കീവില്‍ നിന്ന് പാലായനത്തിന് ശ്രമിച്ച ഏഴ് സാധാരണ പൗരന്മാര്‍ റഷ്യന്‍ സേനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.റഷ്യയും സമ്മതം മൂളിയ ഗ്രീന്‍ കോറിഡോര്‍ വഴി പെരേമൊഹയില്‍ നിന്ന് പോകുകയായിരുന്നവര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. അതേ സമയം റഷ്യന്‍ സേന വിഷയത്തില്‍ കൂടുതല്‍ വിശദീകരണം നല്‍കിയിട്ടില്ല. ഒരു കുട്ടിയും ആറ് മുതിര്‍ന്ന പൗരന്മാരുമാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. അതേ സമയം റഷ്യന്‍ പ്രസിഡന്‍റ് വ്‌ളാഡിമിര്‍ പുടിന്‍ യുക്രൈനിലെ സമാധാനത്തിന് ഒരുക്കമായിട്ടില്ലെന്ന് ഫ്രഞ്ച് പ്രസിഡന്‍റിനെ ഉദ്ധരിച്ച് യുക്രൈന്‍ പറഞ്ഞു.യുക്രൈനില്‍ റഷ്യന്‍ സേനയുടെ അധിനിവേശം മൂന്നാഴ്‌ചയിലേക്ക് കടന്നിരിക്കുകയാണ്. യുക്രൈനില്‍ സാധാരണക്കാരായ ജനങ്ങള്‍ റഷ്യന്‍ സേനയുടെ ആക്രമണത്തില്‍ കൊല്ലപ്പെടുവെന്ന റിപ്പോര്‍ട്ടുകള്‍ ഫെബ്രുവരി 24 മുതല്‍ തന്നെ റഷ്യ നിഷേധിക്കുന്നുണ്ട്. അതേ സമയം സാധാരാണക്കാരെ രക്ഷപ്പെടുത്താന്‍ യുക്രൈന്‍ പരാജയപ്പെടുന്നുവെന്നാണ് റഷ്യന്‍ സേനയുടെ ആരോപണം. നമുക്ക് പോരാട്ടം തുടരേണ്ടതുണ്ടെന്ന് യുക്രൈന്‍ പ്രസിഡന്‍റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കി കഴിഞ്ഞ ദിവസം പുറത്തുവിട്ട വീഡിയോ സന്ദേശത്തില്‍ പറഞ്ഞിരുന്നു.റഷ്യന്‍ സേനയുടെ ആക്രമണത്തില്‍ ഇതിനകം 1300 യുക്രൈന്‍ ട്രൂപ്പുകള്‍ കൊല്ലപ്പെട്ടെന്നും പാശ്ചാത്യ രാജ്യങ്ങള്‍ സമാധാന ചര്‍ച്ചകള്‍ വേഗത്തിലാക്കണമെന്നും സെലന്‍സ്‌കി ആവശ്യപ്പെട്ടു. ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സുമായും ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണുമായും യുക്രൈന്‍ പ്രസിഡന്‍റ് ആശയവിനിമയം നടത്തിയിരുന്നു. തുടര്‍ന്ന് ഇരുവരും റഷ്യന്‍ പ്രസിഡന്‍റ് പുടിനുമായും സംസാരിച്ചിരുന്നു. അടിയന്തരമായി റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നതാണ് യുക്രൈന്‍ നേതാക്കള്‍ക്ക് മുന്നിലേക്ക് വച്ച ആവശ്യം.കീവിലെ വാസില്‍കീവ് മേഖലയിലെ യുക്രൈനിയന്‍ എയര്‍ബേസില്‍ റഷ്യ റോക്കറ്റ് ആക്രമണം നടത്തിയെന്ന് മേഖലയിലെ മേയറിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു. കുടുങ്ങിക്കിടക്കുന്ന പ്രദേശങ്ങളില്‍ രക്ഷാദൗത്യ സമയത്തും റഷ്യന്‍ സേന ആക്രമണം നടത്തുകയാണെന്നും ശനിയാഴ്‌ച മാത്രമായി 13,000ത്തോളം പേരെ നഗരങ്ങളില്‍ നിന്ന് രക്ഷപ്പെടുത്തിയെന്നും ഡെപ്യൂട്ടി പ്രധാനമന്ത്രി വ്യക്തമാക്കി.റഷ്യന്‍ സേനയുടെ ഷെല്ലാക്രമണത്തില്‍ മരിയപോളില്‍ മാത്രമായി 1582 സാധാരണക്കാര്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രദേശത്ത് നിരന്തരമായി ഷെല്ലാക്രമണം നടക്കുന്നുവെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. അതേ സമയം യുക്രൈന്‍ സേന സ്വന്തം ജനങ്ങള്‍ക്ക് നേരെ ആക്രമണം നടത്തുകയാണെന്ന് റഷ്യ ആരോപിക്കുന്നു. എന്നാല്‍ ഈ ആരോപണങ്ങളെ യുക്രൈനും പാശ്ചാത്യ രാജ്യങ്ങളും തള്ളിക്കളഞ്ഞിട്ടുണ്ട്.