പെരേറ ഡയസിനെതിരെ കൂടുതല്‍ അച്ചടക്ക നടപടികള്‍ വേണ്ടതില്ലെന്ന് ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ അച്ചടക്ക സമിതി തീരുമാനിച്ചു
ഇതോടെ ഐ.എസ്.എല്ലില്‍ ഇന്ന് ചെന്നൈയിന്‍ എഫ്.സിക്കെതിരായ നിര്‍ണ്ണായക മത്സരത്തില്‍ ഡയസ്സിന് കളിക്കാനാവും.എ.ടി.കെ മോഹന്‍ ബഗാനെതിരായ മത്സരത്തില്‍ സബ്സ്റ്റിട്ട്യൂട്ട് ചെയ്യപ്പെട്ട ശേഷം സൈഡ് ലൈനിന് പുറത്തുവച്ചാണ് മോശം പെരുമാറ്റത്തിന് ഡയസ് രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ടത്. ഇതേത്തുടര്‍ന്ന് ഹൈദരാബാദിനെതിരായ കഴിഞ്ഞ മത്സരത്തില്‍ ഡയസ്സിന് കളിക്കാനായില്ല. ഈ മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെടുകയും ചെയ്തു.അച്ചടക്ക സമിതിയോട് ക്ഷമാപണം നടത്തിയതിനെത്തുടര്‍ന്നാണ് ഡയസ്സിനെതിരെ തുടര്‍നടപടികളുടെ ആവശ്യമില്ലെന്ന് സമിതി തീരുമാനിച്ചത്. എന്നാല്‍ ഇതുപോലുള്ള അച്ചടക്കലംഘനങ്ങള്‍ തുടര്‍ന്നാല്‍ താരത്തിനെതിരെ കൂടുതല്‍ നടപടികള്‍ സ്വീകരിക്കേണ്ടി വരുമെന്ന് സമിതി അറിയിച്ചു.സീസണില്‍ മൂന്ന് മത്സരങ്ങള്‍ മാത്രം അവശേഷിക്കെ ഇനിയുള്ള മത്സരങ്ങള്‍ മുഴുവന്‍ ബ്ലാസ്റ്റേഴ്‌സിന് ജീവന്മരണ പോരാട്ടങ്ങളാണ്. നന്നായി കളിച്ചിട്ടും കഴിഞ്ഞ മത്സരത്തില്‍ ഹൈദരാബാദ് എ.ഫ് സിയോട് തോല്‍വി വഴങ്ങിയ ബ്ലാസ്‌റ്റേഴ്‌സിന്റെ സെമി സാധ്യതകള്‍ മങ്ങിയിരുന്നു. അതിനാല്‍ വിജയത്തില്‍ കുറഞ്ഞതൊന്നും ബ്ലാസ്റ്റേഴ്സ് ഇന്ന് ചെന്നൈയിനെതിരായ മത്സരത്തില്‍ പ്രതീക്ഷിക്കുന്നില്ല.സീസണിന്റെ തുടക്കത്തില്‍ മികച്ച പ്രകടനം പുറത്തെടുത്തിട്ടും സീസണ്‍ അവസാനത്തോടടുക്കുമ്ബോള്‍ ബ്ലാസ്‌റ്റേഴ്‌സിന് എന്താണ് സംഭവിച്ചത് എന്നോര്‍ത്ത് തലയില്‍ കൈവക്കുകയാണ് ആരാധകര്‍. 17 കളികളില്‍ നിന്ന് ഏഴ് വിജയങ്ങളും ആറ് സമനിലകളും നാല് തോല്‍വികളുമുള്‍പ്പെടെ 27 പോയിന്റുമായി അഞ്ചാം സ്ഥാനത്താണിപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ്.