തിരുവനന്തപുരം: പ്രായോഗിക അറിവുകളും മാര്‍ഗനിര്‍ദേശങ്ങളും ലഭ്യമാക്കി വിദ്യാര്‍ത്ഥികളില്‍ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നത് തൊഴിലില്ലായ്മ പരിഹരിക്കാന്‍ സഹായകമാകുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു. തൊഴില്‍ അന്വേഷിച്ച് നിരാശരാകാതെ സംരംഭകത്വത്തിലൂടെ തൊഴില്‍ അന്വേഷകരില്‍ നിന്നും തൊഴില്‍ ദാതാക്കളായി മാറാനാകുമെന്നും മന്ത്രി വ്യക്തമാക്കി.ക്യാംപസുകളിലെ നൂതനാശയമുള്ള വിദ്യാര്‍ത്ഥികളെ കണ്ടെത്തുന്നതിന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ( കെഎസ് യുഎം) സംഘടിപ്പിച്ച ഐഡിയ ഫെസ്റ്റ് 2021 ലെ ജേതാക്കളെ ആദരിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കെഎസ് യുഎമ്മിന്‍റെ ഇന്നൊവേഷന്‍ ആന്‍ഡ് എന്‍റര്‍പ്രൊണര്‍ഷിപ്പ് ഡെവലപ്മെന്‍റ് സെന്‍റര്‍ (ഐഇഡിസി) പദ്ധതിയുടെ ഭാഗമായാണ് ഐഡിയ ഫെസ്റ്റ് നടത്തിയത്.പഠനം നാലു ചുവരുകള്‍ക്കുള്ളില്‍ ഒതുക്കാതെ പ്രായോഗിക അറിവുകള്‍ ആര്‍ജ്ജിച്ചെടുക്കാന്‍ വിദ്യാര്‍ത്ഥിസമൂഹം മുന്നോട്ടുവരേണ്ടതുണ്ട്. പുത്തനാശയങ്ങള്‍ വികസിപ്പിച്ച് സംരംഭകത്വത്തിലൂടെ വൈജ്ഞാനിക സമ്പദ്വ്യവസ്ഥയ്ക്ക് കരുത്തേകാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഴിയും. സാമൂഹിക വളര്‍ച്ചയ്ക്ക് ഉതകുന്ന ആശയങ്ങള്‍ക്ക് കൂടുതല്‍ മൂല്യമുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് ഇതിലേക്കായി എല്ലാ പിന്തുണയും ലഭ്യമാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. സംസ്ഥാനത്ത് വിദ്യാഭ്യാസം നേടി വൈദഗ്ധ്യം വിദേശനാടുകള്‍ക്ക് ലഭ്യമാക്കുന്ന പ്രവണതയ്ക്കുപകരം നമ്മുടെ നാടിനായി പ്രയോജനപ്പെടുത്തുന്ന സ്ഥിതി സംജാതമാകണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.നാടിന്‍റെ വളര്‍ച്ചയ്ക്ക് നൈപുണ്യത്തിന്‍റെ അഭാവം നികത്തേണ്ടത് അനിവാര്യമാണ്. നൂതന വൈജ്ഞാനിക ശാഖകളില്‍ അറിവുനേടുന്നതിനും തൊഴില്‍ മേഖലയുടെ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് നൈപുണ്യവും ഭാഷാമികവും ലഭ്യമാക്കുന്നതിനുമായി സര്‍ക്കാര്‍ തലത്തില്‍ തന്നെ വിവിധ പദ്ധതികള്‍ നടത്തിവരുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അത്യാധുനിക സാങ്കേതികവിദ്യയിലൂന്നിയ നൂതനത്വ- സംരംഭകത്വ സംസ്കാരം പരിപോഷിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്ന ഐഇഡിസികളിലൂടെ അക്കാദമിക് സമൂഹവും അനുബന്ധ മേഖലയുമായുള്ള