കാനഡയിലെ പുതിയ വിമാനക്കമ്പനിയായ ലിങ്ക്സ് എയറിന്‍റെ സേവനങ്ങള്‍ക്ക് കരുത്തേകാന്‍ ഐബിഎസ് സോഫ്റ്റ് വെയറിന്‍റെ ‘ഐഫ്ളൈറ്റ്’ ഉപയോഗപ്പെടുത്തുന്നു
‘ഐഫ്ളൈറ്റ്’ ഡിജിറ്റല്‍ പ്ലാറ്റ് ഫോമിലൂടെ വിമാനങ്ങളുടേയും ക്രൂ ഓപ്പറേഷനുകളുടേയും കാര്യക്ഷമത വര്‍ദ്ധിപ്പിക്കുകയാണ് ലക്ഷ്യം.
സമ്പൂര്‍ണ ഡിജിറ്റല്‍ സംയോജിത പ്ലാറ്റ് ഫോമായ ഐഫ്ളൈറ്റ് സങ്കീര്‍ണ പ്രവര്‍ത്തനങ്ങള്‍ ലളിതമാക്കി ലിങ്ക്സിന്‍റെ സേവനങ്ങള്‍ മികവുറ്റതാക്കും.
വരും വര്‍ഷങ്ങളില്‍ 46 വിമാനങ്ങളുമായി ശ്രേണി വിപുലമാക്കാന്‍ പോകുന്ന ലിങ്ക്സിന്‍റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലപ്രദമാക്കാന്‍ മോഡുലാര്‍ ഡിസൈനിലുള്ള ഐഫ്ളൈറ്റ് ഊര്‍ജ്ജമേകും.
നിലവില്‍ ഐഫ്ളൈറ്റ് ഉപയോഗിക്കുന്ന ലോകമെമ്പാടുമുള്ള അന്‍പതിലധികം വിമാനക്കമ്പനികള്‍ക്കൊപ്പം ലിങ്ക്സും അണിചേരുകയാണ്. സംയോജിത പ്രവര്‍ത്തനങ്ങളും ക്രൂ പ്ലാറ്റ് ഫോം സൊലൂഷനും നടപ്പിലാക്കുന്ന ആദ്യ അള്‍ട്രാ-ലോകോസ്റ്റ് കാരിയര്‍ (യുഎല്‍സിസി) ആണിത്.
കാനഡയിലെ വ്യോമയാന വിപണിയിലെ പുതിയ കമ്പനിയായതിനാല്‍ ലിങ്ക്സിന്‍റെ മികച്ച പ്രവര്‍ത്തനത്തിന് ഐഫ്ളൈറ്റ് ത്വരിതഗതിയില്‍ വിന്യസിക്കേണ്ടിയിരുന്നു. നാലുമാസം കൊണ്ടാണ് ലിങ്ക്സിനായി ഐഫ്ളൈറ്റ് സജ്ജമാക്കിയത്.
ബിസിനസ് മാതൃകയും വലുപ്പവും പരിഗണിക്കാതെ ക്രൂ ആവശ്യകതകള്‍ ഉള്‍പ്പെടെയുള്ളവയെ ഫലപ്രദമായി പിന്തുണയ്ക്കാന്‍ ബ്രൗസര്‍ അധിഷ്ഠിത ആപ്ലിക്കേഷന് കഴിയും. സങ്കീര്‍ണതകള്‍ കൂടുന്തോറും പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിക്കാനും വിഭവങ്ങളെ മികവുറ്റതാക്കി നൂതന സാങ്കേതികവിദ്യ വിന്യസിക്കാനും തീരുമാനമെടുക്കലിനെ ഉത്തേജിപ്പിക്കാനും മോഡുലാര്‍ നിര്‍മ്മിതി സഹായകമാകും. നേട്ടമുണ്ടാക്കാനായി വിമാനക്കമ്പനിയുടെ പ്രവര്‍ത്തന മൂല്യം വര്‍ദ്ധിപ്പിച്ച് നിക്ഷേപത്തിന്‍മേല്‍ കൂടുതല്‍ വരുമാനമുണ്ടാക്കുന്നതിന് അനുയോജ്യമായാണ് എല്ലാ മോഡ്യൂളുകളും ഒരുക്കിയിരിക്കുന്നത്.
കാര്യക്ഷമതയും ഉല്‍പ്പാദനക്ഷമതയും വര്‍ദ്ധിപ്പിക്കുന്നതിന് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താന്‍ ഐഫ്ളൈറ്റ് സഹായകമാകുമെന്ന് ലിങ്ക്സ് എയര്‍ സിഇഒയും പ്രസിഡന്‍റുമായ മെറന്‍ മക്ആര്‍തര്‍ പറഞ്ഞു. വ്യോമയാന പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്ന ഐബിഎസ് സോഫ്റ്റ് വെയറുമായി സഹകരിക്കുന്നതില്‍ സന്തോഷമുണ്ട്. ഇതിലൂടെ കാനഡയിലുള്ളവര്‍ക്ക് മിതമായ വിമാന നിരക്ക് ഉറപ്പാക്കാന്‍ ലിങ്ക്സിന് കഴിയും. കാനഡയിലെ എല്ലാവര്‍ക്കും വിമാനയാത്ര പ്രാപ്യമാക്കുകയെന്ന ലക്ഷ്യം സാധ്യമാക്കുന്നതിന് ലിങ്ക്സ് വിപുലീകരിക്കുന്നതിലും ഐബിഎസിന്‍റെ സഹകരണം പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
സാങ്കേതികവിദ്യയുടെ കരുത്തു മാത്രമല്ല അതിവേഗം വളരുന്ന അള്‍ട്രാ ലോകോസ്റ്റ് കാരിയര്‍ (യുഎല്‍സിസി) വിഭാഗത്തിന് മൂല്യം നല്‍കാനുമുള്ള വൈദഗ്ധ്യം മനസ്സിലാക്കിയാണ് ലിങ്ക്സ് ഐബിഎസിനെ തിരഞ്ഞെടുത്തതെന്ന് ഐബിഎസ് സോഫ്റ്റ് വെയര്‍ സീനിയര്‍ വൈസ്പ്രസിഡന്‍റും ഏവിയേഷന്‍ ഓപ്പറേഷന്‍സ് സൊലൂഷന്‍സ് മേധാവിയുമായ മാത്യു ബേബി പറഞ്ഞു. ലോകമെമ്പാടുമുള്ള സ്റ്റാര്‍ട്ടപ്പ് അനുബന്ധ സ്ഥാപനങ്ങളില്‍ നിന്നും ഡിജിറ്റല്‍ വിമാനക്കമ്പനികളില്‍ നിന്നും ക്ലൗഡ് അധിഷ്ഠിത പ്രവര്‍ത്തനങ്ങള്‍ക്കും ക്രൂ പ്ലാറ്റ് ഫോമുകള്‍ക്കും കൂടുതല്‍ ആവശ്യകത പ്രതീക്ഷിക്കുന്നു. സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങി വലിയ വിമാനക്കമ്പനികള്‍ക്കുവരെ ഐഫ്ളൈറ്റ് പ്ലാറ്റ് ഫോം അനുയോജ്യമെന്നാണ് ലിങ്ക്സിന്‍റെ ഐഫ്ളൈറ്റ് പ്ലാറ്റ് ഫോം തെരഞ്ഞെടുക്കല്‍ വ്യക്തമാക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.