ഞായറാഴ്ച എഫ്.സി ഗോവയ്ക്കെതിരായ ആ മത്സരം തോല്‍ക്കാതിരുന്നാല്‍ മാത്രം മതി ബ്ളാസ്റ്റേഴ്സിന് അവസാന നാലില്‍ ഇടം ഉറപ്പാക്കാന്‍.ഒരു പക്ഷേ നാളെ നടക്കുന്ന മത്സരത്തില്‍ മുംബയ് സിറ്റിക്ക് ഹൈദരാബാദിനെ തോല്‍പ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ത്തന്നെ ബ്ളാസ്റ്റേഴ്സിന്റെ സെമിഫൈനല്‍ ഉറപ്പാകും.ശനിയാഴ്ച മുംബയ് ജയിച്ചാലും ഞായറാഴ്ച ബ്ളാസ്റ്റേഴ്സ് ഗോവയ്ക്കെതിരെ സമനില പിടിച്ചാല്‍ ബ്ളാസ്റ്റേഴ്സിനും മുംബയ്ക്കും ഒരേ പോയിന്റ് നിലയാകും. നേര്‍ക്കുനേര്‍ പോരാട്ടങ്ങളിലെ വിജയത്തിന്റെ മികവില്‍ മഞ്ഞപ്പടയ്ക്ക് സെമിയിലെത്താം.കഴിഞ്ഞ രാത്രി നടന്ന നിര്‍ണായകമത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് മുംബയ് സിറ്റി എഫ്.സിയെ കീഴടക്കിയാണ് കേരള ബ്ളാസ്റ്റേഴ്സ് സെമിഫൈനല്‍ സാദ്ധ്യതകള്‍ വര്‍ദ്ധിപ്പിച്ചത്. ഇരട്ടഗോളുകള്‍ നേടിയ അല്‍വാരോ വസ്ക്വേസും ആദ്യ പകുതിയില്‍ അവിസ്മരണീയ ഗോളടിച്ച സഹലും ചേര്‍ന്നാണ് ബ്ളാസ്റ്റേഴ്സിന് ഗംഭീര വിജയമൊരുക്കിയത്. ആദ്യ പകുതിയില്‍ രണ്ട് ഗോളുകള്‍ നേടിയിരുന്ന ബ്ളാസ്റ്റേഴ്സ് രണ്ടാം പകുതിയില്‍ ഒരു ഗോളും കൂടിയടിച്ച് മത്സരത്തിന്റെ വിധി കുറിക്കുകയായിരുന്നു.71-ാം മിനിട്ടില്‍ പെനാല്‍റ്റിയില്‍ നിന്നാണ് മുംബയ് ആശ്വാസഗോള്‍ കണ്ടെത്തിയത്.19-ാം മിനിട്ടില്‍ സഹല്‍ സ്കോറിംഗ് തുടങ്ങിയപ്പോള്‍ ആദ്യ പകുതിയുടെ ഇന്‍ജുറി ടൈമിലും 60-ാം മിനിട്ടിലുമായിരുന്നു വസ്ക്വേസിന്റെ ഗോളുകള്‍.വസ്ക്വേസിന്റെ ആദ്യ ഗോള്‍ പെനാല്‍റ്റിയില്‍ നിന്നായിരുന്നു.ഡീഗോ മൗറീഷ്യോയാണ് മുംബയ്ക്ക് വേണ്ടി പെനാല്‍റ്റി ഗോളാക്കിയത്.ഈ വിജയത്തോടെ ബ്ളാസ്റ്റേഴ്സ് 19 മത്സരങ്ങളില്‍ നിന്ന് 33 പോയിന്റുമായി നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നു.നാലാം സ്ഥാനത്തായിരുന്ന മുംബയ് സിറ്റി 31 പോയിന്റുമായി അഞ്ചാം സ്ഥാനത്തേക്ക് താഴ്ന്നു.ഈ സീസണിലെ ബ്ളാസ്റ്റേഴ്സിന്റെ ഒന്‍പതാമത്തെ വിജയമായിരുന്നു കഴിഞ്ഞരാത്രി മുംബയ് സിറ്റിക്കെതിരെ നേടിയത്.ഈ സീസണിലെ ആദ്യ പാദ മത്സരത്തില്‍ കേരള ബ്ളാസ്റ്റേഴ്സ് മുംബയ് സിറ്റിയെ 3-0ത്തിന് തോല്‍പ്പിച്ചിരുന്നു.സഹലിന്റെ വണ്ടര്‍ ഗോള്‍ ആദ്യ ഇലവനിലേക്ക് തിരികെയെത്തിയ സഹലിന്റെ അതുല്യമായ ഡ്രിബിളിംഗ് പാടവമാണ് ആദ്യ ഗോളിലേക്ക് വഴിതുറന്നത്. എതിര് ഗോള്‍ മുഖത്തിന് അകലെവച്ച് തനിക്ക് കിട്ടിയ പന്തുമായി രണ്ട് പേരേ അതിമനോഹരമായി കബളിപ്പിച്ച് മുന്നേറിയ സഹല്‍ ബോക്സിനുള്ളിലേക്ക് കടന്ന് വട്ടം നിന്ന മൂന്ന് ഡിഫന്‍ഡര്‍മാര്‍ക്കിടയിലൂടെയാണ് വലയിലേക്ക് പന്ത് കടത്തിവിട്ടത്.