അഞ്ചു പൈസ ചെലവില്ലാതെ നല്ല അടിപൊളി പൂളില്‍ നീന്തി വരാം, അതും ചുറ്റും മലനിരകളുടെയും പച്ചപ്പിന്‍റെയും കാഴ്ചകള്‍ ആസ്വദിച്ചു കൊണ്ട്
മേഘാലയയിലെ മാവ്തെന്‍ ഗ്രാമത്തിലാണ് ഇതിനുള്ള അവസരമുള്ളത്.മേഘാലയയിലെ സൗത്ത് വെസ്റ്റ് ഖാസി ഹില്‍സ് ജില്ലയിലെ മൗകിര്‍വാട്ട് ബ്ലോക്കിലുള്ള ഒരു ഗ്രാമമാണ് മാവ്തെന്‍. ഈ ഗ്രാമത്തില്‍ ഏകദേശം 347 വീടുകള്‍ മാത്രമാണ് ഉള്ളത്.മാവ്തെന്‍ ഗ്രാമത്തിലാണ് ഓഡ് റിംഗൈ എന്നു പേരുള്ള പ്രകൃതിദത്ത ഇന്‍ഫിനിറ്റി പൂള്‍. ഉര്‍-റിംഗൈ വെള്ളച്ചാട്ട (ഗോസ്റ്റ് ഫാളിങ് ഫാള്‍സ്) ത്തിലെ ജലം പാറക്കെട്ടുകള്‍ക്കിടയില്‍ നിറഞ്ഞ് രൂപപ്പെട്ട തടാകമാണിത്.ചെങ്കുത്തായ പാറയുടെ താഴേക്ക് ഒഴുകിയിറങ്ങുന്ന വെള്ളത്തിനൊപ്പം ഒലിച്ചുപോകുമോ എന്നു തോന്നും ഈ പൂള്‍ കാണുമ്ബോള്‍.അവധിദിനങ്ങളില്‍ ഇവിടെ പിക്നിക്കിനായി ധാരാളം സഞ്ചാരികള്‍ എത്തുന്നുണ്ട്. ഇവിടെനിന്നു നോക്കിയാല്‍ ബംഗ്ലദേശിന്‍റെയും ചുറ്റുമുള്ള ഗ്രാമങ്ങളുടെയും സമതലങ്ങളുടെയും മനോഹരമായ കാഴ്ചയും ആസ്വദിക്കാനാവും.ഹരിതാഭയാര്‍ന്ന കുന്നുകളുടെ പ്രകൃതിഭംഗിയും ഉംഗി മുതല്‍ റിലാംഗ്, കിന്‍ഷി വരെയുള്ള ആകര്‍ഷകമായ നദികളുടെ സാന്നിധ്യവും ഗുഹകള്‍, ചൂടുനീരുറവകള്‍ എന്നിവയും വെള്ളച്ചാട്ടങ്ങളും മികച്ച കാലാവസ്ഥയുമെല്ലാമായി തികച്ചും അനുഗൃഹീതമാണ് തെക്ക് പടിഞ്ഞാറന്‍ ഖാസി കുന്നുകള്‍. ധാരാളം മനോഹരമായ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ ഈ കുന്നുകള്‍ക്ക് ചുറ്റുമുണ്ട്.