മധുവിധു ആഘോഷിക്കുന്നവരെ ആകര്‍ഷിക്കാന്‍ പ്രണയഗാനങ്ങളുമായി ടൂറിസം

0

തിരുവനന്തപുരം: മധുവിധു ആഘോഷിക്കാനുള്ള മികച്ചതും സുരക്ഷിതവുമായ ലക്ഷ്യസ്ഥാനമായി കേരളത്തെ ഉയര്‍ത്തിക്കാട്ടുന്നതിനുള്ള ‘ഹണിമൂണ്‍ ഹോളിഡെയ്സ്’ പ്രചാരണത്തില്‍ പ്രണയഗാനങ്ങളെ ഉള്‍പ്പെടുത്തി ടൂറിസം വകുപ്പ്. മധുവിധു ആഘോഷിക്കുന്ന സഞ്ചാരികളെ ആകര്‍ഷിക്കുകയാണ് ലക്ഷ്യം.


‘ഹണിമൂണ്‍ ഹോളിഡെയ്സ്’ പ്രചാരണത്തിന്‍റെ ഭാഗമായി ഒരു മിനിറ്റില്‍ താഴെ മാത്രം ദൈര്‍ഘ്യം വരുന്ന എട്ട് പ്രണയഗാനങ്ങള്‍ സമന്വയിപ്പിച്ച് ‘ലൗവ് ഇസ് ഇന്‍ ദ എയര്‍’ എന്ന സംഗീത ആല്‍ബം ടൂറിസം വകുപ്പ് നിര്‍മ്മിച്ചു.
ടൂറിസത്തിന്‍റെ സമൂഹമാധ്യമ പേജുകളില്‍ പ്രകാശനം ചെയ്ത ദൃശ്യ ഗാന ശകലങ്ങള്‍ ഏകദേശം ഒരു ലക്ഷത്തോളം ആളുകള്‍ ഇതിനോടകം ആസ്വദിച്ചു. ‘വെന്‍ ചായ് മെറ്റ് ടോസ്റ്റ്’ എന്ന പ്രശസ്ത ബാന്‍ഡ് പാടിയ ഗാനങ്ങള്‍ സ്പോട്ടിഫെ, ഗാന, ഹങ്കാമ, ജിയോസവാന്‍, വിങ്ക് തുടങ്ങിയ സംഗീത പ്ലാറ്റ് ഫോമുകളിലൂടെ രാജ്യത്തെ 75 ലക്ഷത്തിലധികം ആളുകള്‍ കേട്ടുകഴിഞ്ഞു.
വാലന്‍റൈന്‍ ദിനത്തോട് അനുബന്ധിച്ച് ടൂറിസത്തിന്‍റെ സമൂഹമാധ്യമ പേജുകളിലെ ഫോളോവേഴ്സിനായി ഈ പ്രണയഗാനങ്ങളുടെ റീലുകള്‍ സൃഷ്ടിക്കുന്നതിനുള്ള മത്സരം സംഘടിപ്പിച്ചിട്ടുണ്ട്.  മികച്ച റീലുകള്‍ അയക്കുന്നവര്‍ക്ക് സൗജന്യമായി കേരളത്തിലേക്ക് വിനോദസഞ്ചാരത്തിന് അവസരം ലഭിക്കും.
കൊവിഡ് രണ്ടാം തരംഗത്തിനു ശേഷം യാത്രാ ഇളവുകള്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്നായിരുന്നു ടൂറിസം വകുപ്പ് ‘ഹണിമൂണ്‍ ഹോളിഡെയ്സ്’ പ്രചാരണം ആരംഭിച്ചത്.

You might also like

Leave A Reply

Your email address will not be published.