വിടവ് നികത്തുന്നതിനാണ് കെഎസ് യുഎം പ്രാധാന്യം നല്‍കുന്നതെന്ന് അദ്ധ്യക്ഷ പ്രസംഗത്തില്‍ കെഎസ് യുഎം സിഇഒ ജോണ്‍ എം തോമസ് പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് ഐഇഡിസി സെല്ലുകളിലൂടെ ലഭ്യമാക്കുന്ന പ്രവൃത്തിപരിചയം വിലമതിക്കാനാകാത്തതാണ്. ഇതിലൂടെ വാര്‍ത്തെടുക്കപ്പെടുന്ന സംരംഭകര്‍ സംസ്ഥാനത്തിന്‍റെ ഭാവി സ്റ്റാര്‍ട്ടപ്പ് അന്തരീക്ഷത്തിന് മുതല്‍ക്കൂട്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.കെഎസ് യുഎം ടെക്നിക്കല്‍ ഓഫീസര്‍ വിശാല്‍ ബി കദം സ്റ്റുഡന്‍റ് ഇന്‍കുബേഷന്‍ പ്രോഗ്രാമിനെക്കുറിച്ച് വിശദമാക്കി.681 ആശയങ്ങള്‍ ലഭിച്ചതില്‍ നിന്നും വിദഗ്ധ സമിതി തെരഞ്ഞെടുത്ത 68 ആശയങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതം ഗ്രാന്‍റ് നല്‍കി. ഇതിനു പുറമേ സാങ്കേതികസഹായവും മാര്‍ഗനിര്‍ദേശവും ലഭ്യമാക്കുന്നുണ്ട്. ഇന്നൊവേറ്റേഴ്സ് പ്രിമിയര്‍ ലീഗ്, ഐഡിയ ഡേ എന്നിവക്കുള്ള അപേക്ഷകളായിരുന്നു ഗ്രാന്‍റിനായി പരിഗണിച്ചത്. ഏപ്രില്‍ 1, 2019 മുതല്‍ മാര്‍ച്ച് 31, 2021 വരെയുള്ള പ്രവര്‍ത്തന മികവിനെ അടിസ്ഥാനമാക്കി എട്ട് കോളേജുകളിലെ ഐഇഡിസി സെല്ലുകള്‍ക്ക് ഗ്രാന്‍റു നല്‍കി.സംസ്ഥാനത്താകമാനമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കിടയിലും അക്കാദമിക സമൂഹത്തിലും നൂതനത്വവും സംരംഭകത്വവും പ്രോത്സാഹിപ്പിക്കുന്നതിനാണ് ഐഇഡിസിയിലൂടെ കെഎസ് യുഎം ഊന്നല്‍ നല്‍കുന്നത്. സംരംഭകത്വ സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനും സാങ്കേതിക സംരംഭകരെ വാര്‍ത്തെടുക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപനങ്ങളെ സജ്ജമാക്കുന്നതിനുമായി ഐഇഡിസി എന്നറിയപ്പെടുന്ന 341 മിനി ഇന്‍കുബേറ്ററുകളുടെ ശൃംഖല കെഎസ് യുഎമ്മിനു കീഴില്‍ ക്യാംപസുകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.ടാറ്റാ എല്‍ക്സി വൈസ് പ്രസിഡന്‍റും ബ്രോഡ്കാസ്റ്റ് ബിസിനസ് യൂണിറ്റ് മേധാവിയുമായ കെ പി ശ്രീകുമാര്‍, മുംബൈ കെപിഎംജി ഡിജിറ്റല്‍ പ്രാക്ടീസ് പാര്‍ട്ണര്‍ വിഷ്ണു പിള്ളൈ, സ്ട്രാറ്റെജിക് അലൈയന്‍സസ് ഡയറക്ടറും ഗവണ്‍മെന്‍റ് ഓഫ് ഇന്ത്യ പ്രിന്‍സിപ്പല്‍ സയന്‍റിഫിക് അഡ്വൈസറുമായ ഡോ. സപ്ന പോറ്റി, ജിഡിഎസ് ഇവൈ സെന്‍റര്‍ ഓഫ് എക്സലന്‍സ് ഗ്രൂപ്പ് ലീഡര്‍ ബിനോയ് വിന്‍സെന്‍റ്, കെഎസ് യുഎം പ്രോജക്ട് ഡയറക്ടര്‍ റിയാസ് പിഎം, ഐഇഡിസി അസിസ്റ്റന്‍റ് മാനേജര്‍ ബെര്‍ജിന്‍ എസ് റസ്സല്‍ എന്നിവര്‍ സംസാരിച്ചു