കൊവിഡ് കാലത്തും കുടുംബവുമൊത്ത് ഏകദിന ഉല്ലാസയാത്രകള്‍ പ്ളാന്‍ പോകാന്‍ കഴിയുന്ന കേരളത്തിലെ സുന്ദരയിടങ്ങള്‍
പാലാക്കരി
എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലക്കാര്‍ക്ക് ഏകദിന ഉല്ലാസയാത്രയ്ക്ക് പറ്റിയ ഇടമാണ് പാലാക്കരി. ആലപ്പുഴയില്‍ നിന്ന് 46 കിലോമീറ്ററും എറണാകുളത്തുനിന്ന് 24 കിലോമീറ്ററും കോട്ടയത്തുനിന്ന് 43 കിലോമീറ്ററുമാണ് പാലാക്കരിയിലേയ്ക്കുള്ള ദൂരം. ഇവിടെയെത്തുന്നവര്‍ക്കായി നാവില്‍ കപ്പലോടിക്കുന്ന മീന്‍ വിഭവങ്ങള്‍ മത്സ്യഫെഡ് ഒരുക്കിയിട്ടുണ്ട്. വൈക്കം എറണാകുളം റൂട്ടിലെ ചെമ്ബ് വില്ലേജില്‍ കാട്ടിക്കുന്നിലാണ് ഈ ഉല്ലാസകേന്ദ്രം സ്ഥിതിചെയ്യുന്നത്. രാവിലെ 10 മുതല്‍ വൈകിട്ട് ആറ് വരെയാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. പണ്ട് പാലാക്കാരുടെ ചെമ്മീന്‍ കെട്ടായിരുന്നു ഇവിടം. അങ്ങനെയാണ് പാലാക്കരി എന്ന പേര് ലഭിക്കുന്നത്. ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്ക് ചൂണ്ടയിടാനുള്ള സൗകര്യവുമുണ്ട്. കായല്‍ യാത്ര ഇഷ്ടപ്പെടുന്നവര്‍ക്കായി ഏകദിന പാക്കേജുകളും ഒരുക്കിയിട്ടുണ്ട്. ഭൂമിക, പ്രവാഹിനി, തരംഗിണി എന്നിങ്ങനെ മൂന്ന് പാക്കേജുകളാണ് ഇവിടെ ഉള്ളത്.
കുങ്കിച്ചിറ
പഴശിരാജയുടെ വീരയോദ്ധാക്കള്‍ കുളിച്ചുകയറി പടയ്ക്ക് പോയിരുന്ന കുങ്കിച്ചിറ. നീണ്ടുപരന്ന പുല്‍മേടും, തടാകവും, കാടും നിറഞ്ഞ പ്രദേശമാണ് കുഞ്ഞോം എന്ന് മറ്റൊരു പേരുള്ള കുങ്കിച്ചിറ. വയനാടിലെ കല്‍പ്പറ്റയില്‍ നിന്ന് 43 കിലോമീറ്റര്‍ അകലെയായാണ് ഈ സ്ഥലം സ്ഥിതിചെയ്യുന്നത്. കേരളത്തിന്റെ ഇതിഹാസ വീരനായ തലയ്ക്കല്‍ ചന്തുവിന്റെ പിന്‍മുറക്കാരാണ് കുങ്കിച്ചിറയിലെ കാവും പരിസരവും പരിപാലിക്കുന്നത്. വിശാലമായ ചിറയുടെ നടുവിലായി സ്ഥിതി ചെയ്യുന്ന കുങ്കിയുടെ പ്രതിമയില്‍ നിന്നാണ് ചിറയ്ക്ക് കുങ്കിച്ചിറയെന്ന പേര് ലഭിച്ചത്. പഴശിയുടെ പടത്തലവനായിരുന്ന എടച്ചേന കുങ്കന്റെ സഹോദരിയായിരുന്നു കുങ്കി. അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലുമായി പതിക്കുന്ന രണ്ട് പുഴകളുടെ ഉത്ഭവ സ്ഥാനം കൂടിയാണിത്.
