മലയാളികൾക്ക് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഉരുക്ക് വെളിച്ചെണ്ണ. നമുക്ക് വീട്ടില്‍ ഉണ്ടാക്കി എടുക്കാന്‍ പറ്റുന്ന ഒന്നാണ് ഉരുക്ക് വെളിച്ചെണ്ണ.
ഉരുക്ക് വെളിച്ചെണ്ണ പാചകത്തിന് മാത്രമല്ല സൗന്ദര്യസംരക്ഷണത്തിനും ഏറെ നല്ലതാണ്. ഉരുക്ക് വെളിച്ചെണ്ണ ചർമ്മ സംരക്ഷണത്തിന് കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഉപയോഗിക്കാം.
ഉരുക്ക് വെളിച്ചെണ്ണയുടെ ആരോഗ്യഗുണങ്ങൾ.
ചർമ്മത്തിലെ ചുളിവുകൾ മാറ്റാനും തലമുടി തഴച്ച് വളരാനും ഇത് സഹായിക്കും. മുലപ്പാലില്‍ അടങ്ങിയിട്ടുള്ള മീഡിയം ചെയിന്‍ ഫാറ്റി ആസിഡുകളും മോണോഗ്ലിസറൈഡുകളും ഉരുക്ക് വെളിച്ചെണ്ണയിലുണ്ട്. ബാക്ടീരിയ, വൈറസ് തുടങ്ങിയവയെ നശിപ്പിക്കാന്‍ കഴിവുള്ള ലോറിക് ആസിഡ് മുലപ്പാല്‍ കഴിഞ്ഞാല്‍ ഏറ്റവുമധികം ഉള്ളത് ഉരുക്ക് വെളിച്ചെണ്ണയിലാണ്.ഉരുക്ക് വെളിച്ചെണ്ണ മുതിര്‍ന്നവരില്‍ രക്തത്തിലെ ഗ്ലുക്കോസിന്റെ ഉപയോഗം ത്വരിതപ്പെടുത്തുകയും ഇന്‍സുലിന്‍ ഉത്പാദനം വര്‍ധിപ്പിക്കുകയും ചെയ്യുന്നതിനാല്‍ പ്രമേഹം നിയന്ത്രിക്കുന്നതിനുള്ള ഉത്തമ ഉപാധിയാണ്. സാധാരണ ഹൃദ്രോഗബാധയ്ക്ക് കാരണമാകുന്ന ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദയത്തെ സംരക്ഷിക്കുന്ന നല്ല കൊളസ്ട്രോളിനെ വർദ്ധിപ്പിക്കാനും ഉരുക്ക് വെളിച്ചെണ്ണ സഹായിക്കുന്നു.
ഇത് ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്കെതിരെ പ്രതിരോധശേഷി നേടിത്തരുകയും ചെയ്യുന്നു. ശുദ്ധമായ തേങ്ങാപ്പാലിൽ നിന്നും യാതൊരു പ്രിസർവേറ്റിവുകളും ചേർക്കാതെ നിർമിക്കുന്ന ഉരുക്ക് വെളിച്ചെണ്ണ രോഗികൾക്ക് പോലും ആഹാരത്തിൽ ഉപയോഗിക്കാവുന്നതാണ്. വരണ്ട ചര്‍മ്മമുള്ളവര്‍ ആഴ്ച്ചയില്‍ രണ്ട് ദിവസം ഉരുക്ക് വെളിച്ചെണ്ണ കൊണ്ടു മസാജ് ചെയ്യുന്നത് വരണ്ട ചർമ്മം അകറ്റാൻ സഹായിക്കും.
ഉരുക്ക് വെളിച്ചെണ്ണ ഉണ്ടാക്കുന്ന വിധം
2 തേങ്ങ ചിരകിയത് അര കപ്പു വെള്ളം ചേർത്ത് തലപ്പാൽ പിഴിഞ്ഞെടുക്കുക
വീണ്ടും അര കപ്പു വെള്ളം ചേർത്ത് രണ്ടാം പാലും പിഴിഞ്ഞെടുക്കുക.
രണ്ടും കൂടി ഒരു ചീനച്ചട്ടിയിൽ ഒഴിച്ച് ചെറു തീയിൽ വേവിക്കുക. പാൽ തിളച്ചു പൊന്തി വരികയാണെങ്കിൽ ഒരു മര തവി കൊണ്ട് ഇളക്കി കൊടുക്കണം
പാലിലെ വെള്ളം വറ്റി ചെറുതായി ബ്രൗണ്‍ കളർ ആവണം, പക്ഷെ കരിയാൻ പാടില്ല.
തീയിൽ നിന്നും ഇറക്കി വെച്ച് ചൂടാറിക്കഴിയുമ്പോൾ ഒരു കോട്ടൺ തുണിയിലോഴിച്ചു നന്നായി പിഴിഞ്ഞെടുക്കുക.
ഇപ്പോൾ കിട്ടിയ എണ്ണയിൽ ഒരുപാട് ഖര പദാർത്ഥങ്ങൾ കാണും
ഒരു കുപ്പിയിലൊഴിച്ചു വെച്ച് തെളി ഊറി കഴിയുമ്പോൾ ഊറ്റിയെടുത്താൽ ഉരുക്കെണ്ണയായി.
അടിയിലടിഞ്ഞത് ദേഹത്ത് തേച്ചു കുളിക്കാൻ നല്ലതാണു.
ഉപയോഗങ്ങൾ
ഒരു സണ്‍ സ്ക്രീനായും കൊതുക് കടിക്കാതിരിക്കാനും ദേഹത്ത് തേക്കാവുന്നതാണ്.
തലയിൽ തേക്കുന്നത് മുടിക്കും കണ്ണിനും വളരെ നല്ലതാണ്
വെളിച്ചെണ്ണക്ക് പകരം ഭക്ഷണം പാകം ചെയ്യാൻ ഉപയോഗിക്കാം, ആരോഗ്യപരമായ ഗുണങ്ങൾ മാത്രമല്ല വളരെ സ്വാദിഷ്ടവുമാണ്.