കാബൂള്‍: ഓരോ ദിവസം കഴിയുമ്ബോറും ജീവിക്കാനായി പെടാപ്പാട് പെടുകയാണ് തങ്ങളെന്ന് ഓരോ അഫ്ഗാനികളും വിളിച്ച് പറയുന്നു. താലിബാന്‍ അധികാരമേറ്റതിന് ശേഷം അഫ്ഗാനിസ്ഥാന്‍റെ വികസന സഹായങ്ങള്‍ക്ക് ലഭിച്ചിരുന്ന വലിയ തോതില്‍ വിദേശ സഹായം നിര്‍ത്തലാക്കപ്പെട്ടു. അതോടൊപ്പം രാജ്യത്തിന്‍റെ സെന്‍ട്രല്‍ ബാങ്ക് കരുതല്‍ ശേഖരം മരവിപ്പിക്കാനും പാശ്ചാത്യ രാജ്യങ്ങള്‍ തീരുമാനിച്ചു, ഇതോടെ സ്വതവേ തകര്‍ന്നിരുന്ന അഫ്ഗാന്‍ സാമ്ബത്തിക വ്യവസ്ഥ അക്ഷരാര്‍ത്ഥത്തില്‍ തകര്‍ന്ന് തരിപ്പണമായി.അഫ്ഗാന്‍ കറന്‍സിയായ അഫ്ഗാന്‍ അഫ്ഗാനിയുടെ മൂല്യം കുത്തനെ താഴേക്ക് പോയി. പണത്തിന്‍റെ മൂല്യം തകര്‍ന്നത് പണപ്പെരുപ്പത്തിന് കാരണമാക്കി. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ മാസങ്ങളായി ശമ്ബളമില്ല. സര്‍ക്കാര്‍ ഓഫീസുകളില്‍ കൈക്കൂലി സര്‍വ്വസാധാരണമായി. ജനങ്ങളുടെ വരുമാനം മൂന്നിലൊന്നായി കുറഞ്ഞു. എന്നാല്‍, ഭക്ഷ്യസാധനങ്ങളുടെ വില ഇരട്ടിയിലേറെയായി. ആളുകള്‍ പണ്ട് ആടിന് നല്‍കിയിരുന്ന മോശം റൊട്ടികള്‍ കഴിച്ചാണ് കാബൂളില്‍ പോലും ജീവിതം തള്ളിനീക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.മുന്‍ താലിബാന്‍ ഭരണത്തില്‍ നിന്നും വ്യത്യസ്തമായി കൂടുതല്‍ സ്വാതന്ത്രവും നല്ല ഭരണവും ഉറപ്പ് നല്‍കിയാണ് 2021 ഓഗസ്റ്റില്‍ യുഎസ് സേനയുടെ പിന്മാറ്റത്തിന് പിന്നാലെ താലിബാന്‍ കാബൂള്‍ കീഴടക്കിയത്. എന്നാല്‍, അധികാരം ലഭിച്ച് മാസങ്ങള്‍ക്കുള്ളില്‍ താലിബാനിലെ തീവ്രവാദി വിഭാഗം അധികാരം കൈക്കലാക്കി. ഇതോടെ സുന്നി പഷ്ത്തൂണ്‍ തീവ്ര മതാഭിമുഖ്യമുള്ളവര്‍ക്ക് അധികാരത്തില്‍ മേല്‍ക്കൈ ലഭിച്ചു.പിന്നീടങ്ങോട്ട് സ്ത്രീകളുടെ സ്വാതന്ത്രത്തിലും വിദ്യാഭ്യാസത്തിലും വിലക്കിട്ട താലിബാന്‍ പലപ്പോഴും തങ്ങളുടെ സൈനികര്‍ക്കാര്‍ക്കായി വീടുകളില്‍ നിന്ന് സ്ത്രീകളെ തട്ടികൊണ്ട് പോകുന്നതടക്കമുള്ള സംഭവങ്ങള്‍ അന്താരാഷ്ട്രാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഓഗസ്റ്റില്‍ അധികാരത്തില്‍ തിരിച്ചെത്തുമ്ബോള്‍ സ്വയം മുന്നോട്ട് വച്ചവയൊന്നും പാലിക്കാന്‍ താലിബാന്‍ തയ്യാറായിട്ടില്ല. പ്രത്യേകിച്ചും സ്ത്രീകളുടെ സ്വാതന്ത്രക്കാര്യത്തില്‍. ഇതോടെ താലിബാനെ അഫ്ഗാന്‍റെ ഭരണകൂടമായി അംഗീകരിക്കുന്നതില്‍ നിന്നും പാശ്ചാത്യരാജ്യങ്ങള്‍ പിന്നോട്ട് പോയി.ശൈത്യകാലത്തെ പട്ടിണിയെക്കുറിച്ചുള്ള നിരന്തര റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിനെ തുടര്‍ന്ന് അഫ്ഗാനിലേക്ക് വിവിധ രാജ്യങ്ങള്‍ ഭക്ഷ്യ സഹായം അനുവദിച്ചു. ഇന്ത്യ അയച്ച ഗോതമ്ബ് കൊണ്ട് കുറെയൊക്കെ പട്ടിണി മാറ്റാന്‍ കഴിഞ്ഞു. എന്നാല്‍ പിന്നീട് അയയ്ക്കുന്നത് പാകിസ്ഥാന്‍ തട്ടിയെടുത്ത വാര്‍ത്തകളും പുറത്തു വന്നു.