അര്‍ധരാത്രിയില്‍ നിര്‍ത്താതെ ഓടി ജനമനസ്സുകളില്‍ ഇടം നേടിയ 19-കാരന് 2.5 ലക്ഷം രൂപയുടെ ചെക് നല്‍കി ഷോപേഴ്‌സ് സ്റ്റോപ്

0

2.5 ലക്ഷം രൂപയുടെ ചെകാണ് ഇവര്‍ പ്രദീപിന് നല്‍കിയത്. പ്രദീപിന്റെ അമ്മയുടെ ചികിത്സയ്ക്ക് വേണ്ടിയും സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നതിന് വേണ്ടിയുമാണ് സഹായം നല്‍കിയത്.അര്‍ധരാത്രി നോയ്ഡയിലെ റോഡിലൂടെ തോളില്‍ ബാഗുമിട്ട് ഓടുന്ന പ്രദീപിന്റെ വീഡിയോ സംവിധായകനും എഴുത്തുകാരനുമായ വിനോദ് കാപ്രിയാണ് പങ്കുവെച്ചത്. നിമിഷങ്ങള്‍ക്കകം തന്നെ വീഡിയോ വൈറലാകുകയും ചെയ്തിരുന്നു. ലക്ഷക്കണക്കിനാളുകളാണ് വീഡിയോ കണ്ടത്.എന്തിനാണ് ഈ രാത്രി ഓടുന്നതെന്ന വിനോദിന്റെ ചോദ്യത്തിന് പട്ടാളത്തില്‍ ചേരാനാണ് താന്‍ ഓടി പരിശീലിക്കുന്നത് എന്നായിരുന്നു പ്രദീപിന്റെ മറുപടി. ഒന്നും രണ്ടും കിലോമീറ്ററല്ല, തന്റെ ലക്ഷ്യസാക്ഷാത്കരണത്തിനായി 10 കിലോമീറ്ററാണ് ദിവസവും രാത്രി ഈ ചെറുപ്പക്കാരന്‍ ഓടുന്നത്.എന്തെങ്കിലും അത്യാവശ്യം കൊണ്ടാവും ഓടുന്നത്, ലിഫ്റ്റ് കൊടുക്കാം എന്ന് കരുതിയാണ് വിനോദ് കാര്‍ നിര്‍ത്തി പ്രദീപുമായി സംസാരിക്കാന്‍ തുടങ്ങിയത്. ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞപ്പോള്‍ പ്രദീപ് തുടര്‍ച്ചയായി അത് നിരസിച്ചു. പ്രദീപ് ഓടിക്കൊണ്ടും വിനോദ് കാറിലിരുന്നുമാണ് സംസാരം. ഇതിനിടെയാണ് ഓടുന്നതിനു പിന്നിലെ കാരണം പ്രദീപ് പറയുന്നത്.സെക്ടര്‍ 16-ലെ മക്ഡൊണാള്‍ഡ്സിലെ ജീവനക്കാരനാണ് പ്രദീപ്. കാറില്‍ വീട്ടിലാക്കി തരാമെന്ന് വിനോദ് വീണ്ടും പറയുമ്ബോള്‍, എനിക്ക് ഇപ്പോഴാണ് ഓടാന്‍ സമയം കിട്ടുക എന്നായിരുന്നു പ്രദീപിന്റെ മറുപടി.രാവിലെ ഓടിക്കൂടെ എന്ന വിനോദിന്റെ ചോദ്യത്തിന് രാവിലെ ഭക്ഷണം പാകംചെയ്യലും ജോലിക്കു പോകലും ഒക്കെയാവുമ്ബോള്‍ ഓടാന്‍ നേരം കിട്ടില്ലെന്നായിരുന്നു പ്രദീപിന്റെ മറുപടി. അമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മൂത്തസഹോദരനൊപ്പമാണ് താമസിക്കുന്നതെന്നും യുവാവ് അറിയിച്ചു. പ്രദീപും താനുമായുള്ള സംഭാഷണത്തിന്റെ വീഡിയോ വൈറലാകുമെന്ന് സംസാരത്തിനിടെ വിനോദ് പറയുന്നുണ്ട്.അതിന് എന്നെ ആരാണ് തിരിച്ചറിയാന്‍ പോകുന്നത് എന്നായിരുന്നു പ്രദീപിന്റെ മറുപടി. ഇനി വൈറലായാലോ എന്ന ചോദ്യത്തിന്-സാരമില്ല, താന്‍ തെറ്റൊന്നുമല്ലല്ലോ ചെയ്യുന്നത് എന്നായിരുന്നു 19കാരന്റെ മറുപടി. എത്ര കിലോമീറ്റര്‍ ഓടുമെന്ന ചോദ്യത്തിന് സെക്ടര്‍ 16 മുതര്‍ ബറോല വരെ 10 കിലോമീറ്റര്‍ ഓടുമെന്നും പ്രദീപ് പറഞ്ഞു.വീഡിയോ വൈറലായതിന് പിന്നാലെ നിരവധി കോണില്‍ നിന്ന് യുവാവിനെ തേടി അഭിനന്ദനപ്രവാഹങ്ങളെത്തി. സഹായവുമായി നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പ്രദീപിന്റെ അമ്മയുടെ ചികിത്സക്കായി 2.5 ലക്ഷം രൂപയുടെ ചെക് ഷോപേഴ്‌സ് സ്റ്റോപ് പ്രദീപിനെ ഏല്‍പിച്ചത്.

You might also like

Leave A Reply

Your email address will not be published.