവോയിസ്റ്റ് നിരീക്ഷണത്തിനും പ്രതികൂല കാലാവസ്ഥയില്‍ പറക്കാന്‍ പൈലറ്റുമാര്‍ തയ്യാറായിരുന്നില്ല.ഖജനാവിലെ 22.21 കോടി വിഴുങ്ങിയ ആദ്യത്തെ കോപ്ടര്‍ കാര്യമായ പണിയൊന്നുമില്ലാതെ തിരുവനന്തപുരം വിമാനത്താവളത്തില്‍ സുഖ നിദ്ര യിലായിരുന്നു. വ്യോമ നിരീക്ഷണം, മാവോയിസ്റ്റുകള്‍ക്കായി വനമേഖലയില്‍ നിരീക്ഷണം, രക്ഷാപ്രവര്‍ത്തനം, അതിര്‍ത്തി പ്രദേശങ്ങളിലും തീരദേശത്തും വിനോദ സഞ്ചാര-തീര്‍ത്ഥാടന മേഖലകളിലും നിരീക്ഷണം, അടിയന്തര ഘട്ടങ്ങളിലെ പൊലീസിന്റെയും വിശിഷ്ട വ്യക്തികളുടെയും യാത്ര എന്നിവയ്ക്കായാണ് ഇത്തവണ കോപ്ടര്‍ വാടകയ്ക്കെടുക്കുന്നത്. പൊലീസ് നവീകരണത്തിനുള്ള കേന്ദ്ര ഫണ്ടില്‍ നിന്നാണ് ഹെലികോപ്ടറിനുള്ള ചെലവ് വഹിക്കുന്നത്.