എറണാകുളം ശിവകുമാര്‍ കുറ്റൂര്‍ നെയ്തലക്കാവിലമ്മയുമായെത്തി വടക്കുന്നാഥന്റെ തെക്കേ ഗോപുരനട തുറന്ന് പൂര വിളംബരമറിയിച്ചു. കൊവിഡ് മൂലമുണ്ടായ രണ്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പുരുഷാരം തിങ്ങുന്ന, മേളപ്പെരുക്കങ്ങളും നിറങ്ങളും കുടമാറ്റച്ചന്തവും വെടിക്കെട്ടിന്റെ വിസ്മയങ്ങളും ഒന്നാകുന്ന തൃശൂര്‍ പൂരം ഇന്ന്.കൊമ്ബന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ സാന്നിദ്ധ്യത്തില്‍ ആയിരങ്ങള്‍ നെഞ്ചേറ്റിയിരുന്ന പൂരവിളംബരത്തിന്റെ മാറ്റ് തെല്ലും കുറയ്ക്കാതെയാണ് പിന്മുറക്കാരന് എറണാകുളം ശിവകുമാറും തലയെടുപ്പോടെ പൂരത്തിനുള്ള വാതില്‍ തുറന്നിട്ടത്.
പഞ്ചവാദ്യ, പാണ്ടിമേളങ്ങളുടെ അകമ്ബടിയോടെ കണിമംഗലം ശാസ്താവ് രാവിലെ ഏഴരയോടെ വടക്കുന്നാഥനിലെത്തുന്നതോടെ പൂരം തുടങ്ങും. 11.30നാണ് കോങ്ങാട് മധുവിന്റെ പ്രാമാണികത്വത്തില്‍ തിരുവമ്ബാടിയുടെ മഠത്തില്‍ വരവ് പഞ്ചവാദ്യം. ശ്രീമൂലസ്ഥാനത്തെ പാണ്ടിമേളത്തിന് ശേഷം തിരുവമ്ബാടി ഭഗവതി വടക്കുന്നാഥനിലെത്തും. 12.15ന് പാറമേക്കാവില്‍ എഴുന്നള്ളിപ്പ് തുടങ്ങും.15 ആനകള്‍ക്ക് പാണ്ടിമേളം അകമ്ബടിയാകും. രണ്ടരയോടെ വടക്കുന്നാഥനിലെ ഇലഞ്ഞിച്ചുവട്ടില്‍ പെരുവനം കുട്ടന്മാരാരുടെ നേതൃത്വത്തില്‍ പാറമേക്കാവിന്റെ ഇലഞ്ഞിത്തറമേളം കൊട്ടിക്കയറും. അഞ്ചിനാണ് പാണ്ടിമേളം കൊട്ടിയുള്ള തെക്കോട്ടിറക്കം. കോര്പ്പറേഷന് മുന്നിലെ രാജാവിന്റെ പ്രതിമ വലംവച്ച് തെക്കേഗോപുരത്തിന് അഭിമുഖമായി പാറമേക്കാവ് ഭഗവതി നിലകൊള്ളും. അപ്പോഴേയ്ക്കും തിരുവമ്ബാടി ഭഗവതി ഗോപുരത്തിന് മുന്നിലെത്തും. അഞ്ചരയോടെയാണ് ജനലക്ഷങ്ങള്‍ സാക്ഷിയാകുന്ന ഭഗവതിമാരുടെ കൂടിക്കാഴ്ചയും കുടമാറ്റവും. ഏഴിന് കുടമാറ്റം കഴിഞ്ഞ് ഭഗവതിമാര്‍ മടങ്ങും. ഘടകപൂരങ്ങള്‍ ഉച്ചയോടെ വടക്കുന്നാഥനിലെത്തി മടങ്ങും. ബുധനാഴ്ച പുലര്‍ച്ചെ മൂന്ന് മുതല്‍ അഞ്ചുവരെയാണ് വെടിക്കെട്ട്. ഉച്ചയ്ക്ക് ഒന്നോടെ പകല്‍പ്പൂരം ശ്രീമൂലസ്ഥാനത്ത് വിടചൊല്ലി പിരിയും.
You might also like