ഡോ.രേണു രാജ് അച്ഛന്‍ രാജകുമാരന്‍ നായരുടെയും അമ്മ വി.എം.ലതയുടെയും കാല്‍തൊട്ട് വന്ദിച്ച് ജില്ലാ കളക്ടറുടെ ചേംബറിലേക്ക് കടന്നു.
കാത്തു നിന്നവരെ കൈകൂപ്പി വണങ്ങി കസേരയില്‍ ഇരിക്കുമ്ബോള്‍ ഡോ. രേണു രാജിന്റെ മനസു നിറയെ കളക്ടര്‍ എന്ന സ്വപ്നം പൂവണിഞ്ഞതിന്റെ സംതൃപ്തി
ജനസേവനത്തിനായി ഡോക്ടര്‍ കുപ്പായം അഴിച്ചുവച്ചപ്പോള്‍ മനസില്‍ കുടിയേറിയതാണ് കളക്ടറാകണമെന്ന സ്വപ്നം. ജില്ലയുടെ 53 ാമത്തെ കളക്ടറായി രേണു രാജ് ചുമതലയേറ്റപ്പോള്‍ എന്നും താങ്ങും തണലുമായി നിന്ന മാതാപിതാക്കളും സഹോദരി ഡോ. രമ്യാ രാജും ആ നിമിഷങ്ങള്‍ക്ക് സാക്ഷിയായി. എറണാകുളം അസി. കളക്ടര്‍, തൃശൂര്‍, ദേവികുളം സബ് കളക്ടര്‍, കേന്ദ്ര പട്ടികവര്‍ഗ മന്ത്രാലയം അസി.സെക്രട്ടറി, ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസര്‍, നഗരകാര്യവകുപ്പ് ഡയറക്ടര്‍ തുടങ്ങി പദവികള്‍ക്ക് ശേഷമാണ് കളക്ടറായുള്ള ആദ്യ ചുമതല. 2015 ഐ.എ.എസ് ബാച്ച് ഉദ്യോഗസ്ഥയായ രേണാ രാജ് ചങ്ങനാശേരി മലകുന്നം സ്വദേശിനിയാണ്. ജില്ലയുടെ ആരോഗ്യ രംഗത്തും, വിനോദ സഞ്ചാര മേഖലയിലുമടക്കം ഇടപെടലുകള്‍ നടത്തുന്നതിനും, സ്ത്രീ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കുന്നതിനുമുള്ള ആശയങ്ങളും സ്വപ്നങ്ങളും പങ്കുവയ്ക്കുകയാണ് ഡോ.രേണു രാജ്.
ആലപ്പുഴയുമായി മുന്‍ ബന്ധം
ആലപ്പുഴ ഏറെ പരിചിതമായ ജില്ലയാണ്. ഔദ്യോഗികമായി ആദ്യമാണെങ്കിലും, മുമ്ബ് പല തവണ ആലപ്പുഴയിലെത്തിയിട്ടുണ്ട്. സ്ഥലങ്ങളെല്ലാം അറിയാം. ബന്ധുക്കളുമുണ്ട് ഇവിടെ. അനുജത്തി ഡോ.രമ്യ രണ്ട് മാസമായി ആലപ്പുഴ മെഡിക്കല്‍ കോളേജിലാണ് പ്രാക്ടീസ് ചെയ്യുന്നത്. ഇനി കൂടുതല്‍ ആളുകളിലേക്ക് ഇറങ്ങിച്ചെല്ലേണ്ടതുണ്ട്. ജില്ലാ ഭരണകൂടത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സാധാരണക്കാരിലെത്തിക്കുന്ന പാതയായി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.
ആലപ്പുഴയില്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നത്
വികസനത്തിനായി നിലവില്‍ നടക്കുന്ന പദ്ധതികളെക്കുറിച്ച് കൂടുതല്‍ മനസിലാക്കേണ്ടതുണ്ട്. ഇന്ന് ആലപ്പുഴയെ ലോകപ്രശസ്തമാക്കുന്നത് വിനോദ സഞ്ചാര മേഖലയാണ്. കൊവിഡ് കാലത്ത് ആകെയുണ്ടായ മാന്ദ്യത്തിന്റെ പ്രതിഫലനം വിനോദ സഞ്ചാരത്തെയും ബാധിച്ചു. നിലവിലുള്ള സൗകര്യങ്ങള്‍ നവീകരിച്ചുവരികയാണ്. ഇതിന് വേണ്ട പിന്തുണ നല്‍കും. കനാല്‍ പുനരുദ്ധാരണം പോലെ നിലവില്‍ നടന്നു വരുന്ന വികസന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തും. എല്ലാ പ്രവൃത്തികളെയും കുറിച്ച് വിശദമായി മനസിലാക്കിയ ശേഷമേ, ഇനി എന്താണ് ആവശ്യമെന്ന് മനസിലാക്കാനും, അതിനനുസരിച്ച് പദ്ധതികള്‍ വിഭാവനം ചെയ്യാനും സാധിക്കൂ.
ഡോക്ടറെന്ന നിലയില്‍ ആലപ്പുഴയുടെ ആരോഗ്യ സംരക്ഷണം
ഭൂമിശാസ്ത്രപരമായി ഏറെ പ്രത്യേകതകളുള്ള പ്രദേശമാണ് ആലപ്പുഴ. തീരദേശ മേഖലയും കാര്‍ഷിക മേഖലയും അഭിമുഖമായി നില്‍ക്കുന്നു. ജില്ല ചെറുതാണെങ്കിലും, ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമാണ്. പല ഘട്ടത്തിലും പകര്‍ച്ചവ്യാധി വ്യാപനം ആലപ്പുഴയെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. ആരോഗ്യ രംഗത്ത് മികച്ച ഇടപെടലുകള്‍ നടത്താനാവുമെന്നാണ് കരുതുന്നത്. ആവശ്യത്തിന് പൊതുശൗചാലയങ്ങള്‍, വിശ്രമകേന്ദ്രങ്ങള്‍ എന്നിവയും ആരോഗ്യമുള്ള ജനതയ്ക്ക് അനിവാര്യമാണ്.
ഒരേസമയം കേരളത്തിന് 10 വനിതാ ജില്ലാകളക്ടര്‍മാര്‍, അവരില്‍ ഒരാളാകുമ്ബോള്‍ എന്തുതോന്നുന്നു
ഏറെ സന്തോഷവും അഭിമാനവുമുണ്ട്. എല്ലാ വിഭാഗം തൊഴില്‍ മേഖലകളിലും 50 ശതമാനത്തിലധികം വനിതകളാണ്. ലിംഗ സമത്വം ഉറപ്പാക്കാന്‍ പല ആശയങ്ങള്‍ മുന്നോട്ട് വരുന്നുണ്ടെങ്കിലും സമൂഹത്തിലെ എല്ലാ തട്ടിലും അത് പ്രാവര്‍ത്തികമാക്കപ്പെട്ടിട്ടില്ല. രാത്രി 12 മണിക്ക് ശേഷം ചൂളം വിളിയോ, ശല്യങ്ങളോയില്ലാതെ എല്ലാ സ്ത്രീകള്‍ക്കും പുറത്തിറങ്ങാന്‍ കഴിയുന്ന നിലയിലേക്ക് സമൂഹം മാറണം.