കവ്വായി
പ്രകൃതി അനന്തമായി അനുഗ്രഹിച്ച സുന്ദര പ്രദേശമാണ് കണ്ണൂരിലെ കവ്വായി കായല്‍. കേരളത്തിലെ മൂന്നാമത്തെ കായലാണിത്. ഒട്ടനവധി ചെറുദ്വീപുകളും കായലിലുണ്ട്. കണ്ണൂരില്‍ നിന്ന് 50 കിലോമീറ്റര്‍ മാറിയാണ് കായല്‍ സ്ഥിതി ചെയ്യുന്നത്. ചെറുദ്വീപുകളില്‍ ഒന്നായ 16 കിലോമീറ്റര്‍ വിസ്തൃതിയുള്ള വലിയ പറമ്ബ ദ്വീപാണ് കണ്ണൂര്‍ കാസര്‍കോഡ് അതിര്‍ത്തി. കായലിന്റെ ഇക്കരെയായി കണ്ണൂരും അക്കരെയായി കാസര്‍കോഡും സ്ഥിതി ചെയ്യുന്നു. പയ്യന്നൂരില്‍ നിന്ന് നാല് കിലോമീറ്റര്‍ യാത്ര ചെയ്ത് കവ്വായി കായലില്‍ എത്താം. ഇവിടെയെത്തുന്ന അതിഥികള്‍ക്കായി കയാക്കിംഗ്, ബോട്ട് സവാരി,വാട്ടര്‍ വോളിബോള്‍, ബീച്ച് യാത്ര, ടെന്റ് ക്യാംപ്, മാംഗ്രൂവ് ഫോറസ്റ്റ് വിസിറ്റ്, ഫിഷിംഗ് എന്നിവ ഒരുക്കിയിട്ടുണ്ട്. ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ ഇവിടെ കയാക്കിംഗ് മേളകള്‍ നടത്തിയിരുന്നു.
വനപര്‍വ്വം ജൈവവൈവിധ്യ പാര്‍ക്ക്
നാടിനോട് അധികം അകലെയല്ലാതെ മാറിനില്‍ക്കുന്ന കാട് കാണണമെന്നുണ്ടെങ്കില്‍ കോഴിക്കോടിലെ പുതുപ്പാടി പഞ്ചായത്തിലെ കാക്കവയലില്‍ എത്താം. 36 ഏക്കറിലെ സ്വാഭാവിക വനപ്രദേശമാണ് വനപര്‍വ്വം എന്ന പേരില്‍ ഒരുക്കിയിരിക്കുന്നത്. പാറക്കെട്ടുകളിലൂടെ ഒഴുകുന്ന കാട്ടാറിന്റെ കുളിര്‍മയും വെള്ളച്ചാട്ടത്തിന്റെ പരിശുദ്ധിയും ആസ്വദിക്കാം. കാട്ടിലൂടെയുള്ള ട്രെക്കിംഗിനും ഇവിടെ അവസരമുണ്ട്. ഓരോ ജന്മനക്ഷത്രത്തിന്റെ പേരിലുള്ള മരങ്ങളുള്ള നക്ഷത്രവനം ഇവിടത്തെ മറ്റൊരു സവിശേഷതയാണ്. ആഴ്ചയില്‍ എല്ലാ ദിവസവും രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് പ്രവേശനം.
ചേറ്റുവ
കണ്ടല്‍ക്കാടുകളും ദ്വീപുകളും നിറഞ്ഞ അതിമനോഹരമായ പ്രദേശമാണ് ചേറ്റുവ. തൃശൂരില്‍ നിന്ന് ഗുരുവായൂരിലേയ്ക്ക് പോകുംവഴി വാടാനപ്പള്ളി കഴിഞ്ഞുള്ള വലിയ പാലത്തിന്റെ കിഴക്കുവശത്തായി കാണുന്നതാണ് ചേറ്റുവ കായല്‍. ഈ കായലിന്റെ നടുവിലായാണ് കേരളത്തിലെ ഏറ്റവും വലിയ കണ്ടല്‍ക്കാടുള്ളത്. വാടാനപ്പള്ളിയില്‍ നിന്ന് ഗുരുവായൂര്‍ റൂട്ടില്‍ അഞ്ച് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഏങ്ങണ്ടിയൂര്‍ എത്തും. ഇവിടെ നിന്ന് രണ്ട് കിലോമീറ്റര്‍ അപ്പുറം ചെന്നാല്‍ വേട്ടയ്ക്കൊരു മകന്‍ കടവില്‍ എത്തും. അവിടെ നിന്ന് ബോട്ട് കയറി കണ്ടല്‍ക്കാടില്‍ എത്താം. പുലര്‍ച്ചെ 5.45ന് ആദ്യ സഫാരി ആരംഭിക്കും.