സംസ്ഥാനത്തെ സ്കൂളുകളില്‍ പത്ത്, പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകള്‍ തിങ്കളാഴ്ച മുതല്‍ വൈകീട്ട് വരെ അധ്യയനം തുടങ്ങുന്നു
കോവിഡിന് ശേഷം ആദ്യമായാണ് സംസ്ഥാനത്തെ സ്കൂളുകളില്‍ ഭാഗികമായിട്ടാണെങ്കിലും രാവിലെ മുതല്‍ വൈകീട്ട് വരെയുള്ള അധ്യയനം പുനഃരാരംഭിക്കുന്നത്. കാറ്റഗറി നിശ്ചയിച്ചുള്ള നിയന്ത്രണത്തില്‍ ക്ലാസുകള്‍ നിര്‍ത്തിവെച്ച കോളജുകളിലും തിങ്കളാഴ്ച അധ്യയനം പുനരാരംഭിക്കും. കഴിഞ്ഞ നവംബറില്‍ സ്കൂള്‍ തുറന്നത് മുതല്‍ ഉച്ചവരെയാണ് അധ്യയനം അനുവദിച്ചിരുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ബാച്ചുകളായുള്ള അധ്യയനം തുടരും.എന്നാല്‍ 14ന് പുനരാരംഭിക്കുന്ന ഒന്ന് മുതല്‍ ഒമ്ബത് വരെയുള്ള ക്ലാസുകളുടെ നടത്തിപ്പ് സംബന്ധിച്ച് തിങ്കളാഴ്ച ചേരുന്ന വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതല യോഗത്തില്‍ ചര്‍ച്ച നടക്കും. ഈ ക്ലാസുകള്‍ക്ക് ഉച്ചവരെ അധ്യയനം നടത്താനാണ് ധാരണ. എന്നാല്‍ ബാച്ചുകളായുള്ള അധ്യയനമായതിനാല് വിദ്യാര്‍ഥികള്‍ എല്ലാ ദിവസവും വരേണ്ടതില്ലാത്തതിനാല് വൈകുന്നേരം വരെ ക്ലാസ് ദീര്‍ഘിപ്പിക്കുന്നതിന്റെ സാധ്യതയും പരിശോധിക്കുന്നുണ്ട്.14 വരെ ഈ ക്ലാസുകള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരും. മാര്‍ച്ച് അവസാനത്തിലും ഏപ്രിലിലുമായി പൊതുപരീക്ഷ നടക്കുന്നതിനാലാണ് പത്ത്, പ്ലസ് ടു ക്ലാസുകള്‍ വൈകുന്നേരമാക്കുന്നത്. പിന്നാലെ പ്ലസ് വണ്ണിനും പൊതുപരീക്ഷ നടത്തേണ്ടതിനാല്‍ ഈ വിദ്യാര്‍ഥികളെയും വൈകീട്ട് വരെയുള്ള അധ്യയനത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. കോളജുകള്‍ക്ക് നേരത്തെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം നിശ്ചയിച്ച സമയപ്രകാരം തന്നെയായിരിക്കും ക്ലാസുകള്‍.