താവക്കരയിലെ സെന്‍ട്രല്‍ അവന്യു ഹോട്ടലുടമകളായ എം എന്‍ സുനിലിന്റെയും ഡോ.എം എന്‍ ഗിരീഷിന്റെയും വാക്കുകളിലുണ്ട് നാടിനോടുള്ള പ്രതിബദ്ധത.’ഹോട്ടല്‍ നില്‍ക്കുന്ന 50 സെന്റിന്റെ മധ്യത്തിലൂടെയാണ് കെ- റെയില്‍ സാമൂഹ്യാഘാത പഠനത്തിനുവേണ്ടി കല്ലിട്ടത്. ഈ പദ്ധതി വരണം. സ്ഥലമേറ്റെടുക്കുന്നതില്‍ സന്തോഷമേയുള്ളൂ’, സുനില്‍ വ്യക്തമാക്കി. ഫോര്‍ സ്റ്റാര്‍ സൗകര്യമുള്ള പ്രമുഖ ഹോട്ടലാണിത്.കണ്ണൂര്‍ നഗരത്തിലെ കണ്ണായ സ്ഥലത്ത് 35,000 ചതുരശ്ര അടിയിലുള്ള ഹോട്ടല്‍ 2012ലാണ് തുടങ്ങിയത്. കൊവിഡ്‌കാലത്ത് പ്രവര്‍ത്തനം നിര്‍ത്തി. നിയന്ത്രണങ്ങള്‍ മാറിയശേഷം വീണ്ടും പ്രവര്‍ത്തനം തുടങ്ങാനിരിക്കെയാണ് കെ- റെയിലിനായി കല്ലിട്ടത്. ഏറ്റെടുക്കുകയാണെങ്കില്‍ ഹോട്ടല്‍ പൂര്‍ണമായും പൊളിക്കേണ്ടിവരും. ‘അര്‍ഹിക്കുന്ന നഷ്ടപരിഹാരം കിട്ടുമെന്ന് ഉറപ്പാണ് ‘, സുനില്‍ പറഞ്ഞു.മുമ്ബും ഇത്തരത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഇവര്‍ സ്ഥലം വിട്ടുനല്‍കിയിട്ടുണ്ട്. നഗരത്തില്‍ സുനിലിന്റെയും ഡോ. ഗിരീഷിന്റെയും ഉടമസ്ഥതയില്‍ മറ്റു ചില സ്ഥാപനങ്ങളുമുണ്ട്. സെന്‍ട്രല്‍ അവന്യു ഹോട്ടലിന്റെ സ്ഥലത്ത് നേരത്തേ സെന്‍ട്രല്‍ ടാക്കീസായിരുന്നു.താവക്കര സബ്‌വേക്കുവേണ്ടി സ്ഥലം വിട്ടുകൊടുത്തതിന്റെ ബാക്കിയുള്ള സ്ഥലത്താണ് ഹോട്ടല്‍ പണിതത്. അന്ന് തുച്ഛമായ തുകയാണ് ലഭിച്ചത്. കണ്ണൂര്‍-മട്ടന്നൂര്‍ റോഡിലെ ഇവരുടെ ഉടമസ്ഥതയിലുള്ള പെട്രോള്‍ സ്‌റ്റേഷന്‍ വിമാനത്താവള റോഡ് നവീകരണത്തിനായി അടയാളപ്പെടുത്തിയിട്ടുണ്ട്.