ആറു ഗോളുമായി ആറാടി ലിവര്‍പൂള്‍ പ്രീമിയര്‍ ലീഗില്‍ ലീഡ്സ് യുണൈറ്റഡിനെ എതിരില്ലാത്ത ആറു ഗോളുകള്‍ക്ക് തകര്‍ത്തു
ജയത്തോടെ ലീഗില്‍ ഒന്നാമതുള്ള മാഞ്ചസ്റ്റര്‍ സിറ്റിക്ക് വെറും മൂന്ന് പോയിന്റ് പിറകില്‍ എത്തി ലിവര്‍പൂള്‍.ഇരട്ടഗോളുകള്‍ വീതം നേടിയ മുഹമ്മദ് സലാഹ്, സാദിയോ മാനെ എന്നിവരുടെ മികവില്‍ ആണ് ലിവര്‍പൂള്‍ വലിയ ജയം നേടിയത്. പതിനഞ്ചാം മിനിറ്റില്‍ ഡലാസിന്റെ ഹാന്റ് ബോളിന് ലഭിച്ച പെനാല്‍ട്ടി ലക്ഷ്യം കണ്ട സലാഹ് ആണ് ലിവര്‍പൂള്‍ ഗോള്‍ വേട്ട ആരംഭിച്ചത്. മുപ്പതാം മിനിറ്റില്‍ പ്രതിരോധത്തില്‍ നിന്നു മുന്നേറിയ ജോവല്‍ മാറ്റിപ് സലാഹിന്റെ പാസില്‍ നിന്നു ഗോള്‍ കണ്ടത്തിയതോടെ അവര്‍ രണ്ടാം ഗോളും നേടി. 5 മിനിറ്റുകള്‍ക്ക് ശേഷം മാനെയെ ലൂക് അയിലിംഗ് ഫൗള്‍ ചെയ്തപ്പോള്‍ മറ്റൊരു പെനാല്‍ട്ടി ലഭിച്ചപ്പോള്‍ അതും ലക്ഷ്യം കണ്ട സലാഹ് ആദ്യ പകുതിയില്‍ തന്നെ ലിവര്‍പൂളിന് മൂന്നു ഗോള്‍ മുന്‍തൂക്കം നല്‍കി.മത്സരത്തില്‍ 23 ഷോട്ടുകള്‍ ഉതിര്‍ത്ത ലിവര്‍പൂള്‍ 15 ഷോട്ടുകള്‍ ആണ് ലീഡ്സ് ഗോളിലേക്ക് ഉതിര്‍ത്തത്. രണ്ടാം പകുതിയില്‍ അവസാന നിമിഷങ്ങളില്‍ മൂന്നു ഗോളുകള്‍ കൂടി ലിവര്‍പൂള്‍ കണ്ടത്തി. സലാഹിന്റെ ത്രൂ ബോള്‍ സ്വീകരിച്ച ജോര്‍ദാന്‍ ഹെന്റേഴ്സന്റെ പാസില്‍ നിന്നു മാനെ ആണ് 80 മത്തെ മിനിറ്റില്‍ ലിവര്‍പൂളിന്റെ നാലാം ഗോള്‍ കണ്ടത്തിയത്. 89 മത്തെ മിനിറ്റില്‍ തന്റെ രണ്ടാം ഗോള്‍ കണ്ടത്തിയ മാനെ ലിവര്‍പൂളിന്റെ ഗോള്‍ വേട്ട അഞ്ചായി ഉയര്‍ത്തി. ഇഞ്ച്വറി സമയത്ത് ആന്‍ഡ്രൂ റോബര്‍ട്ട്സന്റെ കോര്‍ണറില്‍ നിന്നു ഹെഡറിലൂടെ ഗോള്‍ കണ്ടത്തിയ വിര്‍ജില്‍ വാന്‍ഡെയ്ക് ആണ് ലിവര്‍പൂള്‍ ജയം പൂര്‍ത്തിയാക്കിയത്. വലിയ പരാജയം ലീഡ്സിന്റെ പ്രീമിയര്‍ ലീഗില്‍ നിലനില്‍ക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടിയാവും. നിലവില്‍ പതിനഞ്ചാം സ്ഥാനത്ത് ആണ് ലീഡ്സ് ഇപ്പോള്‍.