തിരുവനന്തപുരം: ലുലു ഗ്രൂപ്പ് ഇന്‍റര്‍നാഷണലിന്‍റെ സാമൂഹ്യ പ്രതിബദ്ധതാ പ്രവര്‍ത്തനങ്ങള്‍ക്ക് ട്രിവാന്‍ഡ്രം മാനേജ്മെന്‍റ് അസോസിയേഷന്‍റെ (ടിഎംഎ) പഡോസന്‍ സിഎസ്ആര്‍ പുരസ്കാരം. സുസ്ഥിര മാതൃകയിലുള്ള പ്രകൃതി-ഊര്‍ജ്ജ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, ആരോഗ്യ സംരക്ഷണ- ദാരിദ്ര്യ നിവാരണ ദൗത്യങ്ങള്‍, രക്തദാനം, അവബോധം തുടങ്ങിയ അര്‍പ്പണബോധത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ലുലു ഗ്രൂപ്പ് പുരസ്കാരം നേടുന്നത്.ജൂണ്‍ 10 വെള്ളിയാഴ്ച ടിഎംഎ സംഘടിപ്പിക്കുന്ന ദ്വിദിന വാര്‍ഷിക മാനേജ്മെന്‍റ് കണ്‍വെന്‍ഷന്‍ ‘ട്രിമ 2022’ ല്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പുരസ്കാരം സമര്‍പ്പിക്കും. ‘വിഷന്‍ ട്രിവാന്‍ഡ്രം 2025’ എന്ന പ്രമേയത്തില്‍ ഹോട്ടല്‍ ഒ ബൈ താമരയില്‍ നടക്കുന്ന കണ്‍വെന്‍ഷന്‍റെ ഉദ്ഘാടന സമ്മേളനത്തില്‍ ടിഎംഎയുടെ മാനേജ്മെന്‍റ് ലീഡര്‍ഷിപ്പ് അവാര്‍ഡ് 2022 ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥിന് സമ്മാനിക്കും. ഇന്ത്യയുടെ ബഹിരാകാശ പദ്ധതിയിലെ മികച്ച സംഭാവനകള്‍ പരിഗണിച്ചുള്ള ഈ അവാര്‍ഡ് നേരത്തേ പ്രഖ്യാപിച്ചിരുന്നു.സ്റ്റാര്‍ട്ടപ്പ് ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുന്നതിനുള്ള മികച്ച സംഭാവനകള്‍ക്ക് എല്‍വിക്ടോ ടെക്നോളജീസിന് ടിഎംഎ-അദാനി സ്റ്റാര്‍ട്ടപ്പ് അവാര്‍ഡ് നല്‍കും. തിരുവനന്തപുരം മിഷന്‍ 2030 നെക്കുറിച്ചുള്ള മികച്ച പേപ്പര്‍ അവതരണത്തിനുള്ള ടിഎംഎ-കിംസ് അവാര്‍ഡിന് അര്‍ഹനായ സിഇടി സ്കൂള്‍ ഓഫ് മാനേജ്മെന്‍റിലെ അതിരജ് ജെആര്‍ നായര്‍, രണ്ടാം സ്ഥാനക്കാരായ ഡിസി സ്കൂള്‍ ഓഫ് മാനേജ്മെന്‍റിലെ ആകാശ് എസ്, അജീഷ് വി.എസ്, സിഇടി സ്കൂള്‍ ഓഫ് മാനേജ്മെന്‍റിലെ ഉത്തര നായര്‍, രാഹുല്‍ എ. എന്നിവര്‍ക്കും പുരസ്കാരങ്ങള്‍ നല്‍കും.ആരോഗ്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, അവബോധം, രക്തദാന ക്യാമ്പ്, സ്റ്റെം സെല്‍ ക്യാമ്പ് തുടങ്ങിയ സാമൂഹിക പ്രസക്തിയുള്ള പ്രചാരണങ്ങള്‍ മുന്‍നിര്‍ത്തിയുള്ള ദൗത്യമായ ‘ലുലു സ്മൈല്‍സ്’, കാര്‍ബണ്‍ ന്യൂട്രല്‍ അധിഷ്ഠിത പ്രചാരണ പ്രവര്‍ത്തനങ്ങള്‍, സുസ്ഥിര വിവിധോദ്ദേശ പദ്ധതികള്‍ എന്നിവയ്ക്കും ലുലു ചുക്കാന്‍പിടിക്കുന്നുണ്ട്. ഇവയുടെ അടിസ്ഥാനത്തിലാണ് വിദഗ്ധ സമിതി പുരസ്കാരത്തിനായി ലുലു ഇന്‍റര്‍നാഷണല്‍ ഗ്രൂപ്പിനെ തിരഞ്ഞെടുത്തത്.മാനേജ്മെന്‍റ് മേഖലയിലെ പ്രഗല്‍ഭര്‍, വ്യാവസായിക നേതാക്കള്‍, നയകര്‍ത്താക്കള്‍, വിവിധ മേഖലകളിലെ വിദഗ്ധര്‍ തുടങ്ങിയവര്‍ ഒത്തുചേരുന്ന ട്രിമ 2022 നാല് ടെക്നിക്കല്‍ സെഷനുകള്‍ക്ക് വേദിയാകും. പ്രമേയാധിഷ്ഠിത സെഷനുകള്‍ക്ക് നേതൃത്വം നല്‍കുന്ന പ്രമുഖ വ്യക്തികള്‍ തങ്ങളുടെ അനുഭവങ്ങളും കേരളത്തില്‍ അവലംബിക്കാവുന്ന മികച്ച മാതൃകകളും പങ്കുവയ്ക്കും. അവതരണങ്ങള്‍, പാനല്‍ ചര്‍ച്ചകള്‍, പുരസ്കാര വിതരണം എന്നിവയും നടക്കും. പ്രൊഫഷണലുകള്‍, ബിസിനസുകാര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെ ഇരുന്നൂറിലധികം പ്രതിനിധികള്‍ ദ്വിദിന കണ്‍വെന്‍ഷനില്‍ പങ്കെടുക്കും.