പോത്തന്‍കോട് : മംഗലപുരം ഗവണ്‍മെന്‍റ് എല്‍.പി. സ്കൂളിന് പറഞ്ഞ വാക്കു പാലിച്ചു കൊണ്ട് സ്കൂള്‍ ബസ്സ് നിരത്തിലിറക്കാനുള്ള സാമ്പത്തിക സഹായവുമായി ബ്ളോക്ക് പഞ്ചായത്ത് അംഗം ഷെഹീനെത്തി. ഇക്കഴിഞ്ഞ സ്കൂള്‍ വാര്‍ഷികാഘോഷച്ചടങ്ങില്‍ വിശിഷ്ടാതിഥിയായെത്തിയ പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്തംഗം എം.എ. ഷെഹീനോട് പി.റ്റി.എ. ഭാരവാഹികള്‍ കോവിഡ് ലോക്ക്ഡൗണിനുശേഷം പ്രവര്‍ത്തനരഹിതമായ സ്കൂള്‍ ബസ് നിരത്തിലിറക്കാന്‍ സാമ്പത്തികസഹായം അഭ്യര്‍ത്ഥിച്ചിരുന്നു.
കമ്മിറ്റിയുടെ അംഗീകാരം ലഭിച്ച ദിനം തന്നെ മൂന്നു മണിക്കൂര്‍ കൊണ്ട് ഷെഹീന്‍ പി.റ്റി.എ. ഭാരവാഹികളുടെ സാന്നിദ്ധ്യത്തില്‍ സുമനസ്സുകളുടെ സഹായത്തോടെ ഇന്‍ഷുറന്‍സ് തുകയായ 30000 രൂപയോളം സംഭരിച്ചു നല്‍കുകയായിരുന്നു. അടുത്ത ദിനങ്ങളില്‍ തന്നെ സ്കൂള്‍ ബസ്സുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങള്‍ക്കുള്ള തുകയും കണ്ടെത്തിയ ഷെഹീന്‍ വിദ്യാര്‍ത്ഥികളോടും,രക്ഷിതാക്കളോടും പറഞ്ഞ വാക്കു പാലിച്ചു.
ബ്ലോക്ക് പഞ്ചായത്ത് അംഗമായി മത്സരിക്കുന്ന വേളയില്‍ വിജയിക്കുന്ന പക്ഷം സ്വര്‍ണക്കമ്മല്‍ വാങ്ങി നല്‍കുമെന്ന് വാക്കു നല്‍കുകയും തുടര്‍ന്ന് വിജയിയായപ്പോള്‍ സ്വര്‍ണ്ണക്കമ്മല്‍ സമ്മാനിക്കുകയും ചെയ്ത വാര്‍ത്ത ‘വാക്കു പാലിച്ചു ഷെഹീന്‍’ എന്ന തലക്കെട്ടോടെ മാദ്ധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു.
പി.റ്റി.എ. പ്രസിഡന്‍റ് ഷാജി ദാറുല്‍ഹറം, വൈസ് പ്രസിഡന്‍റ് യാസ്മിന്‍, സെക്രട്ടറി രാധിക , എസ്.എം.സി. ചെയര്‍മാന്‍ എം.എച്ച്. സുലൈമാന്‍ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തില്‍ ഉദാരമതികളില്‍ നിന്നും സംഭരിച്ച തുക പ്രധാനാധ്യാപിക സെല്‍വിയാ ജോണ്‍ ഏറ്റുവാങ്ങി. തുടര്‍ന്നും സാധാരണക്കാരുടെ കുട്ടികള്‍ പഠിക്കുന്ന ഈ വിദ്യാലയത്തിലെ എല്ലാ പുരോഗമന പ്രവര്‍ത്തനങ്ങള്‍ക്കും എന്നും മുന്നിലുണ്ടാകുമെന്നും ഷെഹീന്‍ അറിയിച്ചു.
Related Posts